തിരുവനന്തപുരം: കനത്ത ചൂട് കാരണം ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ വരുന്നു. പീക്ക് ലോഡ് മാനേജ്മെന്റിന്റെ രൂപത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. സാധ്യമാകുമ്പോഴെല്ലാം എസ്എംഎസ് വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ലോഡ് വർദ്ധിക്കുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.
കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
വൈദ്യുതി ഉപഭോഗം പീക്ക് സമയങ്ങളിൽ നിയന്ത്രിക്കുന്നതിലൂടെ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം വളരെ കൂടുതലാകുന്നത്. ലോഡ് താങ്ങാനാവാത്ത നിലയിലേക്ക് ഉയരുമ്പോൾ സിസ്റ്റം തന്നെ തകരാറിലാകുമെന്ന് കെ.എസ്.ഇ.ബി പറയുന്നു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.
