ഒറ്റ റോക്കറ്റിൽ ഒമ്പത് ഉപഗ്രഹങ്ങൾ; ‘ഡിറ്റിംഗ്-01’ A, B, C ഉപഗ്രഹങ്ങൾ ചൈനയുടെ ആദ്യ വാണിജ്യ ത്രി-സാറ്റലൈറ്റ് ബഹിരാകാശ റേഡിയോ-ഫ്രീക്വൻസി നിരീക്ഷണ സംവിധാനത്തിന്റെ തുടക്കം

ഭൂമിയിൽ നിന്നുയരുന്ന റേഡിയോ, ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകളുടെ ഉറവിടം ബഹിരാകാശത്തുനിന്ന് കണ്ടെത്തുന്നതിനുള്ള ശേഷി വർധിപ്പിച്ച് ചൈന. ‘ഡിറ്റിംഗ്-01’ (Diting-01) എന്ന പേരിലുള്ള A, B, C എന്നീ മൂന്ന് ഉപഗ്രഹങ്ങളെയാണ് ചൈന ഭ്രമണപഥത്തിലെത്തിച്ചത്. വിശാലമായ പ്രദേശങ്ങളിലെ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം നിരീക്ഷിക്കാനും റേഡിയോ വികിരണങ്ങളുടെ ഉറവിടം വേഗത്തിലും കൃത്യതയോടെയും കണ്ടെത്താനുമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സെപ്റ്റംബർ 20ന് ബെയ്ജിംഗ് സമയം ഉച്ചയ്ക്ക് 12.03നായിരുന്നു വിക്ഷേപണം. ലിജിയാൻ-1 Y18 (Kinetica-1) റോക്കറ്റ് ഉപയോഗിച്ചുള്ള ദൗത്യത്തിൽ ഡിറ്റിങ്-01 A/B/C ഉൾപ്പെടെ ആകെ ഒമ്പത് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ക്വിൻലിങ്-01, ക്വിൻലിങ്-02, പുജിയാങ്-4, പെങ്ചെങ് ഉപഗ്രഹം, ചാവോഴിസുവാൻ-1, യുൻഷിയാവോ പാത്ത്ഫൈൻഡർ തുടങ്ങിയവയും ദൗത്യത്തിന്റെ ഭാഗമായിരുന്നു. എല്ലാ ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തിലെത്തിയതായി അധികൃതർ പറഞ്ഞു.
‘ഡിറ്റിംഗ്’ എന്ന പേര് ചൈനീസ് പുരാണ കഥകളിലെ അതിശക്തമായ ശ്രവണശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക ജീവിയിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. കേൾവിയിലൂടെ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ജീവിയെന്ന സങ്കൽപ്പമാണ് ബഹിരാകാശത്തുനിന്ന് റേഡിയോ സിഗ്നലുകൾ തിരിച്ചറിയുന്ന പുതിയ ഉപഗ്രഹങ്ങൾക്ക് ഈ പേര് നൽകാൻ കാരണമായത്.
ഡിറ്റിംഗ് ഉപഗ്രഹങ്ങളുടെ പ്രധാന ദൗത്യം ചിത്രങ്ങളെടുക്കുകയല്ല; പകരം ഭൂമിയിൽ നിന്നുള്ള റേഡിയോ-ഫ്രീക്വൻസി വികിരണങ്ങൾ കണ്ടെത്തുകയാണ്. മൂന്ന് ഉപഗ്രഹങ്ങൾ കൂട്ടമായി പ്രവർത്തിക്കുന്നതിലൂടെ വിശാലമായ പ്രദേശത്തെ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം നിരീക്ഷിക്കാനും ഒരു റേഡിയോ വികിരണത്തിന്റെ ഉറവിടം എവിടെയാണെന്ന് വേഗത്തിൽ നിർണയിക്കാനും കഴിയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത്തരം സാങ്കേതികവിദ്യയ്ക്ക് സിവിലിയൻ മേഖലകൾക്കൊപ്പം സുരക്ഷാ-സൈനിക പ്രാധാന്യവുമുണ്ട്. കപ്പലുകളുടെ റഡാർ വികിരണങ്ങൾ, വിവിധ ആശയവിനിമയ സംവിധാനങ്ങൾ, ഇലക്ട്രോണിക് ജാമറുകൾ തുടങ്ങിയ റേഡിയോ-ഫ്രീക്വൻസി ഉറവിടങ്ങളെ കണ്ടെത്തുന്നതിന് ബഹിരാകാശ അധിഷ്ഠിത RF നിരീക്ഷണം ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രത്യേക സൈനിക ലക്ഷ്യങ്ങളെ കണ്ടെത്താനുള്ള എല്ലാ ശേഷികളും ചൈന ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
