മലപ്പുറം: മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്കാരം’ മാതൃഭൂമി ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ദിനപത്രത്തില്‍ 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ച ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന ലേഖന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരളാ മീഡിയ അക്കാദമി ചെയര്മാന് ആര്.എസ് ബാബു, സി.പി സെയ്തലവി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
രാംനാഥ് ഗോയങ്ക അവാര്‍ഡ്, പ്രസ് കൗണ്‍സില്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡ്, നാഷണല്‍ മീഡിയ അവാര്‍ഡ് അടക്കം 25 ഓളം പുരസ്കാരങ്ങള്‍ നിലീനക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാര്‍, സെക്രട്ടറി വി.പി നിസാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
