‘മുക്കാൽ ചക്രത്തിന്റെ ചുവന്ന മഷിക്കുപ്പിയുമായി രാഷ്ട്രീയ നാടകം കളിക്കാൻ തെരുവിലിറങ്ങരുത്’; പേരാമ്പ്രയില്‍ യു ഡി എഫ് നടത്തിയ അതിക്രമത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്ടെ പേരാമ്പ്രയിൽ അക്രമം അഴിച്ചുവിട്ടതിന് ശേഷം, ഇന്നലെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. പേരാമ്പ്രയിൽ നടന്ന കോൺഗ്രസ് അക്രമത്തിന് നേതൃത്വം നൽകിയത് എംപി ഷാഫി പറമ്പിൽ ആണ്. എംപി എന്ന നിലയിൽ ഷാഫി പാലിക്കേണ്ട മര്യാദകൾ ലംഘിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, കോൺഗ്രസ് രാഷ്ട്രീയത്തെ പൊളിച്ചെഴുതുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഒറിജിനൽ പോലെ തോന്നിക്കുന്ന രക്തം എങ്ങനെ ഉണ്ടാക്കാം എന്നതാണ് പോസ്റ്റിന്റെ സാരാംശം. ഒറിജിനൽ രക്തം പോലെ തോന്നിപ്പിക്കാൻ പല സിനിമകളിലും ഉപയോഗിക്കുന്ന ഗിമ്മിക്കുകൾ പോസ്റ്റ് തുറന്നുകാട്ടുന്നു. “ഇനിയെങ്കിലും മുക്കാൽ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയും കൊണ്ട് രാഷ്ട്രീയ നാടകം കളിക്കാൻ തെരുവിൽ ഇറങ്ങരുത്. ഇത് എത്രാമത്തെ തവണയാണ് നിങ്ങളുടെ ചുവന്ന മഷി കളി ജനം തിരിച്ചറിയുന്നത് എന്നുകൂടി ഓർക്കണം….” എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എങ്ങനെയാണ് ഒറിജിനൽ പോലെ തോന്നിക്കുന്ന ബ്ലഡ് ഉണ്ടാക്കുന്നതെന്ന് മായാമോഹിനി സിനിമയിൽ പ്രശസ്ത മേക്കപ്പാർട്ടിസ്റ്റായി വരുന്ന പപ്പൻ പറപ്പൂക്കര ( കൊച്ചു പ്രേമൻ ചേട്ടൻ ) വിശദമായി തന്നെ കാണിച്ചു തരുന്നുണ്ട്…. മഞ്ഞളും ചുണ്ണാമ്പും തേനും കൂടി മിക്സ് ചെയ്തുള്ള ഒരു കോമ്പിനേഷനാണ് കൊച്ചു പ്രേമൻ ചേട്ടൻ അതിനകത്ത് കാണിക്കുന്നത്. ഇനി വേണമെങ്കിൽ ഞാൻ മനസ്സിലാക്കിയ അറിവും കൂടി പങ്കുവയ്ക്കാം….

സിനിമകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൃത്രിമ രക്തത്തിന്റെ അടിസ്ഥാന ചേരുവകളാണ് ചോളപ്പൊടി സിറപ്പും ഫുഡ് കളറിംഗും. ചോളപ്പൊടി സിറപ്പ് രക്തത്തിന് യഥാർത്ഥ കട്ടിയും ഒലിച്ചിറങ്ങുന്ന സ്വാഭാവികതയും നൽകുന്നു. ഇതിലേക്ക് ധാരാളം ചുവപ്പ് ഫുഡ് കളർ ചേർക്കുന്നു. എന്നാൽ വെളിച്ചത്തിൽ അധികം ചുവന്നുപോകാതിരിക്കാനും ഇരുണ്ടതും കൂടുതൽ യഥാർത്ഥവുമായ നിറം ലഭിക്കാനും ഒരു തുള്ളി നീലയോ പച്ചയോ അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പോ കൂടി ചേർക്കാറുണ്ട്. ഈ രീതിയിൽ ഉണ്ടാക്കുന്ന രക്തം സാധാരണയായി വിഷാംശമില്ലാത്തതും , ചിലപ്പോൾ കഴിക്കാൻ പറ്റുന്നതും ആയതിനാൽ നടീനടന്മാർക്ക് വായിലോ ദേഹത്തോ ഉപയോഗിക്കുന്നതിൽ സുരക്ഷിതമാണ്.

