അമേരിക്കൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ എന്ന നിലയിലുള്ള തന്റെ അധികാരം “സ്വന്തം ധാർമ്മികത” കൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ എന്ന ഡൊണാൾഡ് ട്രംപിന്റെ തുറന്നടിച്ചുള്ള പ്രഖ്യാപനം അദ്ദേഹം സമാധാനം കൊണ്ടല്ല യുദ്ധം കൊണ്ടാണ് ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതെന്നാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് നിയന്ത്രണങ്ങളെയും തള്ളിപ്പറഞ്ഞ്, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ സൈനിക ശക്തിയിലൂടെ ആക്രമിക്കാനോ നിർബന്ധിക്കാനോ ഉള്ള തന്റെ കഴിവിനെ സ്വയം പുകഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. അതായത് തനിക്ക് “ബാഹ്യ” നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ചുരുക്കം.
തന്റെ ആഗോള ശക്തികൾക്ക് എന്തെങ്കിലും പരിധികളുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ….. “അതെ, ഒരു കാര്യമുണ്ട്. എന്റെ സ്വന്തം ധാർമ്മികത. എന്റെ സ്വന്തം മനസ്സ്, അതിനു മാത്രമേ എന്നെ തടയാന്‍ കഴിയൂ. അന്താരാഷ്ട്ര നിയമമൊന്നും എനിക്ക് ബാധകമല്ല, എനിക്കതിന്റെ ആവശ്യവുമില്ല.” താങ്കളുടെ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണ്ടേ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് “എന്തിന്? അത്തരം നിയമങ്ങള്‍ അമേരിക്കയ്ക്ക് എപ്പോൾ ബാധകമാകുമെന്ന് ഞാന്‍ തീരുമാനിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ന്യൂയോർക്ക് ടൈംസിലെ നാല് പത്രപ്രവർത്തകരുടെ ഒരു സംഘത്തിനാണ് ട്രംപ് ഈ അഭിമുഖം നൽകിയത്. അദ്ദേഹത്തിന്റെ മുഖാമുഖം സംഗ്രഹിച്ചുകൊണ്ട് പത്രം എഴുതി, “അമേരിക്കൻ ആധിപത്യം ശക്തിപ്പെടുത്തുന്നതിന് ഏത് സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തിയും സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുമെന്ന ട്രംപിന്റെ വിലയിരുത്തൽ അദ്ദേഹത്തിന്റെ ലോക വീക്ഷണത്തിന്റെ ഏറ്റവും വ്യക്തമായ സ്ഥിരീകരണമാണ്. അധികാരങ്ങൾ ഏറ്റുമുട്ടുമ്പോൾ, നിർണായക ഘടകം നിയമങ്ങൾ, ഉടമ്പടികൾ, പാരമ്പര്യങ്ങൾ എന്നിവയല്ല, ദേശീയ ശക്തിയായിരിക്കണം എന്ന ആശയമാണ് അതിന്റെ കാതൽ.”
അഭിമുഖത്തില്‍ ട്രംപ് വെനിസ്വേല, ഗ്രീൻലാൻഡ്, പ്രസിഡൻഷ്യൽ പവർ എന്നിവയെക്കുറിച്ചും അഭിസംബോധന ചെയ്തു.
ഇപ്പോള്‍ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ഫോറം (WEF) യോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രസംഗം അന്താരാഷ്ട്ര വൃത്തങ്ങളിൽ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ പേര് വ്യക്തമായി പരാമർശിക്കാതെ, ലോകം ഒരു നിയമരഹിത ലോകത്തിലേക്ക് നീങ്ങുകയാണെന്നും, അവിടെ അന്താരാഷ്ട്ര നിയമം ചവിട്ടിമെതിക്കപ്പെടുകയും ശക്തരുടെ നിയമം മാത്രം നിലനിൽക്കുകയും ചെയ്യുന്നു എന്നുമാണ് മാക്രോണ്‍ പറഞ്ഞത്. ആഗോള വ്യവസ്ഥയിൽ വളർന്നുവരുന്ന അസ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാക്രോൺ, നിയമങ്ങൾക്കും സഹകരണത്തിനും പകരം സമ്മർദ്ദവും അധികാര രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്ന ശക്തിയാണ് അമേരിക്കയെന്ന് പരോക്ഷമായി വിമർശിച്ചു.
ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിലെ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് എഡ് ഡേവി ട്രംപിനെ വിശേഷിപ്പിച്ചത് ‘അന്താരാഷ്ട്ര കൊള്ളക്കാരന്’എന്നാണ്. സമ്മർദ്ദ തന്ത്രം പ്രയോഗിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്ന ട്രംപ് യു എസ് നയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും, യുഎസും അതിന്റെ പരമ്പരാഗത സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തെ ട്രംപ് ദുർബലപ്പെടുത്തുകയാണെന്നും പറഞ്ഞു. സഖ്യകക്ഷിയുടെ പരമാധികാരം ചവിട്ടിമെതിക്കുകയും, നേറ്റോ പോലുള്ള സൈനിക സഖ്യങ്ങളുടെ ഭാവി അപകടത്തിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപിന്റെ കീഴിൽ, അമേരിക്ക അതിന്റെ ശക്തിയുടെ തത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനർത്ഥം ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി അന്താരാഷ്ട്ര നിയമത്തെയും ബഹുമുഖ സഹകരണത്തിന്റെ പാരമ്പര്യങ്ങളെയും പൂർണ്ണമായും നിരസിക്കുന്നു എന്നാണ്. 66 അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് അമേരിക്കയെ പിൻവലിക്കാനുള്ള തീരുമാനം തന്റെ ഭരണകൂടം പ്രഖ്യാപിച്ച ആഴ്ചയിൽ തന്നെയാണ് ട്രംപ് മുകളിൽ പറഞ്ഞ അഭിമുഖം നൽകിയത്, അവയിൽ പലതും ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങളാണ്. അതിനു മുമ്പുതന്നെ, ട്രംപ് ഭരണകൂടം നിരവധി പ്രധാനപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നും കരാറുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അമേരിക്കയെ പിൻവലിച്ചിരുന്നു. അതിനർത്ഥം അമേരിക്ക അതിന്റെ എല്ലാ അന്താരാഷ്ട്ര പ്രതിബദ്ധതകളിൽ നിന്നും സ്വയം വേർപെടുത്തിയെന്ന് പറയാൻ ഇപ്പോൾ അടിസ്ഥാനമുണ്ട് എന്നാണ്.
കൂടാതെ, പുതുവത്സര നാളുകളില്‍, വെനിസ്വേല ആക്രമിച്ച് അതിന്റെ പ്രസിഡന്റിനെയും പ്രഥമ വനിതയെയും തട്ടിക്കൊണ്ടുപോയ ശേഷം, ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിനായി ക്യൂബ, കൊളംബിയ, മെക്സിക്കോ, ഇറാൻ, ഡെൻമാർക്ക് എന്നിവിടങ്ങളെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ അമിതമായ ആഗ്രഹം യൂറോപ്പിനെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിട്ടു.
ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ ഉള്ള ഭീഷണി ഉയർത്തിക്കാട്ടിയാണ് ട്രംപിന്റെ നടപടികളില്‍ പലതും. തന്റെ സൈനിക ശക്തി പ്രകടിപ്പിക്കുന്നതിലൂടെ, കഴിഞ്ഞ ദശകങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ നിന്ന് ഉയർത്തുന്ന അമേരിക്കൻ മേധാവിത്വത്തിനെതിരായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഒരു സാഹചര്യം അദ്ദേഹം സൃഷ്ടിക്കുമെന്നതാണ് സന്ദേശം.