സാധാരണ കപ്പലുകൾ തങ്ങളുടെ സ്ഥാനം, തിരിച്ചറിയൽ വിവരങ്ങൾ തുടങ്ങിയവ കൈമാറാൻ Automatic Identification System (AIS) ഉപയോഗിക്കുന്നു. എന്നാൽ ഒരു കപ്പൽ AIS ഓഫ് ചെയ്താലും അതിൽ പ്രവർത്തിക്കുന്ന റഡാർ പോലുള്ള സംവിധാനങ്ങൾ റേഡിയോ വികിരണങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ, ബഹിരാകാശ RF നിരീക്ഷണ സംവിധാനങ്ങൾക്ക് അത്തരം വികിരണങ്ങൾ കണ്ടെത്താനുള്ള സാധ്യതയുണ്ട്. അതിനാൽ സമുദ്രനിരീക്ഷണം, ഇലക്ട്രോമാഗ്നറ്റിക് മാപ്പിങ് തുടങ്ങിയ മേഖലകളിൽ ഇത്തരം ഉപഗ്രഹങ്ങൾ ശ്രദ്ധേയമാകുന്നു. സൈനിക ഉപയോഗസാധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരൊറ്റ ഉപഗ്രഹം ഒരു സിഗ്നൽ കണ്ടെത്തുന്നതിനെക്കാൾ മൂന്ന് ഉപഗ്രഹങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നത് അതിന്റെ ഉറവിടം കൂടുതൽ കൃത്യമായി നിർണയിക്കാൻ സഹായിക്കും. ഡിറ്റിങ് സംവിധാനത്തിന്റെ പ്രത്യേകതയും ഇതാണ്. ചൈനയിൽ ആദ്യമായി മൂന്ന് ഉപഗ്രഹങ്ങളുടെ formation ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ RF ഡാറ്റ ശേഖരിക്കുന്ന സംവിധാനമാണിതെന്ന് വിവിധ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
ഡിറ്റിംഗ്-01 A/B/C ഉപഗ്രഹങ്ങളുടെ വികസനത്തിന് നേതൃത്വം നൽകിയത് Tianjin Xingkan Jiuzhou Technology ആണ്; Chang Guang Satellite Technology ഉപഗ്രഹങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയാണ്. ഡിറ്റിങ് കോൺസ്റ്റലേഷൻ രൂപകൽപ്പന ചെയ്ത് പ്രവർത്തിപ്പിക്കുന്നതും Tianjin Xingkan Jiuzhou Technology ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിലെ മൂന്ന് ഉപഗ്രഹങ്ങൾ പ്രധാനമായും ബഹിരാകാശ അധിഷ്ഠിത ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം നിരീക്ഷണ സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനും സ്ഥിരീകരണത്തിനുമാണ് ഉപയോഗിക്കുന്നതെന്ന് ദൗത്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പറയുന്നു.
ഭൂമിയിലെ റേഡിയോ നിരീക്ഷണ സ്റ്റേഷനുകൾക്ക് ഭൂമിശാസ്ത്രപരമായ പരിമിതികളുണ്ട്. മലനിരകൾ, സമുദ്രങ്ങൾ, ദൂരപ്രദേശങ്ങൾ എന്നിവ നിരീക്ഷണ പരിധിയെ ബാധിച്ചേക്കാം. എന്നാൽ താഴ്ന്ന ഭൂഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾ ഉപയോഗിച്ചാൽ വലിയ കര-സമുദ്ര മേഖലകളിലെ റേഡിയോ വികിരണങ്ങൾ നിരീക്ഷിക്കാനുള്ള സാധ്യത വർധിക്കും.
അതുകൊണ്ടുതന്നെ ഡിറ്റിംഗ്-01 ദൗത്യം ഒരു സാധാരണ ഉപഗ്രഹ വിക്ഷേപണത്തിനപ്പുറം ചൈനയുടെ വളർന്നുവരുന്ന ബഹിരാകാശ അധിഷ്ഠിത ഇലക്ട്രോമാഗ്നറ്റിക് നിരീക്ഷണ ശേഷിയുടെ പ്രധാന പരീക്ഷണമായി വിലയിരുത്തപ്പെടുന്നു. ആദ്യ മൂന്ന് ഉപഗ്രഹങ്ങളുടെ പ്രവർത്തനഫലവും ഭാവിയിലെ കോൺസ്റ്റലേഷൻ വികസനവും ഈ സംവിധാനത്തിന്റെ യഥാർത്ഥ ശേഷി എത്രത്തോളം വ്യാപിക്കുമെന്ന് വ്യക്തമാക്കും.
