ബ്രഹ്മകുമാരിസ് ഗ്ലോബൽ സമ്മിറ്റ് 2025 സുസ്ഥിര ഭാവിക്ക് പ്രചോദനം നൽകുന്ന ഐക്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ഉച്ചകോടിയായി ഒക്ടോബർ 10 മുതൽ 13 വരെ രാജസ്ഥാനിൽ അതിവിപുലമായി അരങ്ങേറിയിരുന്നു.
കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ജൈവകൃഷി പ്രചാരകനും പ്രകൃതിജീവന ആചാര്യനുമായ കെ.വി. ദയാലിന് ബ്രഹ്മകുമാരീസ് എന്ന മഹത്തായ ആത്മീയ പ്രസ്ഥാനത്തിന്റെ രാജസ്ഥാനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ച് “Guardian of Humanity” പുരസ്ക്കാരം നല്കി ആദരിച്ചു.
2025 ഒക്ടോബര്‍ 10-ാം തിയ്യതി നടന്ന ഗ്ലോബൽ സമ്മിറ്റില്‍ വെച്ചാണ് ഈ അവാർഡ് സമ്മാനിച്ചത്. ഈ വർഷത്തെ ഗ്ലോബല്‍ സമ്മിറ്റിന്റെ തീം “Unity & Trust : Inspiring a Sustainable Future” എന്നായിരുന്നു.
മാനവരാശിയുടെ സർവ്വതോന്മുഖമായ ഉത്ക്കർഷത്തിനു വേണ്ടി കെ.വി. ദയാല്‍ വിഭാവനം ചെയ്തു നടപ്പിലാക്കിവരുന്ന ബഹുമുഖ കർമ്മ മേഖലകൾ തന്നെയാണ് ഈ ആശയം ഉൾക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ ഗ്ലോബൽ സമ്മിറ്റ് വേദിയിൽ 25000 ൽ പരം സദസ്യരെ സാക്ഷി നിർത്തി അദ്ദേഹം നടത്തിയ പ്രഭാഷണം സകലരുടെയും മനം കവർന്നു. ഒരു കർമ്മയോഗിക്കു മാത്രമേ ഇത്ര സുവ്യക്തവും ലളിതവുമായ വാക്കുകളിൽ മഹത്തായ ആശയങ്ങൾ ഇതേവിധം ആഗോളതലത്തിൽ പ്രസരിപ്പിക്കുവാൻ സാധിക്കുകയുള്ളു.
വാനപ്രസ്ഥം സോഷ്യൽ എജ്യുക്കേഷൻ മൂവ്മെന്റിന്റെയും ഗ്ലോബൽ കമ്മ്യൂണിറ്റിയുടെയും സ്ഥാപക ചെയർമാനായ കെ വി ദയാൽ എഴുപത്തിയൊമ്പതാം വയസ്സിലും ചുറുചുറുക്കോടെ തന്റെ അനന്യസാധാരണമായ പ്രകൃതി സ്നേഹത്തിന്റെ ആശയങ്ങൾ ലോകത്തിന് പകർന്നു നൽകാൻ നിരവധി പദ്ധതികളുമായി മുന്നേറുന്നു. പ്രശസ്തമായ നിരവധി അവാർഡുകൾ നേടിയ അദ്ദേഹം കോട്ടയം എംജി യൂണിവേഴ്സിറ്റി കോഴ്സ് ഇൻചാർജ് – ജൈവകൃഷി (സർട്ടിഫിക്കറ്റും ഡിപ്ലോമയും), ആർട്ട് ഓഫ് ഹാപ്പിനസ് (സർട്ടിഫിക്കറ്റ് കോഴ്സ്) എന്ന നിലയിൽ സ്തുത്യർഹമായ സേവനം. കാഴ്ചവെച്ചുകൊണ്ടിരിക്കയായിരുന്നു.
