സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭക്ഷണത്തിന് തോന്നിയപടി വില ഈടാക്കുകയും, പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മാനേജ്‍മെന്റുകളുടെ നടപടി, കർശനമായി നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
ഭാരിച്ച ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകളിൽ ഭക്ഷണത്തിന് സാധാരണ വിലയേക്കാൾ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.
അതുപോലെ തിയേറ്ററുകൾക്ക്, വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കുകയും, അതനുസ്സരിച്ച് ഭാരിച്ച ടിക്കറ്റ് വില കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഇക്കാര്യത്തിൽ തദ്ദേശ ഭരണ വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.
തിയേറ്ററുകൾ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് ഈടാക്കുന്നതും നിയമവിരുദ്ധമാണ്. പ്രേക്ഷകർക്ക് സൗജന്യമായി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കാൻ തിയേറ്ററുകൾ ബാധ്യസ്ഥരാണ്. പാർക്കിംഗിന് ഫീസ് ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കേസ്സെടുക്കുകയും ലൈസൻസ് ക്യാൻസൽ ചെയ്യുകയും വേണം.
തങ്ങളെ നിലനിർത്തുന്ന സാധാരണ പ്രേക്ഷകരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നയം, തിയേറ്റർ ഉടമകൾ അവസാനിപ്പിക്കണം. പ്രേക്ഷകർ ഉണ്ടെങ്കിലേ സിനിമയും തിയേറ്ററുകളും നിലനിൽക്കൂ എന്ന യാഥാർഥ്യം സിനിമാ സംഘടനകൾ ഉൾക്കൊള്ളണം. ചലച്ചിത്രങ്ങൾ കാണാൻ തിയേറ്ററുകൾ അല്ലാതെതന്നെ നിരവധി മാർഗ്ഗങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട് എന്ന ബോധ്യവും, സിനിമാ സംഘടനകൾക്ക് ഉണ്ടാകണം: ആനന്ദകുമാർ ഓർമിപ്പിച്ചു.
