
ദോഹ: സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി – ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും വളരുന്ന കാലത്ത് സ്നേഹവും സഹോദര്യവും അടിസ്ഥാനപ്പെടുത്തി സാമൂഹിക സഹവാർത്തിത്തം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് മീറ്റ് ആഹ്വാനം ചെയ്തു.
സിഐസി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ആമുഖ ഭാഷണം നടത്തി. സമൂഹത്തിൽ സിഐസി നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഖത്തർ ഇന്ത്യൻ പ്രവാസികളിലെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ കൂട്ടായി എന്നും സി ഐ സി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് പ്രവാസി കൂട്ടായ്മകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആർ എസ് അബ്ദുൽ ജലീൽ ആഹ്വാനം ചെയ്തു.
സിഐസിയുടെ നാൾവഴികൾ ചരിത്രപരമായ പശ്ചാത്തലത്തോടുകൂടി കെ. സി. അബ്ദുൽ ലത്തീഫ് അവതരിപ്പിച്ചു. സംഘടനയുടെ തുടക്കകാലം മുതലുള്ള സാമൂഹിക ഇടപെടലുകളും വിവിധ രംഗങ്ങളിലെ അതിന്റെ സംഭവനകളും അദ്ദേഹം വിശദമാക്കി.
പി.ആർ. ഹെഡ് സുഹൈൽ ശാന്തപുരം നയിച്ച ഇന്ററാക്ഷൻ സെഷനിൽ പുതിയ കാലത്തിന്റെ സവിശേഷതകൾ മുന്നിൽ വെച്ചു സാമൂഹിക ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ പങ്കുവെക്കപ്പെട്ടു. വിദ്യാഭ്യാസം, വിദ്യാർത്ഥികളുടെ ശിക്ഷണം, പ്രവാസി കുടുംബങ്ങൾക്കും പ്രയാസത്തിലായിരിക്കുന്നവർക്കും ആവശ്യമായ പിന്തുണ, നിയമ സഹായം, ആതുര സേവനം തുടങ്ങിയ മേഖലകളിൽ സഹകരണ തലങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
സമാപന പ്രഭാഷണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ വി. ടി അബ്ദുല്ലക്കോയ കൂട്ടായ പ്രവർത്തനങ്ങളുടെ സാമൂഹിക പ്രാധാന്യം ഊന്നിപ്പറഞ്ഞു. സ്വാർത്ഥത മറികടന്ന് മാനുഷികതയെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളാണ് സമൂഹത്തെ സമാധാനവും പുരോഗതിയും നിറഞ്ഞ നിലയിലേക്ക് നയിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിഐസിയുടെ പുതിയ നേതൃത്വം രൂപീകരിച്ചതിന് ശേഷമുള്ള ഈ സംഗമത്തിൽ ദോഹയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
പുതിയ നേതാക്കൾക്ക് പങ്കെടുത്തവർ ആശംസകൾ നേർന്നു. ഫാജിസ് ടി. കെ യുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സിഐസി ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതം ആശംസിച്ചു.
