മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യ മത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യ മത്സരം മെയ് 22 മുതൽ 26 വരെ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റിൽ സ്‌പോൺസർ ബീന കണ്ണൻ കൊറ്റിയൂറാണ്. ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ ആറ് ദിവസങ്ങളിലായി മത്സരം നടക്കും.

മിസ്സ് യൂണിവേഴ്സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്റെ ഔദ്യോഗിക പ്രവേശനമാണ് ഈ മത്സരം. ഈ മത്സരത്തിലെ വിജയി പിന്നീട് നടക്കുന്ന മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ദേശീയതല മത്സരം സംഘടിപ്പിക്കുന്നത് ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. പ്രധാന നഗരങ്ങൾ, കോളേജുകൾ, ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ എന്നിവിടങ്ങളിൽ നടന്ന ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 24 മത്സരാർത്ഥികൾ വേദിയിൽ കിരീടത്തിനായി മത്സരിക്കും.

സെമി ഫൈനൽ മത്സരങ്ങൾ 25 ന് കൊച്ചിയിലെ ശീമാട്ടിയില്‍ നടക്കും. ശീമാട്ടി സിഇഒയും ലീഡ് ഫാഷൻ ഡിസൈനറുമായ ബീന കണ്ണൻ കൊറ്റിയൂര്‍, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 ജേതാവ് മണിക വിശ്വകർമ, മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ് എന്നിവർ സെമി ഫൈനൽ മത്സരത്തിന്റെ വിധികർത്താക്കളായിരിക്കും.

26 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയികൾ റാമ്പിൽ നടക്കും. മിസ് ഇന്റർനാഷണൽ ഇന്ത്യ റൂഷ് സിന്ധു, മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, അംജദ് ഖാൻ, മുൻ മിസ് യൂണിവേഴ്സ് കേരള ഐശ്വര്യ ശ്രീനിവാസൻ എന്നിവരടങ്ങുന്ന പാനലാണ് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരളയെ തിരഞ്ഞെടുക്കുന്നത്.

മിസ്സ് യൂണിവേഴ്സ് കേരളയുടെ ഡയറക്ടര്‍ അർച്ചന രവിയാണ്. പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാനാണ് പരിപാടിയുടെ ഷോ ഡയറക്ടറും കൊറിയോഗ്രാഫറും. സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുൾപ്പെടെ 350 മുതൽ 400 വരെ ക്ഷണിക്കപ്പെട്ട അതിഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

മിസ്സ് യൂണിവേഴ്സ് കേരള ഡയറക്ടർ അർച്ചന രവി, ശീമാട്ടി സിഇഒ ബീന കണ്ണൻ കൊറ്റിയൂര്‍, മിസ്സ് യൂണിവേഴ്സ് കേരള 2025 വിജയി ഐശ്വര്യ ശ്രീനിവാസൻ, റേഡിയൻസ് സ്ഥാപക ഡോ. ബാസിമ നഹാൻ, ഡോ. ജിജിസ് ക്ലിനിക് സ്ഥാപക ഡോ. ജിജി ഷംഷീർ, മിസ്സ് യൂണിവേഴ്സ് കേരള സ്ട്രാറ്റജിക് പാർട്ണർ പ്രമോദ് എന്നിവർ കൊച്ചിയിലെ ശീമാട്ടിയില്‍ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

More News