കേരള ടൂറിസത്തിന്റെ ആദ്യ ‘യാനം’ സാഹിത്യോത്സവം ഒക്ടോബര്‍ 17, 18, 19 തിയ്യതികളില്‍ വർക്കലയിൽ നടക്കും

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം നടത്തുന്ന വിവിധ പ്രമോഷണ പ്രവർത്തനങ്ങളുടെ ഭാഗമായി, ടൂറിസം മേഖലയെ കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗ കലാ കേന്ദ്രത്തിൽ നടക്കും.

യാത്രാ മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവന്നുകൊണ്ട് കേരളം ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള യാത്രാ സാഹിത്യ മേഖലയിൽ കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുക എന്നതാണ് സാഹിത്യോത്സവത്തിന്റെ ലക്ഷ്യം. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പരിപാടിയാണ് ‘യാനം’.

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, മൈസ് ടൂറിസം കോൺക്ലേവ്, റെസ്പോൺസിബിൾ ടൂറിസം കോൺക്ലേവ് തുടങ്ങിയ വിവിധ സമ്മേളനങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാതൃകയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന അടുത്ത പരിപാടി സാഹിത്യോത്സവമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുന്നതെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.

യാത്രയെ സ്നേഹിക്കുന്നവർക്കുള്ള ഒരു സംഗമസ്ഥലമായിട്ടാണ് ‘യാനം’ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത രീതികളിൽ യാത്രയെ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ ഒത്തുചേരലായിരിക്കും ഈ പരിപാടി. എഴുത്തുകാർ, കലാകാരന്മാർ, ഫോട്ടോഗ്രാഫർമാർ, സാഹസികർ, ട്രാവൽ ഡോക്യുമെന്ററി സംവിധായകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർ യാനത്തിന്റെ ഭാഗമാകും.

ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാമി അവാർഡ് ജേതാവ് പ്രകാശ് സോൺതെക്ക, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, വർത്തമാനകാല ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി പ്രൊഫ. നതാലി ഹാൻഡൽ എന്നിവരുൾപ്പെടുന്ന ചർച്ച യാനത്തെ ശ്രദ്ധേയമാക്കും.

കൂടാതെ ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, ഫോട്ടോഗ്രാഫർ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവരും ഈ വേദിയിൽ എത്തും. പ്രസിദ്ധ യാത്രാ ഡോക്യുമെന്ററി നിർമ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരൻ ആനന്ദ്, പ്രമുഖ യാത്രാ വ്ളോഗർ കൃതിക ഗോയൽ എന്നിവരും പങ്കെടുക്കും.

ചർച്ചകൾക്ക് പുറമേ വർക്കലയുടെ ആകർഷണങ്ങൾ പരിചയപ്പെടുത്തുന്ന പ്രത്യേക സഞ്ചാരപാത സംഘടിപ്പിക്കും. കേരളത്തിന്റെ, പ്രത്യേകിച്ചും വർക്കലയുടെ ടൂറിസം സാധ്യതകൾ കൂടി ലോകത്തിന് പരിചയെപ്പടുത്തുവാൻ യാനത്തിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ ഉള്ളവർ വർക്കലയെയും സമീപ പ്രദേശങ്ങളെയും ലോകത്തിന് പരിചയപ്പെടുത്തുകയും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിന് കൂടി ആലാചിക്കുന്നുണ്ട്. എഴുത്ത്, ഫോട്ടോഗ്രഫി, ആയുർസൗഖ്യം (വെൽനസ്) തുടങ്ങിയ വിഷയങ്ങളിൽ വിജ്ഞാനപ്രദമായ പരിശീലന കളരികളും സംഘടിപ്പിക്കും.

നോവലിസ്റ്റും ക്യൂറേറ്ററുമായ സബിൻ ഇഖ്ബാൽ, എഴുത്തുകാരി നിർമ്മല ഗോവിന്ദരാജൻ എന്നിവരടങ്ങിയ സംഘമാണ് യാനം ഫെസ്റ്റിവലിന്റെ ക്യൂറേറ്റർമാര്‍. മന്ത്രിയോടൊപ്പം വാർത്താസമ്മേളനത്തിൽ വി ജോയ് എംഎൽഎ, കേരള ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News