മയാമി, ഫ്ലോറിഡ: മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തുകൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും ഒപ്പു വച്ചത്.
സേവനത്തോടുള്ള സമർപ്പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നൽകിയ ഈ ചടങ്ങ് ഡേവിയിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി.
വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാർത്ഥികൾ ആദ്യം തന്നെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.
വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തു സൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിനു ആശംസ നേരാൻ നിരവധി പേർ എത്തി.
മാത്യു വർഗീസ് – പ്രസിഡന്റ്, അനു സ്‌കറിയ – സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ, ജോൺസൺ ജോസഫ് – വൈസ് പ്രസിഡന്റ്, രേഷ്‌മ രഞ്ജൻ – ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമപ്പുറത്തേക്ക് തങ്ങളുടെ സേവനരംഗം വ്യാപിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി പ്രസിഡന്റ് സ്ഥാനാർഥി മാത്യു വർഗീസ് (ജോസ്) പറഞ്ഞു. “സംഘടനയോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ ഒരിക്കലും മറക്കില്ല. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള നാടകമല്ല ഇത്. മറിച്ച് ഞങ്ങൾ വിശ്വസിക്കുന്ന തത്വങ്ങൾ നടപ്പിലാക്കുമെന്നതിന്റെ സൂചനയാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


