‘മുഖ്യമന്ത്രി എന്നോടൊപ്പം’ പരിപാടിക്ക് വന്‍ ജനപിന്തുണ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരംഭിച്ച ‘CM WITH ME’ സിറ്റിസൺ കണക്റ്റ് സെന്റർ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ആരംഭിച്ചതിനുശേഷം, സെപ്തംബര്‍ 30 വൈകുന്നേരം 6.30 വരെ 4369 കോളുകൾ ലഭിച്ചു. സെപ്റ്റംബർ 30 ന് പുലർച്ചെ 12 മുതൽ വൈകുന്നേരം 6.30 വരെ മാത്രം 3007 കോളുകൾ ലഭിച്ചു. ഇതിൽ 2940 കോളുകളും പൊതുജനങ്ങൾ നേരിട്ട് നടത്തിയതാണ്.

തദ്ദേശ സ്വയംഭരണ വകുപ്പുമായും റവന്യൂ വകുപ്പുമായും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചായിരുന്നു മിക്ക കോളുകളും. ലൈഫ് പദ്ധതി, കെട്ടിട അനുമതികൾ, നികുതികൾ, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പലരും ബന്ധപ്പെട്ടു. കൂടാതെ, മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ, വിദ്യാരംഭം കുറിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുമോ തുടങ്ങിയ സംശയങ്ങളും ഫോണ്‍ വിളിച്ചവര്‍ക്ക് ഉണ്ടായിരുന്നു.

പരാതികൾക്ക് അതിവേഗം പരിഹാരം കാണാനുള്ള സർക്കാർ സംവിധാനമാണ് ‘CM WITH ME’ എന്നും, അടിയന്തര വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെടുന്നുണ്ടെന്നും കോൾ സെന്റർ ജീവനക്കാർ ജനങ്ങളെ അറിയിച്ചു. മലയാളത്തിലാണ് കൂടുതൽ കോളുകൾ ലഭിച്ചതെങ്കിലും ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അന്വേഷണങ്ങൾ എത്തി.

ജനകീയ വിഷയങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയസംരംഭം, അതിന്റെ ആദ്യ ദിനം തന്നെ വലിയ വിജയമാണ് നേടിയത്.  എല്ലാ അന്വേഷണങ്ങൾക്കും മറുപടി നൽകാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News