വീണ്ടും ചില ജന്മദിന ചിന്തകള്‍ (ലേഖനം): രാജു മൈലപ്ര

അങ്ങിനെ എന്റെ ആയുസ്സിന്റെ കലണ്ടറില്‍ – ഏപ്രില്‍ പത്തിന് – ഒരു താളുകൂടി മറിയുന്നു. ആത്മകഥയുടെ അവസാന അദ്ധ്യായം എഴുതേണ്ട സമയം സമാഗതമായിരിക്കുന്നു.

വാര്‍ദ്ധക്യത്തിലേക്കടുക്കുമ്പോള്‍, കഴുകന്റെ വേഗത്തിലാണ് സമയം പറക്കുന്നത്.

എഴുത്തോലയില്‍ ആരംഭിച്ച അറിവിന്റെ ആദ്യ പാഠങ്ങള്‍, ഇന്നത്തെ ‘Artificial intelligence’ മായി കൂട്ടിമുട്ടിക്കുവാന്‍ ഞാന്‍ പെടാപാടുപെടുന്നു. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു കാലം.

ബാല്യം, കൗമാരം, യൗവനം ഈ ഘട്ടങ്ങളൊക്കെ പിന്നിട്ട്, ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോഴും, പതിനേഴിന്റെ മോഹങ്ങളില്‍ നിന്നും മനസ് ഇന്നും മോചനം നേടിയിട്ടില്ല.

എന്തു ചെയ്യാം? മനസ്സും ശരീരവും രണ്ട് സമാന്തര രേഖകളില്‍ കൂടിയാണ് സഞ്ചരിക്കുന്നത്.

‘Age is just a number’ എന്നു പറയുന്നത് വയോധികരെ സന്തോഷിപ്പിക്കുവാനുള്ള ഒരു ഭംഗിവാക്കു മാത്രമാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും, അറുപത് കഴിയുമ്പോള്‍ ശരീരം അതിന്റെ അവശലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. ലാലേട്ടനെപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞാവും നടത്തം.

ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ, രോഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നമ്മേ തേടിവരും. കണ്ണും, കാതും, കരളും- എന്തിനേറെ ? തലച്ചോറു വരെ ഓരോ വൈദ്യന്മാര്‍ക്കായി വീതിച്ചു നല്‍കേണ്ടിവരും.

അവശേഷിക്കുന്ന മുടിയും, മീശയും കരിഓയില്‍ തേച്ചുപിടിപ്പിച്ച്, വാര്‍ദ്ധക്യ ലക്ഷണങ്ങളെ മറയ്ക്കുവാന്‍ എത്ര ശ്രമിച്ചാലും, കവിളിലേയും, കഴുത്തിലേയും ചുളിവുകള്‍ നമ്മുടെ കള്ളി വെളിച്ചത്തു കൊണ്ടുവരും.

ജീവിതയാത്രയില്‍ വാര്‍ദ്ധക്യം ഒരു സത്യമാണെന്ന് അംഗീകരിച്ച്, നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ മടി കാണിക്കരുത്.

‘താനൊരു സംഭവമാണെന്നും, താനില്ലെങ്കില്‍ പരിപാടികളൊന്നും ശരിയായി നടക്കില്ല’ എന്നുള്ള മിഥ്യാ ധാരണ മാറ്റണം.

സംഘടനകളുടെ തലപ്പത്ത് സ്ഥിരമായി കടിച്ചുതൂങ്ങി കിടക്കാതെ, അവര്‍ തള്ളി മാറ്റുന്നതിനു മുമ്പായി, യുവജനങ്ങള്‍ക്കായി അവസരമൊരുക്കുവാനുള്ള വിവേകം കാണിക്കണം.

എപ്പോഴും സ്‌റ്റേജിലും, മുന്‍നിരയിലും ഒരു ഇരിപ്പിടം വേണമെന്നുള്ള വാശി ഉപേക്ഷിക്കണം. താന്‍ കൂടി നിലവിളക്കിന്റെ ഒരു തിരി കൊളുത്തിയാലേ, കാര്യങ്ങള്‍ മംഗളമായി പര്യവസാനിക്കൂ എന്ന മട്ടില്‍ തള്ളിക്കയറരുത്.

