അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നവരെ കാട്ടികൊടുത്താൽ ഒരു മാസത്തേക്ക് സൗജന്യ ബിയർ; വിവാദ പരസ്യവുമായി ‘ഓൾഡ് സ്റ്റേറ്റ് സലൂൺ

ഐഡഹോ: അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നവരെ കണ്ടെത്താൻ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) വിഭാഗത്തെ സഹായിക്കുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യ ബിയർ നൽകുമെന്ന് ഐഡഹോയിലെ ‘ഓൾഡ് സ്റ്റേറ്റ് സലൂൺ’ (Old State Saloon) എന്ന ബാർ പ്രഖ്യാപിച്ചത് വലിയ വിവാദമായി. രാഷ്ട്രീയപരമായി തീവ്ര യാഥാസ്ഥിതിക നിലപാടുകൾ സ്വീകരിക്കുന്ന സ്ഥാപനമായാണ് ഈ ബാർ അറിയപ്പെടുന്നത്.

ബാർ ഉടമയായ മാർക്ക് ഫിറ്റ്സ്പാട്രിക് പ്രഖ്യാപിച്ചതനുസരിച്ച്, ICE-യെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ (ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെ) deportations@oldstatessaloon.com എന്ന വിലാസത്തിലേക്ക് അയക്കണം. ഒരാൾ നൽകുന്ന വിവരങ്ങളിലൂടെ ഒന്നിലധികം പേരെ നാടുകടത്താൻ സാധിച്ചാൽ, സൗജന്യ ബിയർ ലഭിക്കുന്ന കാലയളവ് വർദ്ധിപ്പിക്കും. ഈ വാഗ്ദാനത്തിലൂടെ ഇതിനോടകം ഒരാൾക്ക് സൗജന്യ ബിയർ ലഭിക്കുകയും ചെയ്തു. ഐഡഹോയിലെ അഡ കൗണ്ടി റിപ്പബ്ലിക്കൻ സെൻട്രൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ റയാൻ സ്പൂണിനാണ് ICE-യെ സഹായിച്ചതിലൂടെ ബാറിലെ 20 തരം ഡ്രാഫ്റ്റ് ബിയറുകൾ സൗജന്യമായി തിരഞ്ഞെടുക്കാൻ അനുമതി ലഭിച്ചത്.

തീവ്ര യാഥാസ്ഥിതിക നിലപാടുകൾ ഓൾഡ് സ്റ്റേറ്റ് സലൂൺ മുൻപും പരസ്യമാക്കിയിട്ടുണ്ട്. 2024-ലെ ‘പ്രൈഡ് മാസ’ത്തോട് പ്രതികരിച്ച്, ബാർ “ഹെറ്ററോസെക്ഷ്വൽ ഔട്ട്‌നെസ്സ് മാസം” എന്ന പേരിൽ ഒരു പരിപാടി നടത്തിയിരുന്നു.

സ്വവർഗ്ഗാനുരാഗികൾക്ക് എതിരായി ഭിന്നലിംഗക്കാർക്കും ദമ്പതികൾക്കും ഡിസ്‌കൗണ്ടുകളും സൗജന്യ ബിയറും നൽകിയ ഈ പരിപാടി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി.

“Make America Straight Again” എന്ന മുദ്രാവാക്യമുള്ള വസ്ത്രങ്ങളും ബാർ വിൽക്കുന്നുണ്ട്.

Leave a Comment

More News