ട്രംപ് ഭരണകൂടം തങ്ങളുടെ പുതിയ ദേശീയ സുരക്ഷാ തന്ത്രത്തിലും ഇതേ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതനുസരിച്ച്, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ, അതായത് ലാറ്റിൻ അമേരിക്കയിൽ, ആദ്യം അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിക്കുക, തുടർന്ന് മറ്റ് വെല്ലുവിളികളിലേക്ക് നീങ്ങുക എന്നതാണ് ആശയം. വെനിസ്വേലയ്ക്കെതിരായ ആക്രമണം ഈ തന്ത്രത്തിന്റെ തുടക്കമായിരുന്നു. ഇത് ലാറ്റിൻ അമേരിക്കയിലേക്കുള്ള ചൈനയുടെ വ്യാപനം തടയാനുള്ള ഒരു നീക്കത്തിന്റെ തുടക്കമായി അടയാളപ്പെടുത്തി.
എന്നാൽ, ഈ ആക്രമണം ട്രംപിന്റെ “അമേരിക്കയെ വീണ്ടും മഹത്തരമാക്കുക” എന്ന ലക്ഷ്യം കൈവരിക്കുമോ – അതായത്, തന്റെ രാജ്യത്തിന്റെ ആഗോള ആധിപത്യം പുനഃസ്ഥാപിക്കാന്‍ കഴിയുമോ?
ലാറ്റിൻ അമേരിക്കയെ “തിരിച്ചുപിടിക്കുക”, മൺറോ സിദ്ധാന്തം പുനരുജ്ജീവിപ്പിക്കുക, വെനിസ്വേല, പനാമ, ബ്രസീൽ, മുഴുവൻ ഭൂഖണ്ഡത്തെയും അമേരിക്കയുടെ പ്രത്യേക അധികാരപരിധിയിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയെക്കുറിച്ച് ട്രംപ് സംസാരിക്കുമ്പോൾ, പലരും അതിനെ അദ്ദേഹത്തിന്റെ ‘ശക്തിയായി’ വ്യാഖ്യാനിക്കുന്നു. പക്ഷേ അത് ശക്തിയല്ല. അത് ബലഹീനതയുടെ പ്രകടനമാണ്. കളിക്കാൻ കാർഡുകളൊന്നുമില്ലാത്ത ഒരാൾ മാത്രമേ കളിയുടെ മധ്യത്തിൽ ‘കള്ളക്കളി’ കളിക്കൂ. പാപ്പരത്തത്തിന്റെ വക്കിലുള്ള ഒരു ചൂതാട്ടക്കാരൻ മാത്രമേ കൊള്ളയടിക്കുന്നതിൽ ഏർപ്പെടൂ.
യുഎസ് ഉപരോധങ്ങൾ ഇപ്പോഴും പ്രവർത്തിച്ചിരുന്നെങ്കിൽ, ഡോളർ ഇപ്പോഴും സ്വാധീനം ചെലുത്തിയിരുന്നെങ്കിൽ, രാഷ്ട്രീയ സമ്മർദ്ദം, സാമ്പത്തിക യുദ്ധം, നയതന്ത്ര ഒറ്റപ്പെടൽ എന്നിവ ഇപ്പോഴും ഫലം കണ്ടിരുന്നെങ്കിൽ, അമേരിക്കയ്ക്ക് ഈ ചെളിയിൽ മുങ്ങേണ്ടിവരില്ലായിരുന്നു, മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തി അതിന്റെ നേതാക്കളെ പരസ്യമായി തട്ടിക്കൊണ്ടുപോകേണ്ടി വരില്ലായിരുന്നു, സർക്കാരുകളെ മാറ്റുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വരില്ലായിരുന്നു, മറ്റുള്ളവരുടെ അദ്ധ്വാന വിഭവങ്ങൾ പിടിച്ചെടുക്കേണ്ടി വരില്ലായിരുന്നു. ഇത് ശക്തിപ്രകടനമല്ല, മറിച്ച് സാമ്രാജ്യത്തിന്റെ പതന ജ്വാലകളാണ്.
