- ഗാന്ധിജി സ്വപ്നം കണ്ട ഫാറൂഖ് ഉമറിന്റെ ഭരണം ആണോ കാരക്കുന്ന് പറയുന്ന ഇസ്ലാമിക്ക് റിപ്പബ്ലിക്ക് !?
- കാന്തപുരം ഉസ്താദ് വിമർശിച്ച ജമായത്തെ ഇസ്ലാമിയുടെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഇന്ന് ലോകത്ത്
ഏതൊക്കെ മുസ്ലിം സമൂഹം കൊണ്ട് നടക്കുന്നുണ്ട് ?
നിലവിൽ ലോകത്തുള്ള ഏതെങ്കിലും ഇസ്ലാമിക രാജ്യങ്ങൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അടക്കം ‘ഖിലാഫത്ത് റാഷിദ’ യുടെ (മുഹമ്മദ് നബിയും 4 ഖലീഫമാരുടേയും ഭരണം) ഇസ്ലാമിക ഭരണം മാതൃകയാക്കി ഭരിക്കുന്നുണ്ടോ!? മദീന രാഷ്ട്രം, ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് റിപ്പബ്ലിക്, ശരീഅത്ത് ഭരണം എന്നിവയിൽ ഏതാണ് ശരി!
ഇസ്ലാമിക് റിപ്പബ്ലിക്കിനെ അംഗീകരിക്കാത്തവരെല്ലാം സത്യവിശ്വാസികൾ അല്ലെന്നാണ് ജമായത്ത് അസിസ്റ്റന്റ് അമീർ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നത് ! ഇത് ഇവർക്ക് തന്നെ പാരയാണ്. കാരണം, ഇവർ ഉണ്ടാക്കിയ വെൽഫെയർ പാർട്ടി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വേണ്ടി ഉണ്ടാക്കിയതാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ജമായത്തെ ഇസ്ലാമിൽ ഉള്ളവർക്ക് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കാൻ ആവില്ല. ചേരാൻ അനുമതി ഉള്ളത് വെൽഫെയറില്‍ മാത്രം. എന്നാൽ, വെൽഫെയറിൽ മറ്റ് സകല ആളുകൾക്കും ചേരാം !!? അതായത് തങ്ങളുടെ സംവിധാനം മാത്രം ആണ് ശരി മറ്റുള്ളതെല്ലാം ബിദ്അത്ത് (വഴിപിഴച്ചതാണ്) എന്നാണ്. ഇനി നോക്കൂ ജമായത്തിന് വെൽഫെയറുമായി ബന്ധം ഇല്ലെന്ന് നിലവിലെ അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞത്. ആ ശുദ്ധ നുണ മുൻ ജമായത്ത് അമീർ, ടി.കെ. അബ്ദുല്ല മൗലവി, ടി. ആരിഫലി, അതുപോലെ കാരക്കുന്നിന്റെ ഒക്കെ പ്രഭാഷണങ്ങൾ തന്നെ റദ്ദ് ചെയ്യുന്നുണ്ട്.
തങ്ങളുടെ സംഘടനാ നേതൃത്വം എന്നത് ഇസ്ലാമിക നേതൃത്വം ആയിരുന്ന റസൂലിന്റെ പിന്തുടർച്ചപോലെ എന്നാണ് ജമായത്ത് തന്നെ പറയുന്നത്. ആത്മീയമോ ഭൗതികമോ ആയ ലാഭത്തിന് വേണ്ടി മുഹമ്മദ് നബിയോ ഖലീഫമാരോ മറ്റ് സഹാബികളോ കള്ളം പറഞ്ഞിട്ടില്ല. ഇവിടെ കേവല കക്ഷി രാഷ്ട്രീയത്തിനു വേണ്ടി പി. മുജീബ് റഹ്‌മാൻ എന്ന ജമായത്ത് അമീർ പബ്ലിക്കിൽ വന്നു കള്ളം പറഞ്ഞത് സമൂഹം കണ്ടതാണ്.
യഥാർത്ഥത്തിൽ അറബ് ലോകത്ത് പോലും ഇല്ലാത്ത ഒരു റിപ്പബ്ലിക് സംബന്ധിച്ച് ഇന്ത്യയിൽ വാചകമടിക്കൽ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണ്. അതിന്റെ അത്യന്തിക ഗുണം സംഘ്പരിവാറിനാണ്. ജമായത്ത് ഉൾപ്പെടെ ഉള്ള ഇത്തരക്കാരുടെ അജണ്ട വെറും രാഷ്ട്രീയമാണ്. ദീൻ അതിൽ കാണാൻ കഴിയില്ല.
