ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ബാർത്തിൻ പ്രദേശത്തെ ഭല്ലു പാലത്തിന് സമീപം ഒരു സ്വകാര്യ ബസ്സിനു മേല്‍ മണ്ണിടിഞ്ഞു വീണ് 15 പേർ ദാരുണമായി മരിച്ചു. ബസ് ഭല്ലു പാലത്തിന് സമീപം എത്തിയപ്പോഴാണ് പെട്ടെന്ന് ഒരു കുന്നിൻ മുകളില്‍ നിന്ന് മണ്ണിടിഞ്ഞു വീണത്.
“ബിലാസ്പൂരിലെ ഭല്ലുവിൽ ഉണ്ടായ ബസ് അപകടത്തിൽ ഇതുവരെ പതിനഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു, ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു” ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി എക്സില്‍ കുറിച്ചു.
അപകടസമയത്ത് ബസിൽ 30-35 വരെ യാത്രക്കാരുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പ്രദേശവാസികളുടെയും പോലീസിന്റെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചു. അപകടത്തിൽ പതിനഞ്ച് പേർ മരിച്ചു, ബാക്കിയുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി വരികയാണ്. ചില യാത്രക്കാർക്ക് പരിക്കേറ്റു, അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ബസ് അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
