കണ്ണൂർ: അച്ചടക്ക ലംഘനം നടത്തിയ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി സംബന്ധിച്ച തീരുമാനം. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വി കുഞ്ഞികൃഷ്ണന്‍ ചെയ്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്നും നേതാക്കൾ ആരോപിച്ചു. രണ്ട് പാർട്ടി കമ്മീഷനുകൾ അന്വേഷണം നടത്തിയിട്ടും ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതിനുശേഷവും പാർട്ടിയെ അപമാനിക്കുന്ന പ്രസ്താവനകൾ അദ്ദേഹം തുടർന്നുവെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം നടത്തിയ തുറന്നു പറച്ചിലുകൾ പാർട്ടിയെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും യോഗം ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് മിക്ക നേതാക്കളും യോഗത്തിൽ ആവശ്യപ്പെട്ടു.
പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന തീരുമാനം പ്രതീക്ഷിച്ചതാണെന്ന് വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പാർട്ടിയെ നന്നായി അറിയാമെന്നും, ഇത്തരമൊരു സാഹചര്യം തന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് നടക്കുന്ന അപചയങ്ങൾ തുറന്നുകാട്ടാതെ ഒരു കമ്മ്യൂണിസ്റ്റുകാരന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും, നടപടിയെടുക്കുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം വിഷയങ്ങൾ പാർട്ടിയെ തന്നെ അറിയിച്ചിരുന്നുവെങ്കിലും, ആവർത്തിച്ച് ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. അതിനാലാണ് ജനങ്ങൾക്കുമുന്നിൽ കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും അപചയങ്ങൾ തുറന്നുകാട്ടുന്നതിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. 100 പേജുള്ള തന്റെ പുസ്തകം ഈ മാസം 29ന് പുറത്തിറങ്ങും. അതിൽ എല്ലാ കണക്കുകളും കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിക്കുക മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യമെന്നും, വിജയത്തിനായി ആദ്യം പാർട്ടി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ പോയാൽ കേരളത്തിലെ പാർട്ടിക്ക് ബംഗാളിലെ അവസ്ഥ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ കഴിയുക അതിനകത്തുള്ളവർക്കു മാത്രമാണെന്നും, നേതൃത്വം തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. അണികൾ ഇക്കാര്യങ്ങളിൽ അസന്തൃപ്തരാണെന്നും, താൻ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നും ഇനി മത്സരിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ കണ്ണൂരിൽ സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കി. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും, പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനും മറ്റുള്ളവരും സ്വരൂപിച്ച ഒരു കോടി രൂപയിൽ 46 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. തെളിവുകൾ പാർട്ടിക്ക് കൈമാറിയിട്ടും നടപടിയെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