ഈ സംഘർഷത്തിന്റെ ഫലം നിക്കോളാസ് മഡുറോ അതിജീവിക്കുമോ എന്നതിനെ ആശ്രയിച്ചല്ല – അതോ ഒരു സർക്കാർ വീഴുമോ എന്നതിനെ ആശ്രയിച്ചല്ല. അത് കൂടുതൽ ലൗകികവും ഭൗതികവുമായ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അമേരിക്ക ലാറ്റിൻ അമേരിക്കയെ നിസ്സാരമായി കാണുകയും അതിനെ തങ്ങളുടെ “മുറ്റം” എന്ന് വിളിക്കുകയും ചെയ്യുമ്പോൾ, അവിടെ അമേരിക്കൻ ഭൂമി ഇനി കാണില്ല എന്ന സത്യം കാണാതെ പോയി. വയലുകളിൽ വളരുന്ന ചൈനീസ് സോയാബീനുകൾ അവർ കാണുന്നു, തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ കയറ്റുന്ന ചൈനീസ് ക്രെയിനുകൾ, ചൈനീസ് പവർ ഗ്രിഡുകൾ, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, റോഡുകൾ, റെയിൽവേകൾ എന്നിവ ദൈനംദിന ജീവിതത്തിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നു… അതെല്ലാം മറ്റുള്ളവരുടേതാണ്… അതായത് ചൈനയുടെ. ഏതൊരു പ്രത്യയശാസ്ത്രത്തേക്കാളും ശക്തമാണ് ഈ പ്രതിഭാസം. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ അടിസ്ഥാന സൗകര്യമാണിത്. ഉത്തരവുകൾ കൊണ്ട് മാത്രം അടിസ്ഥാന സൗകര്യങ്ങൾ അപ്രത്യക്ഷമാകുന്നില്ല. ലാറ്റിൻ അമേരിക്കയിൽ നിന്ന് ചൈനയെ നീക്കം ചെയ്യുന്നതിന് ആ അടിസ്ഥാന സൗകര്യങ്ങൾ നീക്കം ചെയ്യുകയും ദുർബലമായ സമ്പദ്വ്യവസ്ഥകൾ തകരുകയും ചെയ്യേണ്ടതുണ്ട്.
ട്രംപിന്റെ വെനിസ്വേലൻ അഭിനിവേശം ജനാധിപത്യത്തെക്കുറിച്ചോ, മനുഷ്യാവകാശങ്ങളെക്കുറിച്ചോ, പരമ്പരാഗത അർത്ഥത്തിൽ എണ്ണയെക്കുറിച്ചോ അല്ല. അത് ഈടിനെക്കുറിച്ചാണ്. അമേരിക്ക സ്വന്തം ബാലൻസ് ഷീറ്റിന്റെ വലയത്തിലാണ്. വരുന്ന വർഷം മാത്രം കടം വീട്ടാൻ, ഏകദേശം 5 ട്രില്യൺ ഡോളർ പുതിയ ട്രഷറി കടം പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാൽ, കുറച്ച് രാജ്യങ്ങൾ മാത്രമേ വലിയ തോതിലുള്ള കടം അമേരിക്കയില്‍ നിന്ന് വാങ്ങാൻ തയ്യാറാകൂ. കാരണം, അവരുടെ തല അമേരിക്കയുടെ കക്ഷത്തില്‍ വെച്ചു കൊടുക്കാന്‍ അവര്‍ തയ്യാറാകുകയില്ല. ആഗോള ചരക്ക് വ്യാപാരം ക്രമേണ ഡീഡോളറൈസ് ചെയ്യപ്പെടുകയാണ്. പണം അച്ചടിക്കാനും സ്വന്തം ട്രഷറി ബോണ്ടുകൾ തിരികെ വാങ്ങാനും യുഎസ് നിർബന്ധിതനായാൽ, പണപ്പെരുപ്പം നിയന്ത്രണാതീതമാകും.
