രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്‍കി. തെരഞ്ഞെടൂപ്പ് കമ്മീഷന്റെ അനാസ്ഥമൂലം ഡിസംബറില്‍ സമര്‍പ്പിച്ച പ്രവാസികളുടെ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവം ഞെട്ടിക്കുന്നതാണെന്നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്തു ജനനം നടന്നിട്ടുള്ള പ്രവാസികൾക്ക് നിലവിലെ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം, പുതിയ രണ്ട് അക്ഷരങ്ങളോടെ ആരംഭിക്കുന്ന പാസ്‌പോർട്ട് കൈവശമുള്ളവർക്കും അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രവാസി വോട്ടറായി സമർപ്പിച്ച നിരവധി അപേക്ഷകൾ ബന്ധപ്പെട്ട BLOമാരിലേക്ക് കൈമാറിയിട്ടില്ല എന്നതും അപേക്ഷ ഫോമിൽ നിലവിലുള്ള ബൂത്ത് രേഖപ്പെടുത്താനുള്ള സൗകര്യമില്ലാത്തത് രജിസ്ട്രേഷൻ പ്രക്രിയയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത്തരം സാങ്കേതിക പ്രയാസങ്ങൾ നിലനിൽക്കെ അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ജനുവരി 22 ന് അവസാനിക്കും എന്നതും പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നു. ഈ സാങ്കേതികവും ഭരണപരവുമായ അപാകതകൾ മൂലം വലിയൊരു വിഭാഗം പ്രവാസികൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്. ഈ വിഷയങ്ങൾ ഉൾക്കൊളിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ സന്ദർഭങ്ങളിൽ പ്രവാസി വെൽഫെയർ ഉൾപ്പെടെ വിവിധ സംഘടനകളും വ്യക്തികളും പരാതികൾ അറിയിച്ചെങ്കിലും ഇത് വരെ തദ്‌സംബന്ധമായ ഒരു നടപടിയും കൈ കൊണ്ടിട്ടില്ലെന്നും നിവേദനത്തില്‍ പറഞ്ഞു.
ഫോട്ടോ: എസ്.ഐ.ആര്‍ പ്രവാസികളുടെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പി മാരായ അടൂര്‍ പ്രകാശ്, ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് പ്രവാസി വെൽഫെയർ നേതാക്കള്‍ നിവേദനം നല്‍കുന്നു
