സൗത്ത് കരോലിനയില്‍ ബാറില്‍ നടന്ന വെടിവെയ്പ്പില്‍ നാല് പേർ മരിച്ചു; 20 പേർക്ക് പരിക്കേറ്റു

സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ വീണ്ടും മാരകമായ വെടിവയ്പ്പ്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്.

സെന്റ് ഹെലീന ദ്വീപിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഒക്ടോബർ 12 ന് വൈകുന്നേരം സെന്റ് ഹെലീന ദ്വീപിലെ ഒരു ബാറിൽ വെടിവയ്പ്പ് നടന്നതായി പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു എന്നും, നിരവധി പേർക്ക് വെടിയേറ്റു എന്നും പോലീസ് പറഞ്ഞു.

വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങള്‍ നാലുപാടും ചിതറിയോടി. ചിലര്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറിയതായി റിപ്പോർട്ടുണ്ട്. ബ്യൂഫോർട്ട് കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് നിരവധി ഇരകളെ ആശുപത്രികളിലേക്ക് കൊണ്ടുപോയി, ചിലരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വെടിവയ്പ്പിന്റെ സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്, നാല് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. ഇരകളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബ്യൂഫോർട്ട് കൗണ്ടി കൊറോണർ ഓഫീസ് അവരുടെ കുടുംബങ്ങളെ അറിയിച്ചതിനുശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംശയിക്കപ്പെടുന്നവരെ അന്വേഷിച്ചു വരികയാണെന്നും പരിക്കേറ്റവരെ സഹായിക്കാൻ സ്ഥലത്തുണ്ടായിരുന്ന വിവിധ നിയമ നിർവ്വഹണ ഏജൻസികൾ, ഏരിയ ഫയർ ഡിപ്പാർട്ട്‌മെന്റുകൾ, ബ്യൂഫോർട്ട് കൗണ്ടി ഇഎംഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തിന് നന്ദി പറയുന്നതായും ഷെരീഫ് ഓഫീസ് കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.. സംശയാസ്പദമായതോ കുറ്റകൃത്യമോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ഷെരീഫ് ഓഫീസ് അഭ്യര്‍ത്ഥിച്ചു.

Leave a Comment

More News