കുടുംബ കാര്യങ്ങള്‍ക്ക് താത്ക്കാലിക അവധി കൊടുത്ത് രാഷ്ട്രീയ ഗോദയിലേക്ക് മൂന്നു ദമ്പതികള്‍

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ, കാസർഗോഡ് ജില്ലയിലെ മൂന്ന് ദമ്പതികൾ ഒരേസമയം മത്സരരംഗത്തേക്ക് കടന്നുവരികയും ശ്രദ്ധ നേടുകയും ചെയ്യുന്നു. കുടുംബ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിവെച്ച്, തൃക്കരിപ്പൂർ, കുണ്ടംകുഴി, കുമ്പള എന്നിവിടങ്ങളിൽ നിന്നുള്ള ഈ മൂന്ന് കുടുംബങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചാ വിഷയമായിരിക്കുന്നത്.

വലിയപറമ്പിലെ പാവൂര്‍ വീട്ടില്‍ കരുണാകരനും ഭാര്യ പത്മിനിയുമാണ് ബിജെപി സ്ഥാനാർത്ഥികളായി ജനവിധി തേടുന്നത്. ഇരുവർക്കും തുടർച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് ഇരുവരും തിരഞ്ഞെടുപ്പ് നേരിടുന്നത്. വലിയപറമ്പ പഞ്ചായത്തിലെ 9-ാം വാർഡിലെ പട്ടേൽ കടപ്പുറത്ത് നിന്നാണ് കരുണാകരൻ മത്സരിക്കുന്നത്. വലിയപറമ്പ പഞ്ചായത്തിലെ 6-ാം വാർഡിലെ കന്നുവീറ്റ് കടപ്പുറത്ത് പത്മിനി മത്സരിക്കുന്നു.

കഴിഞ്ഞ തവണ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വലിയപറമ്പ ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കരുണാകരൻ. വലിയപറമ്പ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി കൂടിയാണ് പത്മിനി. ബിജെപി തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റായ കരുണാകരനും പത്മിനിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. വിജയം പ്രതീക്ഷിച്ച് അവർ രാവിലെ മുതൽ രാത്രി വൈകുവോളം ഒരുമിച്ച് പ്രചാരണം നടത്തുന്നു.

കുണ്ടംകുഴിയിൽ നിന്നുള്ള കുഞ്ഞികൃഷ്ണനും ഭാര്യ സൗമ്യയും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. ഇത് മൂന്നാം തവണയാണ് ഇരുവരും മത്സരിക്കുന്നത്. കുഞ്ഞികൃഷ്ണൻ ഗ്രാമപഞ്ചായത്തിലേക്കും സൗമ്യ ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നു. ബേഡടുക്ക പഞ്ചായത്തിലെ 18-ാം വാർഡിൽ നിന്നാണ് കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പ് നേരിടുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കൊളത്തൂർ ഡിവിഷനിൽ നിന്നാണ് സൗമ്യ മത്സരിക്കുന്നത്. തങ്ങളുടെ അനുഭവത്തിൽ ആത്മവിശ്വാസത്തോടെയാണ് ഈ ദമ്പതികൾ മുന്നോട്ട് പോകുന്നത്.

കുമ്പള ഗ്രാമപഞ്ചായത്തിലെ അൻവർ ആരിക്കാടിയും ഭാര്യ റുക്കിയ അൻവറും എസ്ഡിപിഐ സ്ഥാനാർത്ഥികളാണ്. ഇത്തവണ ഭാര്യക്ക് അവസരം നൽകുന്നതിനായി അൻവർ സ്വന്തം സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ചു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇത്തവണ വാർഡ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. 20-ാം വാർഡായ ബദ്രിയയിലാണ് അൻവർ മത്സരിക്കുന്നത്.

സ്വദേശത്തും വിദേശത്തും അവരുടെ സ്ഥാനാർത്ഥിത്വം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ടെങ്കിലും, ഈ മൂന്ന് ദമ്പതികളും ആത്മവിശ്വാസത്തോടെ വോട്ടർമാരെ സമീപിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഫലം പുറത്തുവരുമ്പോൾ, അവരിൽ എത്ര പേർ ജനപ്രതിനിധികളായി ഉയർന്നുവരുമെന്ന് കാണാൻ കാസർകോട് ജില്ല കാത്തിരിക്കുകയാണ്.

Leave a Comment

More News