‘ഇയാളൊരു ശല്യമായല്ലോ’ എന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കുവാന്‍ ഇടവരുത്തരുത്

‘തന്റെ പ്രതാപകാലം കഴിഞ്ഞിരിക്കുന്നു’ എന്നു വലിയ അക്ഷരത്തില്‍ ഭിത്തിയില്‍ എഴുതി വെച്ചിരിക്കുന്നത് താങ്കളെപ്പറ്റിയാണെന്നു മനസ്സിലാക്കണം’.

‘ഒരുത്തന്‍ നിന്നെ വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുത്. ഒരു പക്ഷെ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്ന്, ‘അവന് ഇടം കൊടുക്ക’ എന്നു നിന്നോട് പറയുമ്പോള്‍, നീ ലജ്ജയോടെ പിന്‍ നിരയില്‍ പോയി ഇരിക്കേണ്ടിവരും

നിന്നെ ക്ഷണിച്ചാല്‍, പിന്‍ നിരയില്‍ ഇരിക്ക. നിന്നെ ക്ഷണിച്ചവന്‍ വന്ന് നിന്നോട് ‘സ്‌നേഹിതാ, മുന്നോട്ട് വന്ന് ഇരിക്ക’ എന്നു പറയുവാന്‍ ഇടവരട്ടെ! അപ്പോള്‍ സദസ്സിന് മുന്നില്‍ നിനക്കു മാനമുണ്ടാകും.

‘തന്നത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും
തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും’ (St. Mathew)

അതി സമ്പന്നന്‍ അല്ലെങ്കില്‍ സമൂഹത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും, സ്വന്തക്കാരില്‍ നിന്നുപോലും അര്‍ഹിക്കുന്ന അംഗീകാരം നമ്മള്‍ക്ക് ലഭിക്കില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കണം.

നമ്മുടെ സാന്നിധ്യം അവര്‍ക്ക് ആവശ്യമില്ല എന്നൊരു തോന്നലുണ്ടായാല്‍, മാന്യമായ അകലം പാലിക്കണം.

എന്റെ മരണം ആര്‍ക്കും വലിയൊരു നഷ്ടമാവില്ല എന്നെനിക്കുറപ്പുണ്ട്. ‘നമ്മുടെ രാജു ഉണ്ടായിരുന്നെങ്കില്‍….’ എന്ന് എന്നെയോര്‍ത്ത് ആരും നെടുവീര്‍പ്പെടില്ല. കാരണം എന്നോട് കടപ്പാട് അര്‍ഹിക്കത്തക്ക സഹായമോ, ഉപകാരമോ ഒന്നും ഞാനാര്‍ക്കും ചെയ്തിട്ടില്ല.

നിങ്ങളുടെ എത്രയോ ബന്ധുക്കളും, സ്‌നേഹിതരും ഇതിനോടകം എന്നെന്നേക്കുമായി വിട്ടുപോയി. ഈ ഘട്ടത്തില്‍ ദു:ഖിക്കുകയോ, സങ്കടപ്പെടുകയോ ചെയ്യരുത്. ഇതാണ് ജീവിതം. ഒടുവില്‍ അവരുടെ പിന്നാലെ നമ്മളും പോകും. അതിനാല്‍ നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ചലന ശക്തി നഷ്ടപ്പെടാത്തോളം കാലം. ജീവിതം പൂര്‍ണ്ണമായി ആസ്വദിച്ചു ജീവിക്കുക- ആരോഗ്യത്തിന് ആവശ്യമുള്ളത് കഴിക്കുക, കുടിക്കുക, കളിക്കുക, ചിരിക്കുക, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക. എപ്പോഴും സന്തോഷവാനായിരിക്കുക. ‘മറ്റുള്ളവര്‍ എന്തി വിചാരിക്കും’ എന്ന പേടി പാടെ ഉപേക്ഷിക്കുക.

നിവൃത്തിയുണ്ടെങ്കില്‍ ‘സീനിയര്‍ സിറ്റിസണ്‍സ് ക്ലബില്‍’ പങ്കെടുക്കരുത്. അവിടെ ‘ബാക്ക് യാര്‍ഡി’ലെ പയറിന്റേയും പടവലങ്ങയുടേയും, കൈകാല്‍ കഴപ്പിന്റേയും കാര്യമാണ് മിക്കവാറും ചര്‍ച്ച ചെയ്യുന്നത്.

