കോഴിക്കോട്: ഈ മാസം 20 ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പരമാവധി ആളുകളെ ക്ഷണിക്കാൻ മലബാർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് മലബാർ ദേവസ്വം കമ്മീഷണർ ഒരു സര്‍ക്കുലറും പുറത്തിറക്കി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പരമാവധി അംഗങ്ങൾ, ഉദ്യോഗസ്ഥർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ക്ഷേത്ര ജീവനക്കാർ എന്നിവരെ ക്ഷണിക്കണമെന്നാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ചാണ് നടപടി സ്വീകരിച്ചതെന്നും സർക്കുലറിൽ പറയുന്നു.
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ യാത്രാ, ഭക്ഷണ ചെലവുകൾ ദേവസ്വം ബോർഡ് വഹിക്കും. ക്ഷേത്ര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ക്ഷേത്ര ജീവനക്കാർ എന്നിവരുടെ ചെലവുകൾ ക്ഷേത്ര ഫണ്ടിൽ നിന്ന് വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതത് ക്ഷേത്രങ്ങളിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കാൻ സ്വമേധയാ പട്ടിക സമർപ്പിച്ച ക്ഷേത്ര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ജീവനക്കാർ എന്നിവരുടെ ചെലവുകൾ വഹിക്കാൻ ക്ഷേത്ര ഭരണാധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
