67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ പൂര്‍ണ്ണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒരു പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി. മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനായി ഫെസ്റ്റിവലിന്റെ താമസ കമ്മിറ്റിയാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. താമസ കമ്മിറ്റിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശിക്ഷക് സദനിൽ നടന്ന പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലാണ് പ്രകാശന കര്‍മ്മം നടന്നത്.

മത്സര പരിപാടികൾ, പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം, ലൊക്കേഷൻ മാപ്പ്, ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്പോർട്സ് ഗ്രൂപ്പുകളിലും വാട്ട്‌സ്ആപ്പ്, ഇമെയിൽ വഴി വിവരങ്ങൾ ലഭ്യമാകും. ഞായറാഴ്ചയോടെ പ്രവർത്തനക്ഷമമാകുന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

താമസ കമ്മിറ്റിയുടെ ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി. വെളിച്ചം, വെള്ളം, ശുചിമുറി അടക്കമുള്ള താമസ സൗകര്യങ്ങൾ ഉത്തരവാദിത്തോടെ സജ്ജമാക്കണമെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി താമസ സൗകര്യങ്ങൾ ഒരുക്കുന്ന ജില്ലയിലെ സ്‌കൂളുകൾക്ക് അയ്യായിരം രൂപ വീതം നൽകും. മേളയുടെ ക്രമീകരണങ്ങൾ ഒരുക്കുന്ന സ്‌കൂളുകൾക്ക് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട  തീരുമാനം പിന്നീട് അറിക്കുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെ യോഗവും ചേർന്നു. സംഘാടക സമിതി ചെയർമാൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരും  പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News