വാഷിംഗ്ടണിൽ ഒരു പുതിയ സിദ്ധാന്തം ഉയർന്നുവന്നിട്ടുണ്ട് – എണ്ണ, വാതകം, അപൂർവ ഭൂമി ധാതുക്കൾ തുടങ്ങിയ വലിയ യഥാർത്ഥ ആസ്തികളുടെ ശേഖരം പിടിച്ചെടുക്കുക, അവയെ ഡോളറുമായി വീണ്ടും ബന്ധിപ്പിക്കുക, അത് ഒരു അടിത്തറയായി ഉപയോഗിച്ച് യു എസ് കറൻസിയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കുക.
വെനിസ്വേലയുടെ എണ്ണ ശേഖരം പതിനായിരക്കണക്കിന് ട്രില്യൺ ഡോളര്‍ മൂല്യമുള്ളതാണ്. എന്നാൽ വാസ്തവത്തിൽ, വെനിസ്വേലൻ എണ്ണ അത്ര എളുപ്പത്തിൽ വിപണനം ചെയ്യാൻ കഴിയുന്നതല്ല. അതിനാൽ, വെനിസ്വേലൻ എണ്ണ ഒരു കെണിയാണ്. വെനിസ്വേലൻ അസംസ്കൃത എണ്ണ ലോകത്തിലെ ഏറ്റവും ശുദ്ധീകരിക്കാൻ പ്രയാസമുള്ള ഒന്നാണ്. ഇത് വളരെ ഭാരമുള്ളതും ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിട്ടതുമാണ്. ഇത് വേർതിരിച്ചെടുക്കുന്നതിനും, ശുദ്ധീകരിക്കുന്നതിനും, കൊണ്ടുപോകുന്നതിനും വളരെ സങ്കീർണ്ണമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. അത്തരം സംവിധാനങ്ങൾ വലിയ തോതിൽ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ലോകത്തെ രണ്ട് രാജ്യങ്ങൾക്ക് മാത്രമേ സാങ്കേതികവും വ്യാവസായികവുമായ ശേഷിയുള്ളൂ: ചൈനയും അമേരിക്കയും.
ചൈന ഇതിനകം അത് ചെയ്തു കഴിഞ്ഞു. വെനിസ്വേലയുടെ എണ്ണയുടെ 70 ശതമാനവും ചൈനയാണ് വാങ്ങുന്നത്. എണ്ണ ഉപയോഗയോഗ്യവും കയറ്റുമതിയോഗ്യവുമാക്കുന്ന മിക്ക അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണത്തിനും പ്രവർത്തനത്തിനും ചൈന ധനസഹായം നൽകിയിട്ടുണ്ട്. ചൈനയെ പുറത്താക്കിയാൽ, അത് ആര് മാറ്റിസ്ഥാപിക്കും?
അമേരിക്കൻ എണ്ണക്കമ്പനികൾ – ഷെവ്റോൺ, എക്സോൺ മൊബിൽ, കൊണോകോഫിലിപ്സ് (സിഒപി) – അഞ്ച് വർഷത്തിനുള്ളിൽ നൂറ് ബില്യൺ ഡോളർ അവിടെ ചെലവഴിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നില്ല. വാഷിംഗ്ടണില്‍ രാഷ്ട്രീയ കാറ്റ് മാറി വീശിയാല്‍ എണ്ണ വ്യവസായം വീണ്ടും ദേശസാൽക്കരിക്കപ്പെടാമെന്നതിനാലാണിത്. ഇനി അമേരിക്കൻ കമ്പനികൾ വന്നാല്‍ തന്നെ അവർ അവരുടെ എണ്ണ ആർക്കാണ് വിൽക്കുക?