കൃത്രിമ രക്തം വെറും വെള്ളം പോലെ ഒഴുകിപ്പോകാതെ കുറേനേരം ക്യാമറയ്ക്ക് മുൻപിലൊക്കെ പിടിച്ചു നിൽക്കാനും ബിജിഎം ഇട്ട് റീൽസ് ഒക്കെ എടുക്കാനും പറ്റണമെങ്കിൽ , യഥാർത്ഥ രക്തത്തിന്റെ കട്ടിയോടുകൂടി സാവധാനം ഒലിച്ചിറങ്ങാൻ സഹായിക്കുന്ന ചില ചേരുവകൾ ഉപയോഗിക്കേണ്ടി വരും. പ്രധാനമായും, ചോളപ്പൊടി അല്ലെങ്കിൽ മൈദ എന്നിവയാണ് ഈ മിശ്രിതത്തിന് കട്ടി കൂട്ടാനായി ഉപയോഗിക്കുന്നത്. ഇതിലൂടെ, രക്തം മുറിവുകളിൽ നിന്ന് സാവധാനം ഊർന്നിറങ്ങുന്ന രീതിയും, വസ്ത്രങ്ങളിലോ മറ്റ് പ്രതലങ്ങളിലോ തങ്ങിനിൽക്കുന്ന സ്വഭാവവും ലഭിക്കുന്നു. കൂടാതെ, കൂടുതൽ കട്ടികൂടിയതും, രക്തക്കട്ടകൾ ഉള്ളതുമായ മുറിവുകൾ കാണിക്കാൻ ചില കലാകാരന്മാർ ഓട്‌സ് പോലെയുള്ള വസ്തുക്കളും ഇതിൽ ചേർക്കാറുണ്ട്.

രാഷ്ട്രീയ നാടകക്കാരൊക്കെ കൂടുതലായി ഖദർ ഒക്കെ ഉപയോഗിച്ച് അഭിനയിക്കുമ്പോൾ വളരെയധികം വസ്ത്രങ്ങളിലും പ്രതലങ്ങളിലും രക്തം ഉപയോഗിക്കേണ്ടിവരുമ്പോൾ, അത് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫോർമുലകളാണ് തിരഞ്ഞെടുക്കാറ്. ഇത്തരം സന്ദർഭങ്ങളിൽ, ചോളപ്പൊടി സിറപ്പിന് പകരം ചില പ്രത്യേക വാഷിംഗ് ലിക്വിഡുകളോ മറ്റ് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന ചേരുവകളോ ചുവപ്പ് ഫുഡ് കളറിംഗിനൊപ്പം ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ സിറപ്പ് ചേർത്ത മിശ്രിതത്തിൽ തന്നെ അൽപം ഡിഷ് സോപ്പ് ചേർക്കുന്നത് വസ്ത്രങ്ങളിൽ കറയാകുന്നത് കുറയ്ക്കാൻ സഹായിക്കും. സെറ്റുകളിലും വേഷവിധാനങ്ങളിലും കറ പിടിക്കുന്നത് ഒഴിവാക്കാൻ ഈ രീതി വളരെ ഉപകാരപ്രദമാണ്.

ഇനിയെങ്കിലും മുക്കാൽ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയും കൊണ്ട് രാഷ്ട്രീയ നാടകം കളിക്കാൻ തെരുവിൽ ഇറങ്ങരുത്. ഇത് എത്രാമത്തെ തവണയാണ് നിങ്ങളുടെ ചുവന്ന മഷി കളി ജനം തിരിച്ചറിയുന്നത് എന്നുകൂടി ഓർക്കണം….

ദിപിൻ ജയദീപ്

Leave a Comment

More News