അമേരിക്കയില്‍ ഇന്ത്യക്കാർക്കെതിരായ അക്രമം വർദ്ധിക്കുന്നു; പിറ്റ്സ്ബർഗിൽ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ വെടിയേറ്റ് മരിച്ചു

പിറ്റ്സ്ബർഗിൽ 51 കാരനായ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ രാകേഷ് എഹാഗ്ബാൻ വെടിയേറ്റ് മരിച്ചു. അക്രമി സ്റ്റാൻലി വെസ്റ്റ് ആദ്യം ഒരു സ്ത്രീയെ ആക്രമിക്കുകയും പിന്നീട് തർക്കത്തിൽ ഇടപെട്ട എഹാഗ്ബനെ കൊലപ്പെടുത്തുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത് ഇന്ത്യൻ സമൂഹത്തിൽ ആശങ്ക ഉയർത്തി.

പെന്‍സില്‍‌വാനിയ: പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, റോബിൻസൺ ടൗൺഷിപ്പിലെ “പിറ്റ്സ്ബർഗ് മോട്ടൽ” മാനേജരായിരുന്ന 51 കാരനായ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമയെ വെടിവച്ചു കൊന്നു.

മോട്ടലിൽ താമസിച്ചിരുന്ന സ്റ്റാൻലി യൂജിൻ വെസ്റ്റ് (37) ആണ് രാകേഷ് എഹാഗ്ബാനെ കൊലപ്പെടുത്തിയതെന്ന് ലോക്കൽ പോലീസ് പറഞ്ഞു. മോട്ടൽ പരിസരത്ത് വെടിയൊച്ച കേട്ട് എഹാഗ്ബാൻ പുറത്തേക്ക് ഓടിവന്ന് സ്റ്റാന്‍ലിയോട് “സുഹൃത്തേ, സുഖമാണോ?” എന്ന് ചോദിച്ചപ്പോഴാണ് സംഭവം. അക്രമി അടുത്തെത്തി വെടിയുതിർത്തു, രാകേഷിന്റെ തലയിലേക്ക് നേരിട്ട് നിറയൊഴിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഴുവൻ സംഭവവും മോട്ടലിന്റെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

പോലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയായി അക്രമി ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം മോട്ടലിൽ താമസിക്കുന്നു. മോട്ടൽ പാർക്കിംഗ് സ്ഥലത്ത് വെച്ച് വെസ്റ്റ് തന്റെ സ്ത്രീ കൂട്ടുകാരിയെ വെടിവച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ആ സമയത്ത് സ്ത്രീ തന്റെ കാറിൽ ഇരിക്കുകയായിരുന്നു, സമീപത്ത് കുട്ടിയുണ്ടായിരുന്നു. വെടിയുണ്ട സ്ത്രീയുടെ കഴുത്തിൽ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റു. അടുത്തുള്ള ഒരു സർവീസ് സെന്ററിൽ എത്താൻ അവർക്ക് കഴിഞ്ഞു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കില്ലായിരുന്നു.

വെടിയൊച്ച കേട്ട് രാകേഷ് പുറത്തേക്ക് വന്നപ്പോൾ തോക്കുധാരി അദ്ദേഹത്തെ നേരിട്ടു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമി രാകേഷിനെ വെടിവെച്ചതെന്ന് പറയുന്നു. വെടിയേറ്റ ഉടന്‍ തന്നെ രാകേഷ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സംഭവത്തിനുശേഷം, അക്രമി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു യു-ഹോൾ വാനില്‍ രക്ഷപ്പെട്ടു.

സ്റ്റാൻലി യൂജിൻ വെസ്റ്റിനെതിരെ ക്രിമിനൽ നരഹത്യ, കൊലപാതകശ്രമം, മറ്റുള്ളവരെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വെടിവയ്പ്പിനുള്ള ഇയാളുടെ ഉദ്ദേശ്യവും അധികൃതർ അന്വേഷിക്കുന്നുണ്ട്. ഇയാളുടെ പ്രവൃത്തികൾ മനഃപൂർവവും പ്രകോപനരഹിതവുമായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തെത്തുടർന്ന്, വെസ്റ്റിനെ പിന്തുടർന്ന പോലീസ് പിറ്റ്സ്ബർഗിലെ ഈസ്റ്റ് ഹിൽസ് പ്രദേശത്ത് അയാളെ കണ്ടെത്തി. വസ്റ്റ് പോലീസിനു നേരെയും വെടിയുതിർത്തു. വെടിവയ്പ്പിൽ പിറ്റ്സ്ബർഗ് പോലീസിലെ ഒരു ഡിറ്റക്ടീവിന് പരിക്കേറ്റു, ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് തിരിച്ചു വെടിയുതിർത്തതിനെത്തുടര്‍ന്ന് വെസ്റ്റിന് പരിക്കേല്‍ക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ സംഭവം ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡാളസിൽ ഒരു ഇന്ത്യൻ-അമേരിക്കൻ മോട്ടൽ ഉടമയുടെ കൊലപാതകം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം. കൂടാതെ ഒക്ടോബര്‍ 4-ന് തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ പോൾ ചന്ദ്രശേഖര്‍ എന്ന യുവാവ് ഡാളസിൽ വെടിയേറ്റു മരിച്ചിരുന്നു. ചന്ദ്രശേഖർ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഇത്തരം സംഭവങ്ങളുടെ തുടർച്ചയായ പരമ്പര ഇന്ത്യൻ പ്രവാസികൾക്കുള്ളിലെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

Leave a Comment

More News