രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇന്‍റലിജന്‍റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘റേ ബൈ താമര’ അവതരിപ്പിച്ച് താമര ലെഷര്‍ എക്സ്പീരിയന്‍സസ്

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ആറ് പ്രധാന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അനുഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആത്മീയ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കമ്പനി അടിത്തറ ഇടുകയാണ്.

ഇടത്തു നിന്ന് : ശ്രീ. ലെസ്ലി സി.എം. – വിപി സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ശ്രീ. ഷിനോജ് ജോസഫ് – ജനറൽ മാനേജർ ഒ ബൈ താമര, തിരുവനന്തപുരം, ശ്രീ. സമീർ എം.സി. – സി.ഇ.ഒ., ശ്രീ. മനോജ് എം. – എസ് .വി.പി. ഓപ്പറേഷൻസ്, ശ്രീ. പവിത്ര ഡി.എസ്. – ജനറൽ മാർക്കറ്റിംഗ് മാനേജർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പുരാതനമായ യാത്രാ പാരമ്പര്യങ്ങളിലൊന്നായ തീര്‍ഥാടന യാത്രകളെ സമകാലിക ആതിഥേയത്വത്തിന്‍റെ മികവിലൂടെ പുനര്‍നിര്‍വചിക്കുന്ന നിര്‍ണ്ണായക നീക്കത്തിന്‍റെ ഭാഗമായി താമര ലെഷര്‍ എക്സ്പീരിയന്‍സസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇന്‍റലിജന്‍റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ റേ ബൈ താമര അവതരിപ്പിച്ചു.

ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ആത്മീയ യാത്രയെ കേവലം ഒരു തീര്‍ഥാടനമോ ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രയോ എന്നതിനപ്പുറം കൂടുതല്‍ അര്‍ഥവത്തായ അനുഭവമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിര്‍ണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ടൂറിസം വിപണികളിലൊന്നായ ഇന്ത്യയില്‍ ആകെ ആഭ്യന്തര യാത്രകളുടെ 60 ശതമാനത്തിലധികവും ഈ മേഖലയില്‍ നിന്നാണ്. 140 കോടിയിലധികം ആഭ്യന്തര സന്ദര്‍ശനങ്ങളും 90 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളുടെ വരവും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള യാത്രാ അനുഭവങ്ങള്‍, ഉപഭോക്താക്കളുടെ മാറിവരുന്ന താല്‍പര്യങ്ങള്‍ എന്നിവ രാജ്യത്തുടനീളം ആത്മീയ വിനോദസഞ്ചാരത്തിന്‍റെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡിന് ശേഷം സംസ്കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടതും കൂടുതല്‍ അര്‍ഥവത്തായ അനുഭവങ്ങള്‍ തേടുന്നതുമായ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഈ മേഖലയിലെ വന്‍ മുന്നേറ്റത്തിന്‍റെ പ്രധാന കാരണം.