ഈ എണ്ണ ഉപയോഗിക്കാൻ തക്ക വലിയ സമ്പദ്വ്യവസ്ഥയും അത് ഉപയോഗിക്കാനുള്ള സാങ്കേതിക ശേഷിയും അത് ഉപയോഗയോഗ്യമാക്കാനുള്ള ക്ഷമയും ഉള്ള ഒരേയൊരു വാങ്ങുന്നയാൾ ചൈനയാണ്. വെനിസ്വേലയിലെ ചൈനയുടെ ആസ്തികൾ പിടിച്ചെടുക്കുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ, ചൈന തീർച്ചയായും തിരിച്ചടിക്കും. അത് വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും വിപണികളെ ബാധിക്കുകയും ചെയ്യും. ആത്യന്തികമായി, ഉപരോധങ്ങൾ രണ്ട് വഴികളിലും പ്രയോഗിക്കപ്പെടും. അമേരിക്കയുടെ വെനിസ്വേലൻ സ്വപ്നങ്ങളെ തകർക്കുന്ന വാദങ്ങളാണിവ.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഭവവികാസങ്ങളെ മാറ്റിമറിക്കണമെന്ന ട്രംപിന്റെ നിർബന്ധബുദ്ധി അന്ധന് ആനയെക്കണ്ടതു പോലെയാണ്. എല്ലാത്തിനുമുപരി, വെനിസ്വേലയിലെ സ്ഥിതി ഗ്രീൻലാൻഡിലെയോ മറ്റ് പ്രദേശങ്ങളിലെയോ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമാണ്. അവിടത്തെ യാഥാർത്ഥ്യങ്ങളും യുഎസിന് അനുകൂലമല്ല. ഈ യാഥാർത്ഥ്യങ്ങൾ നോക്കുമ്പോൾ തീർച്ചയായും യുഎസ് സാമ്രാജ്യത്തിന്റെ നേതാക്കള്‍ക്ക് ഭീകരത അനുഭവപ്പെടും. ഓരോ വർഷം കഴിയുന്തോറും ആ മുള്ളുകൾ കൂടുതൽ മൂർച്ചയുള്ളതായി മാറി അവര്‍ക്ക് മുള്‍ക്കിരീടമൊരുക്കും.
അമേരിക്കയുടെ ആഗോള ആധിപത്യം കെട്ടിപ്പടുത്ത ശക്തികളിൽ സൈനിക ശക്തി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതാണ് പ്രധാന കാര്യം. ഉൽപാദനപരമായ സമ്പദ്വ്യവസ്ഥയിലൂടെ അതിന്റെ പ്രതിച്ഛായയുമായി ബന്ധപ്പെട്ട സമൃദ്ധിയും ക്ഷേമവും എന്ന സ്വപ്നം തകർന്നു.
ഒരു സാമ്രാജ്യത്തിന് അതിന്റെ കാലിനു താഴെ നിന്ന് നിലം വഴുതി പോകുന്നത് അംഗീകരിക്കുക അത്ര എളുപ്പമല്ല. അമേരിക്കൻ ഭരണവർഗം ഇന്ന് ഈ മാനസികാവസ്ഥയാണ് അനുഭവിക്കുന്നത്. തുസ്സിഡിഡീസ് കെണിയുടെ ഇരയാണ് അവർ എന്ന് പറയാം, അതിന്റെ അനന്തരഫലങ്ങൾ ലോകം മുഴുവൻ അനുഭവിക്കുന്നുണ്ട്. പുരാതന ഗ്രീക്ക് ചിന്തകനായ തുസ്സിഡിഡീസ് വിശദീകരിച്ച ഒരു സിദ്ധാന്തമാണ് തുസ്സിഡിഡീസ് കെണി. അതനുസരിച്ച്, ഉയർന്നുവരുന്ന ഒരു ശക്തി അതിവേഗം വളരുകയും ഒരു സ്ഥാപിത ശക്തിയെ വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ, രണ്ടും തമ്മിലുള്ള സംഘർഷത്തിനോ യുദ്ധത്തിനോ ഉള്ള സാധ്യത വർദ്ധിക്കുന്നു. പ്രത്യക്ഷത്തിൽ, സ്ഥാപിത ശക്തിയായ അമേരിക്കയെ ഇന്നത്തെ ഉയർന്നുവരുന്ന ശക്തിയായ ചൈന വെല്ലുവിളിക്കുകയാണ്.
