തിരുവനന്തപുരം: സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ ഘട്ടത്തിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നു. ഡിസംബർ 15 ന് പരീക്ഷകൾ ആരംഭിച്ച് 23 ന് പൂർത്തിയാക്കാനാണ് ധാരണ. ഡിസംബര്‍ 23-ന് സ്കൂളുകള്‍ അടയ്ക്കും. ജനുവരി 5 ന് വീണ്ടും തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്നതിനുശേഷം ജനുവരി 7 ന് നടക്കും.
ക്രിസ്മസ് അവധിക്കാലം പുനഃക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ നിലവാര (ക്യുഐപി) യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, അവധിക്കാലത്തിന് മുമ്പും ശേഷവുമുള്ള പരീക്ഷകൾ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന്, ഒറ്റ ഘട്ടത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചു.