രാജ്യത്തെ ആത്മീയ ടൂറിസം മേഖല ചരിത്രപരമായ ഒരു നിര്‍ണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഒരുകാലത്ത് ആളുകളുടെ എണ്ണത്തിനും യാത്രാ സൗകര്യങ്ങള്‍ക്കും മാത്രം മുന്‍ഗണന നല്‍കിയിരുന്ന ഈ മേഖല ഇന്ന് അനുഭവങ്ങള്‍ക്കും കൃത്യമായ ലക്ഷ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഈ മാറ്റം ആത്മീയ ടൂറിസം മേഖലയിലെ പ്രീമിയം സേവനങ്ങളുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് താമര ലെഷര്‍ എക്സ്പീരിയന്‍സസ് സിഇഒ സമീര്‍ എം.സി പറഞ്ഞു. മിഡ്-അപ്സ്കെയില്‍, പ്രീമിയം തീര്‍ഥാടന താമസസൗകര്യ മേഖലകള്‍ പ്രതിവര്‍ഷം 20 മുതല്‍ 24 ശതമാനം വരെ സംയോജിത വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ വിപണി ഉണ്ടായിട്ടും ആത്മീയ ടൂറിസത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള പരമ്പരാഗത ഹോസ്പിറ്റാലിറ്റി രീതികളെ ഇത്തരം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. യാത്രയുടെ ഉദ്ദേശ്യത്തെയും അതിന്‍റെ വൈകാരിക, സാംസ്കാരിക യാഥാര്‍ത്ഥ്യങ്ങളെയും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടില്ല. വിപണിയിലെ വ്യക്തമായൊരു പോരായ്മയെയാണ് ഇത് കാണിക്കുന്നത്. റേ ബൈ താമരയിലൂടെ തങ്ങള്‍ തികച്ചും പുതിയൊരു ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് രൂപം നല്‍കുകയാണ്. രാജ്യത്ത് ആത്മീയ യാത്രകള്‍ അനുഭവവേദ്യമാക്കുന്നതില്‍ ഇതൊരു പുതിയ മാനദണ്ഡം കൊണ്ടുവരും. സവിശേഷമായ രൂപകല്‍പ്പന, കൃത്യമായ സേവനം, ലക്ഷ്യബോധം എന്നിവയോടെയുള്ള ഈ ബ്രാന്‍ഡ് ഉത്തരവാദിത്തമുള്ള ആതിഥേയത്വ സംസ്കാരം, പാരമ്പര്യം, പ്രാദേശിക തനിമ എന്നിവ കാത്തുസൂക്ഷിക്കുകയെന്ന താമരയുടെ വലിയ കാഴ്ചപ്പാടിനെയാണ് കാണിക്കുന്നതെന്നും സമീര്‍ എം.സി കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്തമുള്ള ആതിഥേയത്വവും അവിസ്മരണീയമായ അനുഭവങ്ങളും സമന്വയിപ്പിക്കുക എന്നതാണ് റേ ബൈ താമരയുടെ അടിസ്ഥാന തത്വശാസ്ത്രം. തീര്‍ത്ഥാടന പശ്ചാത്തലത്തിലുള്ള ആതിഥേയത്വം തികച്ചും ലളിതവും, അനാവശ്യ ഇടപെടലുകള്‍ ഇല്ലാത്തതും തീര്‍ത്ഥാടകരുടെ ആവശ്യങ്ങളെയും മനസ്സിനെയും കുറിച്ച് അതീവ ബോധ്യമുള്ളതുമായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടിലാണ് ബ്രാന്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകാശകിരണം, പ്രഭ, അനുഗ്രഹം എന്നീ അര്‍ഥങ്ങള്‍ സൂചിപ്പിക്കുന്ന ‘റേ’ എന്ന പേരില്‍ നിന്നാണ് ബ്രാന്‍ഡിന്‍റെ പേര് ഉരുത്തിരിഞ്ഞത്. എല്ലാ മതങ്ങളിലും പവിത്രതയുടെ ഏറ്റവും പുരാതനവും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ പ്രതീകമാണിത്. റേ അനുഭവം രൂപകല്‍പ്പന ചെയ്യുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി അഞ്ച് പ്രധാന ദര്‍ശനങ്ങളാണ് ബ്രാന്‍ഡ് പിന്തുടരുന്നത്. റേ ഓഫ് ലൈറ്റ് ദൈവികതയെയും വ്യക്തതയെയും പ്രതിനിധീകരിക്കുകയും പവിത്രതയുടെ സത്തയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. റേ ഓഫ് ഹോപ്പ് തീര്‍ഥാടകരുടെ ആത്മീയ ലക്ഷ്യബോധത്തെ സൂചിപ്പിക്കുന്നതും ഓരോ ആത്മീയ യാത്രയുടെയും തുടക്കത്തെ പ്രതിനിധീകരിക്കുന്നതുമാണ്. റേ ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്നത് ദര്‍ശനത്തിന് ശേഷമുണ്ടാകുന്ന കൃതജ്ഞതാ ഭാവമാണ് ഇത് മനസ്സിന് വൈകാരികമായ പൂര്‍ണ്ണത നല്‍കുന്നു. റേ ഓഫ് ഒപ്റ്റിമിസം തീര്‍ഥാടന യാത്രകളുടെ പുലര്‍കാല ക്രമങ്ങളോട് ബന്ധിപ്പിച്ചുള്ള പ്രത്യാശയുടെയും പുതിയ തുടക്കങ്ങളുടെയും പ്രതീകമാണ്. റേ ഓഫ് എനര്‍ജി ജീവിതലക്ഷ്യങ്ങളുടെ പുനരുജ്ജീവനത്തെയും ശാരീരികവും ആത്മീയവുമായ ഉന്മേഷത്തെയും വ്യക്തതയെയും പ്രതിനിധീകരിക്കുന്നു.

ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പര്‍ട്ടികളും വെളാങ്കണ്ണിയില്‍ വരാനിരിക്കുന്ന പുതിയ പ്രോപ്പര്‍ട്ടിയും റേ ബൈ താമര ബ്രാന്‍ഡിലേക്ക് മാറ്റിക്കൊണ്ടായിരിക്കും ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കുക. കൂടാതെ തിരുപ്പതി, പളനി, തിരുവണ്ണാമലൈ എന്നിവിടങ്ങളില്‍ അസറ്റ്-ലൈറ്റ് മാതൃകയിലുള്ള പുതിയ പ്രോപ്പര്‍ട്ടികളും കമ്പനി ആരംഭിക്കുന്നുണ്ട്. ഇതില്‍ ഗുരുവായൂരിലെ പ്രോപ്പര്‍ട്ടി ഈ വരുന്ന ജൂലൈ മാസത്തിലും കുംഭകോണത്തെ പ്രോപ്പര്‍ട്ടി ആഗസ്റ്റിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുനല്‍കും. വെളാങ്കണ്ണി, തിരുപ്പതി, തിരുവണ്ണാമലൈ പ്രോപ്പര്‍ട്ടികള്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ വികസന പദ്ധതികളും നിലവിലുള്ള തെരഞ്ഞെടുത്ത പ്രോപ്പര്‍ട്ടികളും സംയോജിപ്പിച്ചുകൊണ്ട് റേ ബൈ താമരയുടെ ബ്രാന്‍ഡ് മൂല്യങ്ങള്‍ക്കനുസൃതമായി പുനര്‍രൂപകല്‍പ്പന ചെയ്താണ് ഈ സമഗ്രമായ ശൃംഖല ഒരുക്കുന്നത്. സാംസ്കാരിക പ്രാധാന്യം, തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ആവശ്യകത, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, താമരയുടെ പ്രവര്‍ത്തന ശൈലിയുമായി യോജിക്കുന്നുവെന്ന് കൃത്യമായി വിലയിരുത്തിയാണ് ഓരോ തീര്‍ത്ഥാടന കേന്ദ്രവും കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. വിശ്വാസം, യാത്ര, പാരമ്പര്യം, ഉത്തരവാദിത്തമുള്ള ആതിഥേയത്വം എന്നിവയെ അതീവ ഗൗരവത്തോടെയും കൃത്യതയോടെയും സമീപിക്കുന്ന കമ്പനിയുടെ സാംസ്കാരിക നേതൃത്വത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ ഒരു പുതിയ മാറ്റത്തിന് വഴിതുറക്കുന്ന ശക്തമായൊരു ശൃംഖലയ്ക്കാണ് ഈ കേന്ദ്രങ്ങളിലൂടെ കമ്പനി അടിത്തറയിടുന്നത്.

