ശബരിമലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ ഫുഡ് സാമ്പിള്‍ പരിശോധന കര്‍ശനമാക്കുന്നു

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിച്ചതിനുശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ ഭക്ഷ്യ സ്ഥാപനങ്ങളിൽ 350 പരിശോധനകൾ നടത്തി. പോരായ്മകൾ കണ്ടെത്തിയ 60 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. 292 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി.

ഭക്ഷ്യ സംരംഭകർക്കായി എട്ട് ബോധവൽക്കരണ പരിപാടികളും രണ്ട് ലൈസൻസ് രജിസ്ട്രേഷൻ മേളകളും സംഘടിപ്പിച്ചിട്ടുണ്ട്. തീർത്ഥാടകർ പതിവായി എത്തുന്ന സ്ഥലങ്ങളിലും ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിലും പ്രത്യേക പരിശോധനകൾ നടത്തിവരികയാണ്. കൂടാതെ, സംസ്ഥാനവ്യാപകമായി പരിശോധനകൾ നടക്കുന്നുണ്ട്.

മണ്ഡലകലവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. അപ്പത്തിന്റെയും അരവണയുടെയും സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ഒരു ലാബ് സ്ഥാപിച്ചിട്ടുണ്ട്. സാമ്പിളുകൾ പരിശോധിച്ചുവരികയാണ്.

പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ അപ്പം, അരവണ എന്നിവയുടെ ഉത്പാദനത്തിന് ആവശ്യമായ ചേരുവകളുടെ ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. ശേഖരിക്കുന്ന ഭക്ഷണ സാമ്പിളുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിലയ്ക്കലിലും എരുമേലിയിലും സ്ഥാപിച്ചിട്ടുള്ള ഫുഡ് സേഫ്റ്റി ഓൺ വീൽസ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തുന്നു. കൂടാതെ, പത്തനംതിട്ടയിൽ ആരംഭിച്ച ജില്ലാ ഭക്ഷ്യസുരക്ഷാ ലാബിലും ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ലാബിലും വിശദമായ പരിശോധനകൾ നടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ, ളാഹ, എരുമേലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യസംരംഭകരെ ആവശ്യമായ ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു. തീർത്ഥാടകർക്കും ഭക്ഷ്യസംരംഭകർക്കും ഭക്ഷ്യസുരക്ഷാ അവബോധം നൽകുന്നതിനായി 6 ഭാഷകളിൽ അച്ചടിച്ച ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

Leave a Comment

More News