കടുത്ത ചൂടില്‍ കേരളം വെന്തുരുകുന്നു; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു; ലോഡ് ഷെഡ്ഡിംഗും സർചാർജുകളും ഉയരാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ, വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഈ അനിയന്ത്രിതമായ വർദ്ധനവ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിലേക്കും അധിക സർചാർജുകളിലേക്കും നയിക്കുമെന്ന് ഉറപ്പാണ്. ഇന്നലെ രേഖപ്പെടുത്തിയ ദൈനംദിന ഉപഭോഗവും പീക്ക് ടൈം ഡിമാൻഡും സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

​കഴിഞ്ഞ വർഷം മെയ് 3 ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിന്റെ റെക്കോർഡ് ഇന്നലെ മറികടന്നു. ഇന്നലത്തെ പ്രതിദിന ഉപഭോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ പീക്ക് ടൈം ഡിമാൻഡ് ആദ്യമായി 6000 കടന്ന് 6013 മെഗാവാട്ടിലെത്തി.

ചൂട് താങ്ങാനാവാതെ എയർ കണ്ടീഷണറുകളും ഫാനുകളും നിർത്താതെ പ്രവർത്തിപ്പിക്കുന്നതും, പാചക വാതകത്തിന്റെ അഭാവം മൂലം ഇൻഡക്ഷൻ കുക്കറുകളെ അമിതമായി ആശ്രയിക്കുന്നതും ഉപഭോഗം വർദ്ധിപ്പിച്ചു. സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്ന പരമാവധി വിതരണ ശേഷി 6300 മെഗാവാട്ട് ആണ്. നിലവിലെ ആവശ്യം ഏകദേശം അതിനോടടുത്തു വരും.

തിരുവനന്തപുരം മുതൽ മലപ്പുറം വരെ 400 കെവി ട്രാൻസ്മിഷൻ ശൃംഖലകൾ മാത്രമേയുള്ളൂ. മറ്റ് പ്രദേശങ്ങളിൽ 110 കെവി ലൈനുകൾ ഉള്ളതിനാൽ, ട്രാൻസ്ഫോർമറുകൾക്ക് ലോഡ് നേരിടാൻ കഴിയുന്നില്ല.

അണക്കെട്ടുകളിലെ ജലനിരപ്പ് 37 ശതമാനമായി താഴ്ന്നു, ഇത് ആഭ്യന്തര ഉൽപാദനത്തെ ബാധിച്ചു. നിലവിൽ, ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ഭാഗം (86.01 ദശലക്ഷം യൂണിറ്റ്) പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങുകയാണ്. വരും മാസങ്ങളിൽ ഉപഭോക്താക്കളുടെ ബില്ലുകളിലെ ഇന്ധന സർചാർജിൽ ഇത് പ്രതിഫലിക്കും.

ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നു. രാത്രി 11 മണി വരെ അനാവശ്യ ലൈറ്റുകളും ഉയർന്ന വോൾട്ടേജ് ഉപകരണങ്ങളും ഓഫ് ചെയ്ത് പൊതുജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍‌കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

​വൈകീട്ട് 6 നും രാത്രി 10 നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ, നിലവിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കം വരും ദിവസങ്ങളിൽ ഔദ്യോഗിക ലോഡ് ഷെഡിംഗായി മാറാൻ സാധ്യതയുണ്ട്.

മന്ത്രി കെ കൃഷ്ണന്‍‌കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും സർവ്വകാല റെക്കോർഡ്; കേരളം ജാഗ്രതയോടെ മുന്നോട്ട്! ⚡📈
കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, ഇന്നലെ (17-04-2026) രണ്ട് പ്രധാന റെക്കോർഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്.

📊 പ്രതിദിന ഉപഭോഗം (All-time High): ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 116.1126 ദശലക്ഷം യൂണിറ്റ് (MU) ആയി ഉയർന്നു. 2024 മെയ് 3-ന് രേഖപ്പെടുത്തിയ 115.9485 MU എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്.

💥 പീക്ക് ടൈം ഡിമാൻഡ് (All-time High): വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകത 6013 MW എന്ന സർവ്വകാല റെക്കോർഡിലെത്തി. ഏപ്രിൽ 14-നുണ്ടായ 6012 MW എന്ന റെക്കോർഡാണ് ഇന്നലെ തകർന്നത്.

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കെ.എസ്.ഇ.ബി.

നമുക്ക് ശ്രദ്ധിക്കാം: അമിതമായ ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് ഈ വർധനവിന് കാരണം. തിരക്കേറിയ സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) അനാവശ്യമായ ലൈറ്റുകളും ഹൈ-വോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കി നമുക്കും സഹകരിക്കാം. 💡🛡️

Leave a Comment

More News