ബസ്സില്‍ വെച്ച് യുവാവിന്റെ വീഡിയോ എടുത്ത് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസ്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് എന്ന യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോ എടുത്ത് പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. തിരക്കേറിയ ബസിനുള്ളിൽ ദീപക് തന്നെ മോശമായി സ്പർശിച്ചുവെന്ന് പറഞ്ഞാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍, തന്റെ റീല്‍സിന് കൂടുതല്‍ ഫോളോവേഴ്സിനെ ആകര്‍ഷിക്കാനും റീച്ച് കിട്ടാനും മനഃപ്പൂര്‍‌വ്വം ദീപക്കിന്റെ പുറകില്‍ നിന്നുകൊണ്ട് വീഡിയോ എടുത്തതാണെന്ന് വ്യാപക കമന്റുകളാണ് യുവതിയെ തേടിയെത്തിയത്.

പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകമാണ് വൈറലായത്. എന്നാല്‍, നിരപരാധിയായ തന്നെ ഒരു ലൈംഗിക വൈകല്യമുള്ള വ്യക്തിയായി ചിത്രീകരിച്ചത് സഹിക്കവയ്യാതെ ദീപക് ഇന്നലെ ആത്മഹത്യ ചെയ്തു. ദീപക്കിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് സിഐ ബൈജു കെ ജോസ് പറഞ്ഞു.

യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യുവതി വിദേശത്തേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന സഹയാത്രികരുടെയും ബസ് ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

മുൻ പഞ്ചായത്ത് അംഗം കൂടിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകയും കണ്ടന്‍റ് ക്രിയേറ്ററുമായ ഷിംജിത മുസ്തഫയാണ് ബസില്‍ വെച്ച് വീഡിയോ എടുത്തതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. ബിഎൻഎസ് 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്.

മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവിന്ദപുരത്തെ വീട്ടിലെത്തി ദീപക്കിന്‍റെ അമ്മ കന്യകയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. ഷിംജിത പുറത്തുവിട്ട വീഡിയോ ദീപക്കിനെ മാനസികമായി തളർത്തിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് മൊഴി. നിലവിൽ ഷിംജിത ഒളിവിൽ പോയതായാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് പരിഗണിക്കും.

കോഴിക്കോട് ഗോവിന്ദപുരം വളയനാട് സ്വദേശി ദീപക് (40) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള ബസ് യാത്രക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടന്‍റ് ക്രിയേറ്ററായ ഷിംജിത എന്ന യുവതി വടകര പൊലീസിൽ പരാതി നൽകുകയും അതിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ, സമൂഹത്തിന്‍റെ നാനാതുറകളിലുള്ള നിരവധി പേരാണ് പിന്തുണയുമായി കുടുംബത്തെ വിളിച്ചു ആശ്വസിപ്പിക്കുന്നത്. നേരത്തെ തന്നെ മെൻസ് കമ്മീഷൻ ആവശ്യപ്പെട്ടുകൊണ്ട് ഇടപെടലുകൾ നടത്തുന്ന രാഹുൽ ഈശ്വറും ബന്ധുക്കൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഏക ആശ്രയമായ മകന്റെ മരണത്തോടെ നിസ്സഹായരായ വൃദ്ധമാതാപിതാക്കൾക്ക് വേണ്ട സാമ്പത്തിക സഹായവും നിയമസഹായവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ ചോദ്യം ചെയ്ത ശേഷം വീഡിയോ ഉൾപ്പെടെ പരിശോധിക്കുകയും കൃത്യമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ മറ്റ് വകുപ്പുകൾ കൂടി ചേർത്ത് അന്വേഷണം ഊർജിതമാക്കാനുമാണ് ഉദ്ദേശ്യം. അതിനുള്ള നടപടികളെല്ലാം മെഡിക്കൽ കോളജ് പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്.

സ്ത്രീ സുരക്ഷാ നിയമത്തിന്റെ പേരില്‍ നിരവധി പുരുഷന്മാരാണ് പീഡിപ്പിക്കപ്പെടുന്നത്. സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഈ സംഭവമെന്ന് ജാതിമത സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും അഭിപ്രായപ്പെടുന്നുണ്ട്. റീല്‍സുണ്ടാക്കാനും അതുവഴി ധനസമ്പാദനത്തിനുമായി ചിലര്‍ എന്തും ചെയ്യാന്‍ മടി കാണിക്കുകയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഷിംജിത മുസ്തഫ എന്ന യുവതി ചെയ്തതെന്നും, അവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

വീഡിയോ കാണാം:

Leave a Comment

More News