
വടക്കാങ്ങര :പുതിയ തലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയുടെ വിവിധ രൂപങ്ങളെ കുറിച്ച് രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഓരോരുത്തരും സ്വന്തം മക്കളെ പഠിക്കണമെന്നും മങ്കട സബ് ഇൻസ്പെക്ടർ ശരീഫ് തൊടേങ്ങൽ പറഞ്ഞു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച എഡ്യൂപാരന്റ് പ്രോഗ്രാമിലാണ് അദ്ദേഹം രക്ഷിതാക്കളെ ഉണർത്തിയത്.
മൂല്യവത്തായ വിദ്യാഭ്യാസം മക്കൾക്ക് നൽകുന്നതിലൂടെ മാത്രമേ പുതിയ തലമുറയെ മാറ്റിയെടുക്കാൻ കഴിയുകയൊള്ളൂവെന്നും അതിൻറെ തുടക്കം വീടുകളിൽ നിന്നാകണമെന്നും പ്രശസ്ത ട്രെയിനറും ഹാഷ്ടാക്ക് കിന്റർ സി.ഇ.ഒയുമായ ഹഷ്ബ ഹംസ രക്ഷിതാക്കളെ ഉണർത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ റാഷിദ് മാറുന്ന വിദ്യാഭ്യാസ രീതികൾ എൻ.ഇ.പി യുടെ വെളിച്ചത്തിൽ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രെയിനറും ഗ്രന്ഥകാരനുമായ അമാനുള്ള വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ സ്വാഗതം പറഞ്ഞു. സി.സി.എ കൺവീനർ രജീഷ്, റഫീഖ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ നന്ദി പറഞ്ഞു.

