CADCO ആർട്ടിസാൻസ് സംഗമം-2025 മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വ്യവസായ, വാണിജ്യ, നിയമ, കയർ മന്ത്രി പി രാജീവ് കാഡ്കോ ആർട്ടിസാൻസ് സംഗമം-2025 ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭകരമാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സാഹചര്യം ഇപ്പോൾ നിലവിലുണ്ട്. ഇരുപത്തിനാല് സ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിലാണ്. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങിയ സ്ഥാപനങ്ങൾ ലാഭനഷ്ടങ്ങൾ മാത്രം ലക്ഷ്യം വച്ചുള്ള സ്ഥാപനങ്ങളല്ല, സേവനമാണ് അവിടെ പരമപ്രധാനം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, അവയെ മത്സരക്ഷമതയുള്ളതാക്കുക, ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കാഡ്കോ ആർട്ടിസാൻസിന്റെ വികസനം ലക്ഷ്യമിടുന്ന സ്ഥാപനമാണ്. അതിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കൂടുതൽ ആർട്ടിസാൻസ്  രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കാഡ്കോയുടെ ഉൽപ്പന്നങ്ങൾ ഗവണ്മെന്റ് ഓഫീസുകൾ വാങ്ങണമെന്നുള്ള  ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിന്റെ  ഗുണഫലം ആർട്ടിസാൻമാർക്ക് എല്ലാവർക്കും ലഭ്യമാകണം. അതുകൊണ്ടാണ് എല്ലാവരുടെയും  രജിസ്ട്രേഷൻ ഉറപ്പാക്കണം എന്ന് പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആർട്ടിസാൻസിന് ആവശ്യമായ പരിശീലനം ഉറപ്പാക്കേണ്ടതുണ്ടെന്നും  മന്ത്രി പറഞ്ഞു. കാഡ്കോ   ആരംഭിച്ച ഗോൾഡ് അപ്പ്രൈസർ കോഴ്‌സ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. അതുപോലെ തന്നെ മരപ്പണി ചെയ്യുന്നവർ, ആഭരണങ്ങൾ നിർമ്മിക്കുന്നവർ ഉൾപ്പെടെയുളളവർക്ക് പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള പരിശീലനം ലഭിക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്  ”വിഷൻ 2031′ സെമിനാറുകൾ നടക്കുകയാണ്. കഴിഞ്ഞ പത്തു വര്ഷം കൊണ്ട് കേരളം എങ്ങനെ മാറി, 2031ൽ കേരളം 75 വർഷം പൂർത്തീകരിക്കുമ്പോൾ ഓരോ മേഖലയും എങ്ങനെയായിരിക്കണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാവുകയാണ്. വ്യാവസായിക രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. ആർട്ടിസാൻ രംഗത്തും ശാസ്ത്രീയമായ പഠനം നടക്കേണ്ടതുണ്ടെന്നും അവരെ എങ്ങനെ സാമൂഹ്യ പദവിയിലും സാമ്പത്തികമായും മുൻപോട്ടു കൊണ്ടുവരാൻ  സാധിക്കുമെന്ന് പഠിക്കേണ്ടതുണ്ടെന്നും  മന്ത്രി കൂട്ടിച്ചേർത്തു.   മികച്ച രീതിയിൽ സംഗമം സംഘടിപ്പിച്ചതിന് കാഡ്കോക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

കേരളത്തിന്റെ മാർക്കറ്റ് ലോകത്തിന്റെ തന്നെ മാർക്കറ്റ് ആക്കി മാറ്റാൻ സാധിക്കുന്ന ധാരാളം സാദ്ധ്യതകൾ ഉണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.  അതിന് വ്യവസായ വകുപ്പ് മുൻകൈ എടുത്തു നടത്തുന്ന പ്രവർത്തനങ്ങളും,  കാഡ്കോ നടത്തുന്ന പ്രവർത്തനങ്ങളും എല്ലാം സഹായകമാകുന്നു. ഈ പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ നടത്താൻ സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും വ്യവസായ വകുപ്പിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക പിന്തുണയും സഹായവും  ഉണ്ടാകുമെന്നും മന്ത്രി  കൂട്ടിച്ചേർത്തു.

മന്ത്രി പി രാജീവ് കാർപെന്ററി ടൂൾ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗോൾഡ് അപ്രൈസർ പരിശീലന വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ, മാനേജിംഗ് ഡയറക്ടർ സി വി മാത്യു, മറ്റ് കാഡ്കോ പ്രതിനിധികൾ, വിവിധ ജില്ലകളിൽ നിന്നുള്ള കരകൗശല വിദഗ്ധർ, സംരംഭകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News