എസ്.ഐ.ആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ അപാകതകള്‍ പരിഹരിക്കണം: പ്രവാസി വെല്‍ഫെയര്‍

എസ്.ഐ.ആറിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം ഗള്‍ഫ് നാടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുമ്പോള്‍ സാങ്കേതിക തകരാറെന്ന് സന്ദേശമാണ്‌ ലഭിക്കുന്നതെന്നും നിലവില്‍ ആര്‍ക്കും സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇതിന്റെ അപാകതകള്‍ പരിഹരിക്കുകയോ പ്രവാസികള്‍ക്ക് എമ്പസി വഴി പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരമോ മറ്റ് വഴികളോ ഒരുക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡിലെയും വോട്ടര്‍ ഐഡിയിലെയും പേരുകള്‍ ഒരു പോലെ ആയിരിക്കണം. വോട്ടേര്‍സ് ലിസ്റ്റിലെ പേരും ഔദ്യോഗിക രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച് എടുത്ത ആധാറിലെ പേരും ഭൂരിഭാഗം പേരുടെതും ഒരു പോലെയല്ല, ഈ കടമ്പ കടന്നാലും ഒ.ടി.പി ലഭിക്കാനുള്ള ഫോണ്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിക്കപ്പെട്ടതാവില്ല, അതിനു ഓണ്‍ലൈന്‍ വഴി ശ്രമിക്കുമ്പോളും ആധാറിലെ പേരും വോട്ടര്‍ ഐഡിയിലെ പേരും സാമ്യമല്ലെന്ന സാങ്കേതിക തടസ്സത്തില്‍ തട്ടി അപേക്ഷാ സമര്‍പ്പണം കീറാമുട്ടിയായിരിക്കുകയാണ്‌. കൂടാതെ അപേക്ഷാ സമര്‍പ്പനത്തിനായി വോട്ടേര്‍സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനും ഗള്‍ഫ് നാടുകളില്‍ നിന്ന് നിലവിലെ സംവിധാനത്തില്‍ സാധ്യമല്ല. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്വര നടപടി കൈക്കൊള്ളണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ നിവേദനമയച്ചു. പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ റഷീദ് അലി, മജീദലി, അനീസ് റഹ്മാന്‍, സാദിഖ് ചെന്നാടന്‍ ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുനീഷ് എ.സി. മുഹമ്മദ് റാഫി, റഹീം വേങ്ങേരി, ഷറഫുദ്ദീന്‍ സി, സജ്‌ന സാക്കി, സക്കീന അബ്ദുല്ല, നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

More News