ഹൂസ്റ്റണ്‍: ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘കൊയ്ത്തുത്സവം 2026’ ഒക്ടോബർ 24 ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണി മുതൽ 9 വരെ ഇമ്മാനുവൽ സെൻററിൽ വച്ച് നടത്തപ്പെടുന്നു. വമ്പൻ സമ്മാനങ്ങളുമായാണ് ഇത്തവണ കൊയ്ത്തുൽസവം ഏവരെയും കാത്തിരിക്കുന്നത്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി നൽകുന്നത് ഏറ്റവും പുതിയ ‘ടൊയോട്ട കൊറോള ക്രോസ്’! കൂടാതെ സമ്മാന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ആവേശം പകരുന്ന നിരവധി സമ്മാനങ്ങളും, അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയർത്തി നടക്കുന്ന ഈ ആഘോഷത്തിൽ ഗാനമേള, സ്കിറ്റ്, പാട്ട്, ഡാൻസ്, കലാ-കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ തുടങ്ങി നിരവധി ആകർഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കപ്പ, മീൻകറി, പൊറോട്ട, ഇറച്ചിക്കറി, ദോശ,ചമ്മന്തി,മസാല ദോശ തുടങ്ങി ചക്കപ്പുഴുക്കും ‘നാടൻ തട്ടുകട’യിൽ ഒരുക്കുന്നുണ്ട്.
ആഘോഷത്തിന് കൂടുതൽ ആവേശം പകരുന്ന തരത്തിൽ വിവിധ ഉൽപ്പന്നങ്ങളുടെ ലേലവും മറ്റു പരിപാടികൾക്കൊപ്പം അരങ്ങേറും. ലേലത്തിനായി എത്തിയിട്ടുള്ള കാഞ്ചീപുരം, ബനാറസ്,പട്ടുസാരികൾ, വിവിധതരം ഫാഷൻ ഡിസൈനിങ്ങിലുള്ള ഷർട്ടും മുണ്ടും, സൂപ്പർ അച്ചാറുകൾ, ചേന, കപ്പ, പയർ, പാവയ്ക്ക, കോവയ്ക്ക തുടങ്ങി സ്വന്തം കൃഷിയിടങ്ങളിലെ കായ്ഫലങ്ങൾ എല്ലാം കൊയ്ത്തുത്സവത്തിൽ പ്രതീ ക്ഷിക്കാം. വിവിധ പ്രായ വിഭാഗങ്ങളിലുള്ളവർക്കും കായിക വിനോദ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങൾ നേടുവാൻ അവസരമുണ്ട്.
ഇമ്മാനുവൽ സൺഡേ സ്കൂൾ കുട്ടികളുടെ ഏറ്റവും ആകർഷകവും പുതുമയാർന്നതുമായ ‘ഹല്ലേലൂയാ നൈറ്റ്’ എന്ന വിനോദ പരിപാടിയോടു കൂടി കൊയ്ത്തുത്സവം സമാപിക്കും. ജാതിമത ഭേദമെന്യേ പ്രത്യേകിച്ച് ഇമ്മാനുവേൽ കുടുംബത്തിലെ എല്ലാ വിശ്വാസികളും പ്രാർത്ഥനയോടും,നിറഞ്ഞ മനസ്സോടും കൂടി സഹകരിച്ച് ‘ഇമ്മാനുവൽ കൊയ്ത്തുൽസവം’ വൻവിജയം ആക്കി തീർക്കണമെന്ന് ഇടവക വികാരി റവ. ഡോ.ജോസഫ് ജോൺ, അസോസിയേറ്റ് വികാർ റവ.ജോൺ വിൽസൺ, ഭാരവാഹികളായ ജോൺ കെ ഫിലിപ്പ്, ജോജി ജോൺ, ചെറിയാൻ മാത്യു, രാജേഷ് മാത്യു, ജിം തോമസ് എന്നിവർ സംയുക്തമായി അറിയിച്ചു.

