തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ കേസില്‍ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ശങ്കരദാസിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ശങ്കരദാസ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രി ജയില്‍ ഡോക്ടര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണോ അതോ ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്നലെ വൈകുന്നേരമാണ് ആശുപത്രി സന്ദര്‍ശിച്ച് ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന വിജയകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.
2019 ൽ എ പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് ഭരണസമിതിയിൽ എൻ വിജയകുമാർ സിപിഎം പ്രതിനിധിയായിരുന്നു. നിർണായക തീരുമാനങ്ങളെല്ലാം പത്മകുമാറാണ് എടുത്തതെന്നും മിനിറ്റ്സ് തിരുത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും വിജയകുമാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
ശബരിമല സ്വര്‍ണ മോഷണക്കേസിലെ പതിനൊന്നാം പ്രതിയായ കെ.പി. ശങ്കരദാസിനെ കഴിഞ്ഞ ദിവസമാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. രാത്രി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരന്‍ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെയും അദ്ദേഹം ദീര്‍ഘകാലം ആശുപത്രിയില്‍ കഴിഞ്ഞതിനെയും ഹൈക്കോടതി നേരത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ശങ്കരദാസ് ആശുപത്രിയില്‍ കഴിയുന്നത് മകന്‍ എസ്.പി. ആയതുകൊണ്ടാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ശങ്കരദാസിന്റെ അറസ്റ്റ് എസ്.ഐ.ടി രേഖപ്പെടുത്തിയത്.
അതേസമയം, ശങ്കരദാസിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. അന്വേഷണ സംഘം മെഡിക്കൽ രേഖകൾ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കാത്തതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. ആശുപത്രി രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി ഇന്നത്തേക്ക് മാറ്റി. നേരത്തെ, ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, ശങ്കരദാസ് ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
