കേരളത്തിൽ 1000 കോടിയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നീക്കം; 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിക്കാൻ നിർദേശം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻതോതിലുള്ള നിക്ഷേപവും അടിസ്ഥാനസൗകര്യ വികസനവും ലക്ഷ്യമിട്ട് 1000 കോടി രൂപയുടെ പ്രത്യേക ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നിർദേശം. പ്രവാസി മലയാളികളുടെയും വ്യവസായികളുടെയും സാമ്പത്തിക സഹകരണത്തോടെ ‘നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട്’ എന്ന പേരിൽ പുതിയ ധനസമാഹരണ സംവിധാനം ആരംഭിക്കാനാണ് ആലോചന. 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ആയിരം കോടി രൂപയുടെ ഫണ്ട് സൃഷ്ടിക്കാനാണ് പദ്ധതി. മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്‌ക് ഫോഴ്‌സിനുവേണ്ടി തയ്യാറാക്കിയ പശ്ചാത്തലരേഖയിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ ആരോഗ്യസംവിധാനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ആഗോളതലത്തിലുള്ള നിക്ഷേപകരുടെയും ആരോഗ്യവിദഗ്ധരുടെയും സഹകരണം ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയുടെയും പ്രവാസി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ആരോഗ്യരംഗത്ത് പുതിയ വികസനസാധ്യതകൾ തുറക്കാമെന്നാണ് നിർദേശത്തിന്റെ അടിസ്ഥാന ആശയം.

ആരോഗ്യ ഫണ്ട് രൂപീകരിക്കുന്നതിനൊപ്പം കേരളത്തെ അന്താരാഷ്ട്ര ആരോഗ്യചർച്ചകളുടെയും നിക്ഷേപസഹകരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർദേശവും പശ്ചാത്തലരേഖയിലുണ്ട്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാതൃകയിൽ കേരളത്തിൽ എല്ലാ വർഷവും ആഗോള ആരോഗ്യസമ്മേളനം സംഘടിപ്പിക്കണമെന്നാണ് ശുപാർശ.

വിവിധ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യവിദഗ്ധർ, ഗവേഷകർ, ആശുപത്രി സംരംഭകർ, നിക്ഷേപകർ, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരെ ഒരേ വേദിയിൽ എത്തിക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്തെ പുതിയ സാങ്കേതികവിദ്യകൾ, ചികിത്സാരീതികൾ, ഗവേഷണസാധ്യതകൾ, നിക്ഷേപാവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിനുള്ള വേദിയായി സമ്മേളനത്തെ വികസിപ്പിക്കാനാണ് ആലോചന.

സമ്മേളനത്തിന്റെ നടത്തിപ്പിനായി ‘വേൾഡ് ഹോളിസ്റ്റിക് ഹെൽത്ത് ഫോറം’ എന്ന പേരിൽ പ്രത്യേക സന്നദ്ധസംഘടന രൂപീകരിക്കണമെന്നും നിർദേശമുണ്ട്. ഈ സംഘടനയ്ക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭ്യമാക്കണമെന്നും പശ്ചാത്തലരേഖ ശുപാർശ ചെയ്യുന്നു.

ആരോഗ്യ ഫണ്ടിലേക്ക് സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ ആവശ്യങ്ങൾ പരിഗണിച്ച് വിനിയോഗിക്കണമെന്നാണ് നിർദേശം. സംഭാവന നൽകുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ തങ്ങൾ നൽകുന്ന പണം ഏതെങ്കിലും പ്രത്യേക ജില്ലയ്ക്കോ പദ്ധതിക്കോ കരാറുകാരനോ വേണ്ടി മാത്രം മാറ്റിവയ്ക്കണമെന്ന് നിബന്ധന മുന്നോട്ടുവയ്ക്കാൻ കഴിയില്ല.

ഫണ്ടിന്റെ വിനിയോഗത്തിൽ പൊതുവായ ആരോഗ്യവികസന ആവശ്യങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്ന നിലപാടാണ് രേഖയിൽ സ്വീകരിച്ചിരിക്കുന്നത്. ധനസഹായം നൽകുന്നവരുടെ വ്യക്തിഗത താൽപര്യങ്ങൾ പദ്ധതികളുടെ നടത്തിപ്പിനെ സ്വാധീനിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും ഈ വ്യവസ്ഥയ്ക്കുണ്ട്.

പ്രവാസി മലയാളികളിൽനിന്നും വ്യവസായികളിൽനിന്നും മാത്രമല്ല, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും സാമ്പത്തിക സഹായം കണ്ടെത്താനും ആലോചനയുണ്ട്. ആഗോള ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപനിധികൾ എന്നിവയുടെ സഹകരണം തേടാനാണ് നിർദേശം.

ഇത്തരത്തിലുള്ള ധനസമാഹരണത്തിലൂടെ കേരളത്തിന്റെ ആരോഗ്യരംഗത്തേക്ക് കൂടുതൽ അന്താരാഷ്ട്ര മൂലധനം എത്തിക്കാനാകുമെന്നാണ് പദ്ധതിയുടെ പിന്നിലുള്ള പ്രതീക്ഷ.

ആരോഗ്യ ഫണ്ടിന്റെ ഭരണപരമായ നിയന്ത്രണത്തിനും പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി 15 അംഗ ഡോണേഴ്‌സ് കൗൺസിൽ രൂപീകരിക്കണമെന്നാണ് പശ്ചാത്തലരേഖയിലെ മറ്റൊരു പ്രധാന നിർദേശം.

