ചികിത്സാ പിഴവുമൂലം 9-വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: വിമൻ ജസ്റ്റിസ് നേതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ സംഭവിച്ച അശ്രദ്ധ മൂലം വലതു കൈ മുട്ടിന് താഴെ മുറിച്ചു മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർചികിത്സയിലുള്ള ഒമ്പതു വയസ്സുകാരിയെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു.

കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പട്ടികജാതി കുടുംബം ജോലിയ്ക്ക് പോകാൻ കഴിയാതെ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ അടുത്താണ്.

രക്ഷിതാക്കളുടെ മൂന്നു മക്കളിൽ ഒരേ ഒരു പെൺകുട്ടിക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. താഴെയുള്ള ആറും നാലും വയസ്സുള്ള ആൺകുട്ടികളെ വീട്ടിലാക്കിയാണ് രക്ഷിതാക്കൾ മകൾക്കൊപ്പമിരിക്കുന്നത്.

സഹായത്തിനു വേണ്ടി കലക്ടർക്കും മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല.

ചികിത്സാ പിഴവിനെത്തുടർന്ന് രോഗികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇരയാക്കപ്പെട്ടവർ നീതിക്കു വേണ്ടി ആയുസ്സ് മുഴുവൻ തെരുവിൽ ജീവിക്കേണ്ടി വരുന്നു എന്നത് പതിവായിരിക്കുന്നു.

ഒമ്പത് വയസ്സിൽ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒരു പെൺകുട്ടിയും അവളുടെ കുടുംബവും ഭാവി ജീവിതത്തെ നേരിടേണ്ടതെങ്ങനെ എന്ന ചോദ്യത്തിന് സർക്കാരും ആരോഗ്യ വകുപ്പും ഉത്തരം പറയണം.

വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് കുട്ടിയുടെ തുടർ ചികിത്സക്കുള്ള അടിയന്തിര അടിയന്തിര ധന സഹായം മന്ത്രിസഭ പ്രഖ്യാപിക്കണം.

സംസ്ഥാന പ്രസിഡന്റ്‌ വി‌എ ഫായിസ, ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ എന്നിവർക്കൊപ്പം ജില്ലാ പ്രസിഡന്റ്‌ ഷക്കീല കരിങ്ങനാട്, ജനറൽ സെക്രട്ടറി ഫൗസിയ അബുലൈസ് എന്നിവരാണ് കുടുംബത്തെ സന്ദർശിച്ചത്.

Leave a Comment

More News