‘ചീരയും, മുരിങ്ങയിലയും വയറിനു നല്ലതാണ്. മലശോധനയ്ക്ക് ഇതു വളരെ നല്ലതാണെന്ന്’ – ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ പറയും. എല്ലാം നെഗറ്റീവ്. കേള്‍ക്കുമ്പോള്‍ ഓക്കാനം വരും.

കഴിയുന്നിടത്തോളം കുട്ടികളുമായും, യുവജനങ്ങളുമായി സമയം പങ്കിടുക. അവരില്‍ നിന്നും പല പുതിയ അറിവുകളും നമ്മള്‍ക്ക് ലഭിക്കും- നമ്മളറിയാതെ ഒരു Positive Energy നമ്മളിലേക്ക് radiate ചെയ്യും.

എന്റെ ജന്മദിനത്തെപ്പറ്റി ആരോ ചര്‍ച്ച ചെയ്യുന്നുത് ഞങ്ങളുടെ കൊച്ചുമകള്‍, വിക്കി കേട്ടു.

അവള്‍ ഞാന്‍ കിടക്കുന്ന മുറിയിലേക്കു വന്നു. എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
‘Appa, how old are you?’ ഞാന്‍ എന്റെ പ്രായം പറഞ്ഞു. പെട്ടെന്ന് വിക്കിയുടെ മുഖത്തൊരു മ്ലാനത പടര്‍ന്നു.
‘I am sorry Appa. If you are that old, you are going to die soon’

സത്യത്തില്‍ ഞാനൊന്നു ഞെട്ടി. ഈ കാലത്തെ ആറു വയസ്സുകാരിക്കുപോലും മരണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ട്.

സമനില വീണ്ടെടുത്ത ഞാന്‍ വിക്കിയുടെ കവിളിലൊരുമ്മ കൊടുത്തിട്ടു പറഞ്ഞു:

‘No baby; I am not going to die soon. I will be still around for your wedding’ I said.

‘Don’t worry Appa. You don’t need to be there. Anyway it’s not going to be an Indian wedding’

ഞാന്‍ അന്തം വിട്ടുപോയി. ആറു വയസ്സുകാരിക്ക്, അവളുടെ വിവാഹത്തെപ്പറ്റി ഇപ്പോഴെ വ്യക്തമായ ധാരണയുണ്ട്’.

വിക്കി എന്റെ നെറ്റിയിലൊരു ഉമ്മ തന്നിട്ട് എന്നെ ആശ്വസിപ്പിച്ചു.

‘Appa, I promice, after my wedding me and my husband will to your graveyard with lot of flowers. And maybe, I will cry a little bit. Are you happy Now?’

സന്തോഷമായി മകളെ, സന്തോഷമായി!

‘ചുറ്റും ആയിരം പ്രശ്‌നങ്ങള്‍ കഴുകനെ പോലെ വട്ടമിട്ട് പറക്കുമ്പോഴും, അതെല്ലാം ചെറു പുഞ്ചിരിയില്‍ ഒതുക്കാന്‍ പറ്റുന്നതും, ഒരു തരത്തില്‍ ഒരു അനുഗ്രഹം തന്നെയാണ്’

‘ മരിച്ചു കിടക്കണം – കിടന്നു മരിക്കരുത്.’ എന്റെ ഒരു സുഹൃത്ത് പൊന്നച്ചന്‍ ഇടയ്ക്കിടെ പറയാറുണ്ട്.

‘ഒരു ജീവി ജനിക്കലന്ന്, ദൈവം
കരുതിയിട്ടവനുള്ള മൃത്യുകാലം
ഒരു ലേശമതൊന്നു മാറ്റി വെക്കാന്‍
അരുതാര്‍ക്കും, വിഫലം മനുഷ്യയജ്ഞം’

അതുകൊണ്ട്, ഒന്നിനെക്കുറിച്ചും അധികമൊന്നും ആലോചിക്കാതെ, വിക്കിയുടെ വിവാഹത്തില്‍ സംബന്ധിക്കമെന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ യാത്ര തുടരുകയാണ്!

Leave a Comment

More News