പൊള്ളാച്ചി: പൊള്ളാച്ചിയിൽ വാഹനാപകടത്തിൽ ഒരേ സ്കൂളിലെ അദ്ധ്യാപകരടക്കം ഒന്‍പത് പേര് മരിച്ചു. വാൽപ്പാറയിലെ പതിമൂന്നാം വളവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഗാർഡ് റെയിലിൽ ഇടിച്ച് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. വാഹനം പൂർണ്ണമായും തകർന്നു.
അദ്ധ്യാപകരോടൊപ്പം അവരിൽ ചിലരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള 16 പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിലെത്തിയത്. അവിടത്തെ കാഴ്ചകള്‍ കണ്ട് ഇന്ന് വൈകുന്നേരം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. വാൽപ്പാറ മലയോര റോഡിലെ 13-ാം നമ്പർ കൊണ്ടൈ ആയു വളവിലെത്തിയപ്പോള്‍ ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഗാര്‍ഡ് റെയിലില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായാണ് റിപ്പോര്‍ട്ട്.
വാനിലുണ്ടായിരുന്ന 16 പേരിൽ 8 പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും 8 പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് പ്രാഥമിക വിവരം. അപകടത്തിൽ ടൂറിസ്റ്റ് വാൻ പൂർണ്ണമായും തകർന്നു. പോലീസും അഗ്നിശമന സേനയും ചേർന്നാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
അപകടത്തില്‍ മരണപ്പെട്ടവര്‍: പുലാമന്തോൾ സ്വദേശി അജിത 54 (ഹെഡ് മിസ്ട്രസ്), പാങ്ങ് സ്വദേശികളായ റംല -52 (അദ്ധ്യാപിക), സുഹറ – 43 (അദ്ധ്യാപിക), ആശ – 41 (അദ്ധ്യാപിക), മജീദ് – 43 (അദ്ധ്യാപകന്), സാജിത – 45 (അദ്ധ്യാപിക), ഷക്കീല – 37 (അദ്ധ്യാപിക) , നൗഷാദ് – 39 (ഡ്രൈവർ), റുഖിയ – 39
