ഭാഷ ഏതുമാകട്ടെ, തെറ്റില്ലാതെ പറഞ്ഞുകൂടേ?: വിനീത കൃഷ്ണന്‍

മലയാളികൾ ഇംഗ്ലീഷ് സംസാരിക്കുന്നത് അഹങ്കാരമാണോ അല്ലയോ എന്ന ചർച്ച നടക്കുന്നതിനിടയിൽ ഞാൻ മറ്റൊരു കാര്യം സൂചിപ്പിച്ചോട്ടെ. മലയാളത്തിൽ സംസാരിക്കുമ്പോൾ തെറ്റുകൾ കൂടാതെ നല്ല മലയാളത്തിലും, ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തെറ്റുകൾ കൂടാതെ നല്ല ഇംഗ്ലീഷിലും സംസാരിച്ചു കേട്ടാൽ നന്നായിരുന്നു.

കേരളത്തിൽ നിന്നുള്ള social media influencers, അവതാരകർ എന്ന് മാത്രമല്ല ചില മുതിർന്ന മാധ്യമ പ്രവർത്തകർ വരെ തെറ്റുകൾ കലർന്ന English ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ equipments എന്നും, മറ്റൊരു senior journalist informations എന്നും ചാനലിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. Equipment, information എന്നിവ uncountable nouns ആണ്. അതുകൊണ്ട് അവയുടെ കൂടെ ‘s’ ചേർത്ത് plural ആയി ഉപയോഗിക്കാൻ പാടില്ല.

സിനിമാ താരമായിരുന്ന ഒരു അവതാരക സ്ഥിരമായി തന്റെ പരിപാടിയിൽ “ന്യൂസസ്” എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. News എന്ന വാക്ക് തന്നെ uncountable noun ആണ്. അതിൽ ‘s’ ഉണ്ടെങ്കിലും അത് ഒരു plural വാക്കല്ല. അതുകൊണ്ട് newses എന്നൊരു വാക്ക് ഇംഗ്ലീഷിൽ ഇല്ല.

PhD ഉള്ള ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് “എനിക്ക് diabetics ഉണ്ട്” എന്ന് എഴുതിയത് കണ്ടു. Diabetics (ഡയബറ്റിക്സ്) എന്നത് രോഗത്തിന്റെ പേരല്ല. Diabetes (ഡയബറ്റിസ്) എന്നാണ് ആ രോഗത്തിന്റെ ശരിയായ പേര്. Diabetes ഉള്ള ഒരു വ്യക്തിയെയാണ് നമ്മൾ diabetic എന്ന് വിളിക്കുന്നത്.

പൊതുവേ English നല്ലവണ്ണം കൈകാര്യം ചെയ്യുന്ന പ്രമുഖ അവതാരക ഒരു ചാനലിന്റെ launching event-ൽ historical എന്ന് അനുചിതമായി ഉപയോഗിച്ചു. Historic എന്നാണ് അവിടെ പറയേണ്ടിയിരുന്നത്.

Historic Moment: ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതോ, വഴിത്തിരിവായതോ ആയ ഒരു സംഭവത്തെ സൂചിപ്പിക്കുന്നു (e.g., “The moon landing was a historic moment”).

Historical Moment: ഭൂതകാലത്ത് സംഭവിച്ചതോ, അല്ലെങ്കിൽ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിൽ പെട്ടതോ ആയ ഒരു നിമിഷത്തെ സൂചിപ്പിക്കുന്നു (e.g., “We are analyzing a specific historical moment”).

Medias എന്ന് പറയുന്ന എത്രയോ പേരുണ്ട്! Media എന്ന് പറഞ്ഞാൽ മതി. Media എന്നത് തന്നെ plural ആണ്. Medium ആണ് ഇതിന്റെ singular.

“Very good morning” എന്ന് പറഞ്ഞ് തുടങ്ങിയ ഒരു ചാനൽ അവതാരകനെ അനുകരിച്ച് ഇപ്പോൾ പല ചാനലുകളിൽ പലരും “Very good morning” എന്നും, അത് ഒന്നുകൂടെ കൂട്ടി “Very very good morning” എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതൊരു വലിയ തെറ്റാണെന്ന് പറയാൻ പറ്റില്ല. എങ്കിലും കൃത്യമായ രീതി “A very good morning” എന്ന് പറയുന്നതാണ്. ഇതൊന്നും പറയാതെ Good morning എന്ന് പറഞ്ഞാൽ തന്നെ ധാരാളം!

ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും ഇത്തരം ഉച്ചാരണ തെറ്റുകൾ വരാറുണ്ട്. ഗൃഹാതുരത്വം എന്നതിനെ ഗ്രഹാതുരത്വം എന്ന് ചിലർ ചാനലുകളിൽ തെറ്റായി പറയുന്നത് കേട്ടിട്ടുണ്ട്.

ഭാഷയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ grammar nazis എന്ന് ആക്ഷേപിക്കുന്ന ഒരു പ്രവണതയും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. Nazi ആകാനുള്ള ശ്രമം ഒന്നുമല്ല കേട്ടോ, എനിക്ക് പറയാൻ തോന്നിയ ചില കാര്യങ്ങൾ പങ്കുവെച്ചെന്നേയുള്ളൂ. പറയുന്നതിലും എഴുതുന്നതിലും ഒരിക്കലും തെറ്റും വരുത്താത്ത വ്യക്തിയല്ല ഞാൻ. ഞാൻ പറയുന്നതിലോ എഴുതുന്നതിലോ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ തിരുത്താം.

നമുക്ക് ഒരു ആശയം മറ്റൊരാൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ളതാണ് ഭാഷ. ആളുകൾക്ക് കാര്യം മനസ്സിലാകുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എങ്കിലും ഓരോ ഭാഷയ്ക്കും ചില നിയമങ്ങളും ഉണ്ടല്ലോ. ആ നിയമങ്ങൾ സ്ഥിരമായി തെറ്റിച്ച്, തെറ്റായ വാക്കുകൾ പറഞ്ഞ്, ഒടുവിൽ ഈ തെറ്റായ വാക്കുകൾ തന്നെ ശരിയെന്ന് കരുതുന്ന ഒരു കാലം വന്നേക്കാം.

 

Leave a Comment

More News