ട്രംപിന്റെ കൈയിലെ നീല അടയാളം ആസ്പിരിന്റെ അമിത ഉപയോഗം മൂലമാണെന്ന്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടതുകൈയിലെ നീല പാടുകൾ ആഗോള മാധ്യമങ്ങളിൽ ചര്‍ച്ചാ വിഷയമായി മാറി. അദ്ദേഹത്തിന്റെ പ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നത്. വൈറ്റ് ഹൗസ് നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ദാവോസിൽ നിന്ന് മടങ്ങുമ്പോൾ എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ട്രംപ് തന്നെ ഇതിനുള്ള കാരണം വിശദീകരിച്ചു. താൻ ദിവസവും വലിയ അളവിൽ ആസ്പിരിൻ കഴിക്കാറുണ്ടെന്നും അതുകൊണ്ടാണ് ചെറിയ പരിക്കുകൾ പോലും ചതവുകൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ തന്റെ കൈ ഒരു മേശയിൽ തട്ടിയപ്പോൾ പാടുകൾ പ്രത്യക്ഷപ്പെട്ടുവെന്ന് ട്രംപ് വിശദീകരിച്ചു. താന്‍ ആസ്പിരിന്റെ വലിയ ഗുളികയാണ് കഴിക്കുന്നതെന്നും, തന്റെ ഡോക്ടർമാർ അതിനെതിരെ ഉപദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ വളരെ ആരോഗ്യവാനാണെന്ന് ഡോക്ടർ പറയുന്നു, നിങ്ങൾക്ക് അത് ആവശ്യമില്ല. പക്ഷേ, എനിക്ക് ഒരു റിസ്‌കും എടുക്കാൻ താൽപ്പര്യമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാന ബോർഡിന്റെ പ്രഖ്യാപനത്തിനിടെ ട്രംപിന്റെ കൈ ഒപ്പിടൽ മേശയുടെ മൂലയിൽ ഇടിച്ചതായും അത് ഒരു അടയാളത്തിന് കാരണമായതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.

ആസ്പിരിന്റെ അമിത അളവ് മൂലമാകാം നീല അടയാളം ഉണ്ടായതെന്ന് നാല് ഡോക്ടർമാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ആസ്പിരിൻ രക്തത്തെ നേർപ്പിക്കുകയും ചെറിയ പരിക്കുകൾ പോലും കൂടുതൽ ദൃശ്യമാക്കുകയും രോഗശാന്തിയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഈ മാസം ആദ്യം ഒരു അഭിമുഖത്തിൽ, ഡോക്ടർമാർ നിർദ്ദേശിച്ചതിനേക്കാൾ ഉയർന്ന അളവിൽ ആസ്പിരിൻ താൻ കഴിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. തന്റെ ഹൃദയത്തിലേക്ക് രക്തം സ്വതന്ത്രമായി ഒഴുകാനാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ട്രംപിന്റെ കൈയിലും നീല അടയാളങ്ങൾ ദൃശ്യമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് അദ്ദേഹത്തിന്റെ പതിവ് ഹസ്തദാനം മൂലമാണെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചു. 79 വയസ്സുള്ള ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പ്രസിഡന്റാണ്. 82 വയസ്സുള്ളപ്പോൾ പ്രസിഡന്റ് സ്ഥാനം രാജിവച്ച ജോ ബൈഡനായിരുന്നു അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന പ്രസിഡന്റ്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മൂലം രണ്ടാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് ഇടയ്ക്കു വെച്ച് അദ്ദേഹം പിന്മാറി.

അതേസമയം, ബൈഡന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ട്രം‌പ് നിരന്തരം അദ്ദേഹത്തെ പരിഹസിക്കുമായിരുന്നു. “സ്ലീപ്പി ജോ” എന്നുവരെ വിളിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നു.

 

Leave a Comment

More News