മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിസി ടിവിയില്‍ പതിഞ്ഞ മൂന്ന് ബൈക്ക് മോഷ്ടാക്കളെ പിടികൂടി

കൂത്താട്ടുകുളം: എം.സി.റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് മോഷ്‌ടിച്ച അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിലെ മൂന്നുപേരെ കൂത്താട്ടുകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം വാസപ്പടി പണിക്ക വീട്ടില്‍ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞാങ്ങാട്ടിരി കണ്ണന്നൂർ കൂരിപറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാരത്തൊടി, സ്വദേശി ടി കെ ആഷിഫ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 11 രാത്രിയാണ് സംഭവം നടന്നത്. കൂത്താട്ടുകുളം പാലക്കുഴയിൽ എംസി റോഡിന് സമീപം ആനന്ദഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന 2.40 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്.

കോട്ടയം ചിങ്ങവനത്ത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കുഴയിൽ നിന്ന് മോഷ്ടിച്ച അതേ ബൈക്ക് തന്നെയാണെന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെയും കവർച്ച നടന്ന സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ശാസ്ത്രീയ അന്വേഷണം നടത്തിയതാണ് മോഷ്ടാക്കളെ പിടികൂടാൻ സഹായിച്ചത്.

ചിങ്ങവനത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാഹുലിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൂട്ടാളികളായ ജിബിൻ ബെൻഷാദ്, ആഷിഫ് എന്നിവരെക്കുറിച്ചും വിവരങ്ങൾ ലഭിക്കുകയും, അവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവര്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂത്താട്ടുകുളം പോലീസ് പറഞ്ഞു.

Leave a Comment

More News