വാടിക്കിടക്കുന്നു പുൽക്കൊടികൾ
നിമ്‌നോന്നതമാം ധരണിയിൽ…
സ്വാസ്ഥ്യവുമാനന്ദവും നടനമാടിയിരുന്ന
സൗധങ്ങൾ, ഇന്നെവിടെയും ഇഷ്ടികക്കൂനകൾ..!
ധരയിലെങ്ങും പ്രിയരുടെ വിലാപം…
കാളമേഘങ്ങൾ മാരിവർഷിക്കാൻ മടിച്ച്,
ഊഴിയിലെ ദൗർഭാഗ്യരെ നോക്കിച്ചിരിക്കുന്നു
പുതുനാമ്പുകൾ കിളിർക്കാതിരിക്കാനെന്നപോൽ!
പുൽപ്പരപ്പെങ്ങും കേഴുന്നു അല്പം ദാഹജലത്തിനായ്-
വിധ്വംസകർ വംശവെറിയാൽ വെട്ടിവീഴ്ത്തിയ
മർത്ത്യരക്തം കഴുകിക്കളയാനുമായ്!
തമസ്സിനെ കീറിമുറിച്ചുവരും ഉഷസ്സിൻകതിരൊളി കാണ്മാൻ…
മനസ്സിൽ ദുന്ദുഭികൊട്ടുo സ്നേഹസുദിനമാസ്വദിക്കാൻ…
പൈതലിൻ പുഞ്ചിരി ഒരുനാൾ നുകരാനായ്
ആശ്വാസനിശ്വാസത്തിൻ കുളിർതെന്നനിലായ്….