ആരാധനാലയങ്ങള്‍ക്ക് സമീപം ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല മറിച്ച് ഏത് വിശ്വാസ വിഭാഗത്തില്‍പ്പെട്ടവരായാലും രാജ്യത്തിന്‍റെ ഏത് ഭാഗത്തേക്കുള്ള ആത്മീയ യാത്ര ആയാലും ജീവിതകാലം മുഴുവന്‍ തീര്‍ഥാടന യാത്രകള്‍ നടത്തുന്ന വിശ്വാസികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു വിശ്വസ്ത ശൃംഖല സൃഷ്ടിക്കാനാണ് റേയിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരമായ ആവശ്യകതയും, കൂടുതല്‍ വ്യവസ്ഥാപിതവും അനുഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ആത്മീയ യാത്രകളിലേക്കുള്ള വര്‍ധിച്ചുവരുന്ന താല്‍പര്യവും മുന്‍നിര്‍ത്തി രാജ്യത്തുടനീളമുള്ള പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആത്മീയ ടൂറിസം ശൃംഖലയില്‍ 2030-ഓടെ റേ ബ്രാന്‍ഡിന് കീഴില്‍ ഏകദേശം 25 പ്രോപ്പര്‍ട്ടികള്‍ കരാറൊപ്പിടുകയോ പ്രവര്‍ത്തനസജ്ജമാവുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമീര്‍ എം.സി കൂട്ടിച്ചേര്‍ത്തു.

സാധാരണ ഹോട്ടല്‍ താമസങ്ങള്‍ക്കപ്പുറം ആത്മീയ യാത്രയുടെ തുടര്‍ച്ചയ്ക്ക് ഒട്ടും ഭംഗം വരാത്ത രീതിയിലാണ് ഈ യാത്രാനുഭവത്തിന്‍റെ ഓരോ ഘടകവും സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രാദേശിക സംസ്കാരവുമായി ചേര്‍ന്നുനില്‍ക്കുന്ന ‘മിത്ര’ സഹയാത്രികര്‍, ആരാധനാലയങ്ങളിലെ സമയക്രമങ്ങളുമായി യോജിപ്പിച്ച പ്രവര്‍ത്തനരീതി, യാത്രയ്ക്ക് മുന്‍പുള്ള വ്യക്തിഗത ആചാര-അനുഷ്ഠാന വിവരങ്ങള്‍ ലഭ്യമാക്കുന്ന വ്യക്തിഗത സേവനങ്ങള്‍, വിശ്വാസപരമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഭക്ഷണക്രമങ്ങള്‍ എന്നിവ ഉള്‍പ്പടെ റേ ബൈ താമരയിലെ ഓരോ ഘടകവും ആധുനിക തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ കൃത്യമായി കണ്ടറിഞ്ഞ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള രീതിയിലായാണ് ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടനം എന്നത് കേവലം യാത്രാസൗകര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല മറിച്ച് കൂടുതല്‍ ആഴത്തിലുള്ളതും, ലക്ഷ്യബോധമുള്ളതും, തികച്ചും വ്യക്തിപരവുമായ യാത്രാനുഭവങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ആചാരാനുഷ്ഠാനങ്ങളോടുള്ള ആദരവും സൂക്ഷ്മതയും, പ്രാദേശിക പങ്കാളിത്തം, ആധുനിക ആതിഥേയത്വ നിലവാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ ആത്മീയ ടൂറിസം മേഖലയുടെ ഭാവി തന്നെ പുനര്‍നിര്‍വ്വചിക്കുന്ന പുതിയൊരു ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് തുടക്കമിടാനാണ് റേ ബൈ താമര ലക്ഷ്യമിടുന്നത്.

 

Leave a Comment

More News