ദീപക്കിന്റെ ആത്മഹത്യ: ബസ്സില്‍ വെച്ച് വീഡിയോ ചിത്രീകരിച്ച ഷിംജിത റിമാന്റില്‍; ഷിംജിതയെ പോലീസ് സഹായിച്ചതായി ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ബസ്സില്‍ വെച്ച് ദീപക് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ റിമാന്റ് ചെയ്തു. അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണവുമായി ദീപക്കിന്റെ കുടുംബവും രംഗത്തെത്തി. കുടുംബം നേരത്തെ പോലീസിനെ വിമർശിച്ചിരുന്നു. ഷിംജിതയെ സഹായിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. നിയമം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെയല്ലേ എന്നാണ് അവരുടെ ചോദ്യം.

അറസ്റ്റു ചെയ്ത ഷിംജിതയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകാതെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് എന്തുകൊണ്ടാണെന്നും അറസ്റ്റ് ചെയ്യാൻ പോലീസ് വൈകിയത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു. അറസ്റ്റ് വൈകുന്നത് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചു. ഷിംജിതക്ക് ഇത്രയധികം സംരക്ഷണം നൽകുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ഷിംജിത മുസ്തഫയ്ക്കുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിതയെ അറസ്റ്റു ചെയ്തത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അവരെ മഞ്ചേരി ജയിലിലേക്ക് മാറ്റും.

Leave a Comment

More News