തിരുവനന്തപുരം: മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ചർച്ചയ്ക്കിടെ തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ശക്തമായി വിമർശിച്ചു. തെരുവ് നാടകങ്ങള്‍ നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവർത്തകർ പാര്‍ട്ടി മര്യാദകൾ പാലിക്കണം. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണെന്നും തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾക്ക് അവസാനം വരെ പോരാടാം. തെരുവ് യുദ്ധം പാടില്ല. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എതിർ ശബ്ദമൊന്നും ഉയരില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല. കെ.സി. വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടായിരുന്നെങ്കില്‍ അതും അവർ നശിപ്പിക്കുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ചർച്ചകളിൽ മുസ്ലീം ലീഗ് അഭിപ്രായം പറഞ്ഞതിനെ വിമർശിച്ച മാത്യു കുഴൽനാടനെ രാജ്മോഹൻ ഉണ്ണിത്താൻ തള്ളിക്കളഞ്ഞു. കോൺഗ്രസിലെ ചർച്ചകളിൽ മുസ്ലീം ലീഗിന് അഭിപ്രായം പറയാൻ അവകാശമില്ലെന്ന് ഒരു നേതാവിനും പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാം. അതിൽ അസഹിഷ്ണുത കാണിക്കുന്നതിൽ അർത്ഥമില്ല. ഈ രീതിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാം. ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാൻ കുഴല്നാടന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