കൗൺസിലിലെ 15 അംഗങ്ങളിൽ പത്തുപേർ ഫണ്ടിലേക്ക് സംഭാവന നൽകിയവരായിരിക്കണമെന്നാണ് വ്യവസ്ഥ. ശേഷിക്കുന്ന അഞ്ച് അംഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതും അവരുടെ ചുമതലകൾ എന്തായിരിക്കുമെന്നതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായ രേഖയിൽ വ്യക്തമല്ല.

ഫണ്ടിന്റെ പ്രവർത്തനരീതി, സാമ്പത്തിക ഇടപാടുകളുടെ സുതാര്യത, സർക്കാർ സംവിധാനങ്ങളുമായുള്ള ഏകോപനം, പദ്ധതികൾക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമായി വരും.

പുതിയ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും സംരംഭകർ മൂലധനം നിക്ഷേപിക്കാൻ തയ്യാറാണെന്നും പശ്ചാത്തലരേഖയിൽ വ്യക്തമാക്കുന്നു. എന്നാൽ, നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ച സംരംഭകർ ആരൊക്കെയാണെന്നോ അവർ എത്ര തുക നിക്ഷേപിക്കുമെന്നോ രേഖയിൽ വ്യക്തമാക്കിയിട്ടില്ല.

നിക്ഷേപം സംഭാവനയായിട്ടാണോ മറ്റേതെങ്കിലും സാമ്പത്തിക പങ്കാളിത്ത മാതൃകയിലാണോ സ്വീകരിക്കുകയെന്ന കാര്യത്തിലും കൂടുതൽ വിശദീകരണം ആവശ്യമാണ്. ആരോഗ്യ ഫണ്ടിന്റെ നിയമപരമായ ഘടനയും സർക്കാർ നിയന്ത്രണത്തിന്റെ പരിധിയും സംബന്ധിച്ച വിവരങ്ങളും നിർണായകമാകും.

അതേസമയം, ആരോഗ്യ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണവും പ്രവർത്തനങ്ങളും അതിനായി തയ്യാറാക്കിയ നിർദേശങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളെയും ആരോഗ്യ ഫണ്ട് സംബന്ധിച്ച നിർദേശങ്ങളെയും തിങ്കളാഴ്ച നിയമസഭയിൽ സിപിഎം ചോദ്യം ചെയ്യുമെന്നാണ് വിവരം.

ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ, ഫണ്ടിന്റെ നിയന്ത്രണത്തിൽ സംഭാവന നൽകുന്നവർക്ക് ലഭിക്കുന്ന പ്രാതിനിധ്യം, സർക്കാർ പിന്തുണയോടെ സന്നദ്ധസംഘടന രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും.

1000 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കാനുള്ള നിർദേശം സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ, പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക നിയമപരമായ സംവിധാനം ഏർപ്പെടുത്തുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്.

ലഭ്യമായ പശ്ചാത്തലരേഖയിലെ വിവരങ്ങൾ പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനും ആരോഗ്യമന്ത്രി കെ. മുരളീധരൻ വൈസ് ചെയർമാനുമായാണ് ആരോഗ്യ ടാസ്‌ക് ഫോഴ്‌സിന്റെ ഘടന നിർദേശിച്ചിരിക്കുന്നത്.

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫാണ് കോഡിനേറ്റർ. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ എന്നിവരും അംഗങ്ങളാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസുമായി ബന്ധപ്പെട്ട ഡോ. ശിവ്കുമാർ സരിൻ, കെ.ഇ.എഫ്. ഹോൾഡിങ്‌സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ സി. ദേവീദാസ് വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

മഹാജൻ ഇമേജിങ് ആൻഡ് ലാബ്‌സ് ചെയർമാൻ ഡോ. ഹർഷ് മഹാജൻ, ജീവ ആയുർവേദ ചെയർമാൻ ഡോ. പ്രതാപ് ചൗഹാൻ, ഗ്ലോബൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കഞ്ചർല രവീന്ദ്രനാഥ്, റിയാക്ട് ഏഷ്യ പസഫിക് ഡയറക്ടർ ഡോ. എസ്.എസ്. ലാൽ, ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്‌വർക്ക് ചെയർമാൻ ഡോ. എം.വി. പിള്ള, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് ഇൻ നോർത്ത് അമേരിക്ക പ്രസിഡന്റ് ഡോ. നിഷ നിഗിൽ എന്നിവരും അംഗങ്ങളായാണ് രേഖയിൽ പരാമർശിക്കുന്നത്.

ആരോഗ്യരംഗത്തെ വിദഗ്ധർ, ഭരണപരിചയമുള്ള ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, പ്രവാസി സംഘടനാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള സമിതിയിലൂടെ കേരളത്തിന്റെ ആരോഗ്യവികസനത്തിന് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

എന്നാൽ, ആരോഗ്യ ഫണ്ട് രൂപീകരണം നിലവിൽ നിർദേശത്തിന്റെ ഘട്ടത്തിലാണ്. ഫണ്ടിന്റെ അന്തിമ ഘടന, സാമ്പത്തിക നിയന്ത്രണം, നിക്ഷേപകരുടെ പങ്കാളിത്തം, സർക്കാർ മേൽനോട്ടം, ധനവിനിയോഗത്തിനുള്ള മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ പുറത്തുവരുന്നതോടെയാകും പദ്ധതിയുടെ യഥാർഥ രൂപം വ്യക്തമാകുക.

Leave a Comment

More News