സാർവ ദേശീയമായി പാൻ ഇസ്ലാമിക്- പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് സംവിധാനങ്ങൾ അറബ് ദേശങ്ങളിൽ ‘മുല്ലപ്പൂ വിപ്ലവം’ എന്ന പേരിൽ കാണിച്ച ഇസ്ലാമിക് ഘർവാപ്പസി ഇന്ന് ഏത് രീതിയിൽ അറബ് മേഖലയിലെ രാജ്യങ്ങളെ ബാധിച്ചു എന്ന് ഒന്ന് പരിശോധന നടത്തണം. രാജ വാഴ്ച നടത്തുന്ന അറബ് രാജ്യങ്ങളെ അല്ല, ഫലസ്തീനും, ഇറാഖും ഈജിപ്തും സിറിയയും സുഡാനും യമനും ലിബിയയും അഫ്ഗാനും ഉൾപ്പെടെ ഉള്ളവരുടെയും തുർക്കി തുണീഷ്യ പോലുള്ളവരുടെയും അവസ്ഥ എന്താണ്!?
പരിതാപകരമാണ്, സമൂഹ്യപരമായും,സാമ്പത്തികമായും സൈനികമായും നയതന്ത്രപരമായും എല്ലാ അർത്ഥത്തിലും തകർന്നു ജനജീവിതം ദുസ്സഹമാക്കി.
മധ്യ പൗരസ്ത്യ ദേശത്തെ ജനതകളെ അനാവശ്യ വിപ്ലവങ്ങളിലേക്ക് വൈകാരികമായി തള്ളിവിട്ട് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് കൂട്ടങ്ങൾ ഭൂമിയിൽ വിനാശകരമായ രീതി അവലംബിച്ചതിന്റെ ഫലം ആണ് ലോക ചട്ടമ്പികളായ അമേരിക്കക്കും ഇസ്രായേലിനും നേറ്റോക്കും ഒക്കെ ഈവിധം അറബ് ദേശങ്ങളിൽ ഇടപെടാൻ അവസരം നൽകിയത്. ഇസ്രായേൽ ഫലസ്തീൻ വിഷയം ഇതിൽ ഒതുങ്ങുന്നതല്ല. അതിന്റെ ചരിത്ര പശ്ചാത്തലം വേറെയാണ് അത് നമുക്കറിയാം.
ഇപ്പോൾ ഇന്ത്യയിൽ, കേരളത്തിൽ ഈവിധം ചർച്ചയെ നിലനിർത്താൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ആരെല്ലാം ഹിഡൻ അജണ്ടയായി ഏറ്റെടുക്കും എന്ന ബോധം ഉള്ളവർ, എല്ലായ്പ്പോഴും ഇസ്ലാമോഫോബിയയുടെ ‘മാസ്റ്റർ ഇരവാദം’ ഉയർത്തുന്ന ജമായത്ത്, ദാവൂദ് ടീം സാമൂഹിക അപകടാവസ്ഥ അറിയാത്തത് കൊണ്ടല്ല, മറിച്ച് തങ്ങളുടെ ദീർഘകാല രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള മൂലധന സമാഹരണം ആണ് അതെല്ലാം.
ഇവിടെ മുസ്ലിം ലീഗിനും ഇതിന്റെ അപകടം അറിയാത്തത് കൊണ്ടല്ല, ഏതു വിധേനയും യുഡിഎഫിന് അധികാരത്തിൽ തിരികെ വരണം എന്നതാണ്.
സ്വന്തം മകൾ ഒരു വേദിയിൽ സ്ത്രീ പള്ളിപ്രവേശന/സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിൽ ഒരു ‘പുരോഗമന’ കാര്യം പറഞ്ഞപ്പോൾ അത് പാരമ്പര്യ സുന്നി സംവിധാനങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ് എന്നതുകൊണ്ടാണ് മുനവ്വറലി തങ്ങൾക്ക് സ്വന്തം മകളെ തിരുത്തേണ്ടി വന്നത്. എന്നാൽ, ഇതേ മുനവ്വറലി തങ്ങൾ രണ്ട് ദിവസം മുൻപ് പോലും സ്വന്തം മകൾ പറഞ്ഞ സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിൽ അതേ നിലപാട് ഉള്ള ജമായത്തെ ഇസ്ലാമിക്ക് അനുകൂല നിലപാട് ആണ് സ്വീകരിച്ചത്. ഒരു ഭാഗത്ത് ‘പുരോഗമന’ ആത്മീയ ഇസ്ലാം മറുഭാഗത്ത് ദാവൂദിന്റെ ഇരുട്ട് മുറിയിലെ രാഷ്ട്രീയ ഇസ്‌ലാമും പാണക്കാട് തറവാടിനെ സ്വാധീനിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്.
ഇപ്പോൾ കെ.എം ഷാജി, എം.കെ മുനീർ, പി.കെ. ഫിറോസ് അടക്കമുള്ളവർ ജമായത്തെ ഇസ്ലാമിക്ക് നേരെ ഒരു വിമർശനവും ഉന്നയിക്കുന്നില്ല എന്നതും നോക്കണം. അതായത് ദീനല്ല, കൃത്യമായ രാഷ്ട്രീയം ആണ് ഇവരെ ഒന്നിപ്പിക്കുന്നത്.
