നടപടി കൂടുതല്‍ ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’; വാര്‍ഡ് തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍‌വെസ്റ്റിഗേഷന്‍ ടീം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ലഹരിവിരുദ്ധ നടപടികൾ പൊലീസ് അന്വേഷണങ്ങളിൽ മാത്രം ഒതുക്കാതെ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുകയും ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന വിപുലമായ പദ്ധതികളാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രണ്ടാംഘട്ടത്തിന്റെ ആദ്യ നടപടിയായി പ്രത്യേക ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകൾ, അന്തർസംസ്ഥാന-അന്താരാഷ്ട്ര ബന്ധങ്ങളുള്ള ലഹരിക്കടത്ത് ശൃംഖലകൾ, അവയുടെ സാമ്പത്തിക ഇടപാടുകൾ, മയക്കുമരുന്നിന്റെ ഉറവിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷിക്കുകയാണ് പ്രത്യേക സംഘത്തിന്റെ പ്രധാന ചുമതല. സംഘത്തിന്റെ പ്രവർത്തനം ഇതിനകം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിലെ പ്രധാന സവിശേഷത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയെന്നതാണ്. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ വാർഡുകൾ കേന്ദ്രീകരിച്ച് ‘തൂഫാൻ ജനജാഗ്രതാ സമിതികൾ’ രൂപീകരിക്കും.

ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, യുവജന സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയായിരിക്കും സമിതികളുടെ പ്രവർത്തനം. പ്രദേശങ്ങളിലെ ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, ലഹരിയുടെ പിടിയിലാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായം ലഭ്യമാക്കുക, കുടുംബങ്ങളെയും യുവാക്കളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയവയ്ക്ക് സമിതികൾ പ്രാധാന്യം നൽകും.

തൂഫാൻ ജനജാഗ്രതാ സമിതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.

ലഹരി കേസുകളിൽ നിയമനടപടികൾ ശക്തമാക്കുന്നതിനൊപ്പം ലഹരിയുടെ കെണിയിൽ അകപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചികിത്സയും പുനരധിവാസവും രണ്ടാംഘട്ടത്തിന്റെ പ്രധാന ഘടകമായിരിക്കും.

ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ‘തൂഫാൻ കെയർ’ പദ്ധതിയിൽ സംസ്ഥാനത്തെ ഏകദേശം 35 പ്രധാന ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചതായി മന്ത്രി പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവർക്ക് ആവശ്യമായ ചികിത്സയും തുടർപരിചരണവും കൂടുതൽ ഏകോപിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐ.എം.എ.) സഹകരിച്ച് ‘തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ’ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചികിത്സ, കൗൺസലിങ്, പുനരധിവാസം, തുടർനിരീക്ഷണം തുടങ്ങിയ ഘട്ടങ്ങളിൽ ഏകീകൃത സമീപനം ഉറപ്പാക്കുന്നതിനാണ് പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്.

ലഹരിയുടെ പിടിയിലായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രശ്നങ്ങൾ തുറന്നു പറയാനും ആവശ്യമായ സഹായവും മാർഗനിർദേശവും തേടാനും കഴിയുന്ന തരത്തിൽ ‘തൂഫാൻ ആപ്പ്’ ആരംഭിക്കാനും പദ്ധതിയുണ്ട്. അമൃത യൂണിവേഴ്സിറ്റിയുടെ ഐ.ടി. വിഭാഗമാണ് ആപ്പിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.

ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായം തേടാനുള്ള സൗകര്യം കൂടുതൽ എളുപ്പവും സ്വകാര്യതയോടെയും ലഭ്യമാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് വിതരണ ശൃംഖലകൾ തകർക്കുന്നതിനൊപ്പം ലഹരിയുടെ ആവശ്യകത കുറയ്ക്കുന്നതിലേക്കും ഓപ്പറേഷൻ തൂഫാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബോധവത്കരണം, ചികിത്സ, പുനരധിവാസം, സാമൂഹിക ഇടപെടൽ എന്നിവ ശക്തിപ്പെടുത്തി ലഹരി ഉപയോഗത്തിലേക്ക് പുതുതായി ആളുകൾ എത്തുന്നത് തടയുകയാണ് രണ്ടാംഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പ്രധാനമായും വിതരണക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ ഇപ്പോൾ വിതരണക്കാരിൽ നിന്ന് മയക്കുമരുന്നിന്റെ യഥാർഥ ഉറവിടങ്ങളിലേക്കും വലിയ ശൃംഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം പ്രവർത്തിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് പ്രത്യേക യൂണിറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്.

ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി., രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ എന്നിവർക്കൊപ്പം സി.പി.ഒ., എസ്.സി.പി.ഒ. റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രത്യേക പൊലീസ് സംഘമുണ്ടാകും. ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകളിൽ കൂടുതൽ ശാസ്ത്രീയവും കേന്ദ്രീകൃതവും ഏകോപിതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം.

മയക്കുമരുന്ന് എത്തിക്കുന്നവരെയും പ്രാദേശിക വിതരണക്കാരെയും മാത്രം പിടികൂടുന്നതിന് പകരം ശൃംഖലയുടെ പിന്നിലെ പ്രധാന കണ്ണികൾ, സാമ്പത്തിക സഹായം നൽകുന്നവർ, മയക്കുമരുന്നിന്റെ ഉറവിടങ്ങൾ, അന്തർസംസ്ഥാന ബന്ധങ്ങൾ എന്നിവ കണ്ടെത്തുന്നതിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

മലപ്പുറത്തെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിർണായക പുരോഗതിയുണ്ടായതായി മന്ത്രി അറിയിച്ചു. കേസിലെ പ്രധാനപ്പെട്ട നാല് കണ്ണികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തി പിടികൂടിയത്.

കേസിൽ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങുന്നതിനും കടത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരും. ലഹരിക്കടത്തിന്റെ സാമ്പത്തിക ശൃംഖല കണ്ടെത്തി അതിനെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.

ലഹരിമരുന്നുകളുടെ ലഭ്യത കുറയ്ക്കുന്നതിനൊപ്പം അവയ്ക്കുള്ള ആവശ്യകതയും കുറയ്ക്കുന്ന ഇരട്ട സമീപനമാണ് ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിൽ സ്വീകരിക്കുന്നത്. പൊലീസ് നടപടി, പ്രാദേശിക ജനപങ്കാളിത്തം, ആരോഗ്യപരിചരണം, കൗൺസലിങ്, പുനരധിവാസം, സാങ്കേതിക സഹായം എന്നിവയെ ഒരേ സംവിധാനത്തിന് കീഴിൽ ഏകോപിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ വാർഡ് തലത്തിലേക്ക് എത്തിക്കുകയാണ് പുതിയ ഘട്ടത്തിന്റെ ലക്ഷ്യം.

Leave a Comment

More News