മുഖ്യമന്ത്രി സ്ഥാനം ഒരാള്‍ തന്നെ നിലനിര്‍ത്തുന്നതാണ് ഭരണപരമായ സ്ഥിരതയ്ക്ക് നല്ലത്: കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്, പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന അനാവശ്യ ചർച്ചകൾ ഹൈക്കമാൻഡ് ഉടൻ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ നിർണ്ണയിക്കാൻ കോൺഗ്രസിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നും, ജനങ്ങളുടെ വിധിയെ പരിഹസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനം ഒന്നിലധികം പേർ അവകാശപ്പെടുന്ന സാഹചര്യത്തിൽ, പദവി പങ്കിടുന്ന ‘ടേം വ്യവസ്ഥ’ നടപ്പിലാക്കുമോ എന്ന ചോദ്യത്തിന്, മുരളീധരൻ വ്യക്തമായ ഉത്തരം നൽകി. മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുത്താലും അഞ്ച് വര്‍ഷം ഭരിക്കുന്നതാണ് ഭരണ സ്ഥിരതയ്ക്കും പാർട്ടിക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

“നേരത്തെ, കെ. കരുണാകരനെയും എ.കെ. ആന്റണിയെയും കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാതെ പുറത്താക്കിയത് കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഇത്തരം ചരിത്രപരമായ തെറ്റുകൾ ആവർത്തിക്കരുത്,” അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യമായ അവകാശവാദങ്ങളും ചർച്ചകളും നടക്കുമ്പോൾ മുതിർന്ന നേതാക്കൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

​”യു.ഡി.എഫിന് വോട്ട് ചെയ്ത ജനങ്ങളെ പരിഹസിക്കരുത്. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നതാണ് കോൺഗ്രസ് രീതി. അത് അട്ടിമറിക്കാൻ ആരെയും അനുവദിക്കരുത്,” മുരളീധരന്‍ പറഞ്ഞു.

​യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്ലീം ലീഗിന് മുൻതൂക്കം ലഭിക്കുമെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് ലീഗ് നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിക്കുള്ളിലെ ഐക്യം തകർക്കുന്ന ചർച്ചകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

More News