കെഎസ്ആർടിസിയുടെ പുതിയ വോൾവോ 9600 SLX ബസ് പരീക്ഷണ ഓട്ടം നടത്തി; വളയം പിടിച്ചത് മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിൽ പുതിയൊരു അധ്യായം സൃഷ്ടിച്ചുകൊണ്ട്, പുതിയ വോൾവോ 9600 എസ്എൽഎക്സ് സീരീസ് ബസ് ഇന്ന് തിരുവനന്തപുരത്ത് ഒരു ടെസ്റ്റ് ഡ്രൈവ് നടത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിൽ വോൾവോ പുതുതായി നിർമ്മിച്ച ഈ മോഡലിന്റെ ബുക്ക് ചെയ്ത് ഡെലിവറി ആദ്യമായി സ്വീകരിക്കുന്നത് ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ കെഎസ്ആർടിസി ആണെന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

സ്വകാര്യ വ്യക്തികൾ ഈ വാഹനം വാങ്ങിയിരിക്കാമെങ്കിലും, ബുക്ക് ചെയ്ത് ഡെലിവറി നടത്തുന്ന ആദ്യത്തെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിസി എന്നത് ശ്രദ്ധേയമാണ്. 2002 ൽ വോൾവോ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെഎസ്ആർടിസിയാണെന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.

ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള ഒരു വാഹനമാണ് കെഎസ്ആർടിസി വാങ്ങിയിരിക്കുന്നതെന്നും, വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വളരെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. വാഹനം ഒരു നിശ്ചിത കോണിൽ നിന്ന് മുകളിലേക്ക് ചരിഞ്ഞാൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. ഡ്രൈവർക്ക് മികച്ച സസ്പെൻഷനോടുകൂടിയ സീറ്റ് ലഭിക്കും. കൂടാതെ, ബസ് കുഴികളിലോ, ഗട്ടറുകളിലോ കയറിയിറങ്ങുമ്പോള്‍ ഉയർത്താൻ ഒരു ലിഫ്റ്റിംഗ് സൗകര്യവും ഉണ്ട് (വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി പരിമിതപ്പെടുത്തും), ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെ.എസ്.ആർ.ടി.സി. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റൽ ടെക്‌നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News