അമേരിക്ക ഇപ്പോഴും അധികാരം കൈവശം വച്ചിരിക്കുന്ന അതേ മണ്ണിൽ ചൈന മത്സരിക്കുന്നില്ല. നേരിട്ടുള്ള സൈനിക സംഘർഷം ഒഴിവാക്കുക എന്നതാണ് അവരുടെ തന്ത്രം. പകരം, അടിസ്ഥാന സൗകര്യ നിർമ്മാണം, വ്യാപാരം, സാമ്പത്തിക, സാങ്കേതിക സഹകരണം എന്നിവയിലൂടെ വ്യത്യസ്തമായ ഒരു മത്സര മേഖലയാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്, അവിടെ അമേരിക്കയുടെ ശക്തി അപര്യാപ്തമാണ്. ആ തന്ത്രത്തിൽ നിന്ന് നേടിയ ശക്തിയിൽ നിന്ന് ചൈന, ഒരിക്കൽ അമേരിക്കൻ പദവിയെ രൂപപ്പെടുത്തിയതിൽ നിന്ന് വ്യത്യസ്തമായ ഒരു തരം സ്വന്തം സോഫ്റ്റ് പവർ കെട്ടിപ്പടുക്കുകയാണ്. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, സാംസ്കാരിക തുറന്ന മനസ്സ് തുടങ്ങിയവയുടെ ചാമ്പ്യനാകുക എന്ന ആഖ്യാനത്തിലാണ് അമേരിക്കയുടെ സോഫ്റ്റ് പവർ കെട്ടിപ്പടുത്തത്. എന്നാല്‍, സ്വന്തം പെരുമാറ്റം, സോഷ്യൽ മീഡിയയുടെ വ്യാപനം എന്നിവ കാരണം, ആ അമേരിക്കൻ സോഫ്റ്റ് പവർ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. മറുവശത്ത്, പങ്കിട്ട അഭിവൃദ്ധി, അവിഭാജ്യ സുരക്ഷ, നാഗരികതകളുടെ പൊതുത എന്നിവയ്ക്കായി വാദിച്ചുകൊണ്ട്, മുമ്പ് അവഗണിക്കപ്പെട്ടതായി തോന്നിയ പ്രദേശങ്ങളിൽ ചൈന സ്വയം നല്ല മനസ്സ് സൃഷ്ടിച്ചു.
ഈ സാഹചര്യത്തിൽ, അമേരിക്കൻ ഭരണാധികാരികൾ സൈനിക ശക്തിയെ മാത്രം ആശ്രയിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, ആ ശക്തിക്ക് നാശം മാത്രമേ നേടാൻ കഴിയൂ. അമേരിക്കൻ ഭരണാധികാരികൾ ആത്മപരിശോധന നടത്തിയാൽ, വിയറ്റ്നാം മുതൽ അഫ്ഗാനിസ്ഥാൻ വരെയും, സിറിയ മുതൽ ലിബിയ, സൊമാലിയ വരെയും – വെനിസ്വേല പോലും – സൈനിക നടപടികളിലൂടെ അവർ നാശം വിതച്ചിട്ടുണ്ട്. പക്ഷേ, ഒരിടത്തും അവർ തങ്ങളുടെ പ്രഖ്യാപിത സൈനിക ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് അവർക്ക് മനസ്സിലാകും. വ്യക്തമായും, ഭാവിയിലും അവർക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. അവരുടെ അധികാരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് ആഗോള കുഴപ്പത്തിന്റെ ഒരു താൽക്കാലിക അവസ്ഥ സൃഷ്ടിക്കുക എന്നതാണ്. എന്നാൽ, താമസിയാതെ അല്ലെങ്കിൽ പിന്നീട്, ക്രമം പുനഃസ്ഥാപിക്കപ്പെടും – തുടർന്ന് മുൻകാലങ്ങളിൽ നിരവധി സാമ്രാജ്യങ്ങൾക്ക് സംഭവിച്ചതുപോലെ, ഒരിക്കൽ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ചക്രവർത്തി തകരുന്നത് ലോകം കാണും!
(ചീഫ് എഡിറ്റര്‍)
