വ്ലോഗര്‍ ഷിംജിത മുസ്തഫയുടെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധി ഇന്ന്

കോഴിക്കോട്: വ്ലോഗര്‍ ഷിംജിത മുസ്തഫയെ ബസില്‍ വെച്ച് പീഡിപ്പിച്ചെന്ന് വരുത്തിത്തീര്‍ത്ത് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഷിംജിതയുടെ ജാമ്യ ഹര്‍ജിയില്‍ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

വടകര സ്വദേശിനിയായ ഷിംജിത മുസ്തഫ (35) ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ബസിൽ നിന്ന് ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഷിംജിത, ബസ്സില്‍ വെച്ച് ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്, ആ വ്യക്തി ദീപക് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു.

വീഡിയോ വൈറലായതോടെ കടുത്ത മനോവിഷമത്തിലായ ദീപക് തന്റെ സുഹൃത്തുക്കളോട് നിരപരാധിത്വം പ്രഖ്യാപിക്കുകയും അപമാനം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്തു. ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഷിംജിതയ്ക്ക് വേണ്ടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടില്ല. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് അയച്ചിട്ടുണ്ട്. ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. ഷിംജിതയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഷിംജിത രാജ്യം വിടാൻ ശ്രമിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷിംജിത പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് ചുരുക്കിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Leave a Comment

More News