വെടിനിർത്തൽ ലംഘിച്ച് ഇസ്രായേല്‍ ഗാസയിൽ നാശം വിതച്ചു; വ്യോമാക്രമണത്തില്‍ 35 നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ 100 ലധികം പേര്‍ കൊല്ലപ്പെട്ടു

വെടിനിർത്തൽ കരാറിനു ശേഷവും ഗാസയിൽ നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ അവരുടെ ആക്രമണം തുടരുകയാണ്. ബുധനാഴ്ചത്തെ വ്യോമാക്രമണത്തിൽ 35 നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ 100-ലധികം പേരാണ് കൊല്ലപ്പെട്ടത്.

ഗാസയിലെ സ്ഥിതിഗതികളെ “ദുരന്തകരവും ഭയാനകവുമായ ഒരു സാഹചര്യം” എന്നാണ് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസിയുടെ തലവൻ മഹ്മൂദ് ബസാൽ വിശേഷിപ്പിച്ചത്. ഇസ്രായേലിന്റെ ഈ നടപടി വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രായേലി ആക്രമണങ്ങളിൽ 35 കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 101 പേർ കൊല്ലപ്പെട്ടതായി മഹ്മൂദ് ബസാൽ പറഞ്ഞു.

എന്നാൽ, ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങൾക്കും തീവ്രവാദികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം വെടിനിർത്തൽ വീണ്ടും പ്രാബല്യത്തിൽ വന്നതായി ഇസ്രായേൽ അറിയിച്ചു. ഗാസ വെടിനിർത്തൽ കരാറിനെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞതിനെത്തുടർന്നാണ് ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.

ഹമാസ് കരാർ ലംഘിച്ചതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. അതേസമയം, തങ്ങള്‍ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഹമാസും പറയുന്നു. എന്നാല്‍, ഗാസയിൽ ഹമാസ് ഇസ്രായേൽ സൈനികരെ ആക്രമിച്ചതിനെത്തുടർന്ന് ഹമാസിനെ ആക്രമിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐഡിഎഫിനോട് ഉത്തരവിട്ടതായി ഇസ്രായേൽ പറഞ്ഞു.

റഫയിൽ ഹമാസ് പോരാളികൾ ഞങ്ങളുടെ സൈനികരെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞപ്പോൾ, റഫയിലെ ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹമാസ് പറഞ്ഞു.

അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ചു. തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടാൽ ഇസ്രായേൽ തിരിച്ചടിക്കുമെന്നും വെടിനിർത്തൽ കരാറിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടതിനാലാണ് ഇസ്രായേൽ ആക്രമിക്കാൻ നിർബന്ധിതരായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Leave a Comment

More News