രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പര തീര്‍ത്ത് മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം സമാപിച്ചു

സ്പൈക്ക് എസ്‌കേപ്പ് ആക്ടിന് മുന്നോടിയായി മാന്ത്രികന്‍ എം. എന്‍. പ്രിയദര്‍ശനെ മന്ത്രി ഷിബു ബേബി ജോണ്‍ കൈവിലങ്ങണിയിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ.ജിജി തോംസണ്‍ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച് സാഹസികതയും ഉദ്വേഗവും നിറഞ്ഞ രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പരയൊരുക്കി മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ഹാരി ഹൗഡിനിയുടെ നൂറാമത് ചരമ വാര്‍ഷികത്തില്‍ ഹൗഡിനിക്ക് പ്രണാമമര്‍പ്പിച്ച് ഇന്നലെ അരങ്ങേറിയ മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട്, സ്‌പൈക്ക് എസ്‌കേപ്പ് ആക്ട്, സാഹസിക പ്രകടനങ്ങള്‍ എന്നിവയാണ് ആഘോഷത്തിന് വേറിട്ട മാനം നല്‍കിയത്. നിരവധി കുന്തമുനകളില്‍ നിന്നും ഞൊടിയിടയില്‍ മാന്ത്രികന്‍ രക്ഷപ്പെട്ടും വെള്ളം നിറച്ച മില്‍ക് കാനില്‍ ചങ്ങലകളാല്‍ ബന്ധിതനായ മാന്ത്രികന്‍ പൂട്ടുകള്‍ ഭേദിച്ച് പുറത്തെത്തിയതും കാണികള്‍ക്ക് നവ്യാനുഭവമായി. പ്രശസ്ത കര്‍ണാടക മജീഷ്യന്‍ പ്രകാശ് ഹെമ്മാഡിയും മാജിക് പ്ലാനറ്റിലെ കലാകാരന്‍ എം.എന്‍ പ്രിയദര്‍ശനുമാണ് എസ്‌കേപ്പ് ആക്ടുകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ആയോധനകലാവിദഗ്ദ്ധന്‍ അഭീഷിന്റെ സാഹസിക പ്രകടനം കാണികളെ ഞെട്ടിച്ചു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സിമെന്റ് ബ്ലോക്കുകള്‍, ഹെല്‍മെറ്റ്, കരിക്കുകള്‍, തേങ്ങകള്‍ എന്നിവ കൈമുട്ട്, തല, കാല്‍മുട്ടുകള്‍ എന്നിവ കൊണ്ട് അടിച്ചുപൊട്ടിക്കുന്ന സാഹസികവിദ്യകള്‍ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കണ്ണുകെട്ടി ഹൈസ്പീഡില്‍ കറങ്ങിയ പെഡസ്റ്റല്‍ ഫാനിന്റെ ലീഫ് നാവുകൊണ്ട് തടുത്തതും കാണികളെ അമ്പരപ്പിച്ചു.

മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട് അവതരിപ്പിക്കുന്നതിനായി മാന്ത്രികന്‍ പ്രകാശ് ഹെമ്മാഡി ചങ്ങലകളാല്‍ ബന്ധിതനായി ക്യാനിനുള്ളിലേയ്ക്ക് പ്രവേശിച്ചപ്പോള്‍

വാര്‍ഷികാഘോഷവും ഹൗഡിനി അനുസ്മരണവും മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കലാപ്രപഞ്ചമാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്നും കുട്ടികളുടെ സര്‍ഗവാസനകള്‍ക്ക് ഇത്രയേറെ പ്രോത്സാഹനവും പിന്തുണയും മാത്രമല്ല അവര്‍ക്ക് അംഗീകാരവും നല്‍കുന്ന അതുല്യമായ ഒരിടമാണിതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ഡോ.ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി. സവിശേഷ പ്രകടനങ്ങള്‍ അവതരിപ്പിച്ച പ്രകാശ് ഹെമ്മാഡി, എം.വി പ്രിയദര്‍ശന്‍, അഭീഷ് ഡൊമിനിക് എന്നിവരെ അടൂര്‍ ഗോപാലകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും ഡയറക്ടര്‍ ഷൈല തോമസ് നന്ദിയും പറഞ്ഞു. ഹാരി ഹൗഡിനിയോടുള്ള ആദരസൂചകമായി 2026 മാര്‍ച്ച് മുതല്‍ മാജിക് പ്ലാനറ്റില്‍ രക്ഷപ്പെടല്‍ ജാലവിദ്യകള്‍ അവതരിപ്പിച്ചു വരികയാണ്.

ആയോധനകലാ വിദഗ്ദ്ധന്‍ അഭീഷ് ഡൊമിനിക് കൈമുട്ടുപയോഗിച്ച് കരിക്ക് പൊട്ടിക്കുന്നു

ഹാരി ഹൗഡിനി-വിസ്മയ ജീവിതം പ്രകാശനം ചെയ്തു
ഹാരി ഹൗഡിനിയുടെ മാന്ത്രിക ജീവിതത്തെക്കുറിച്ച് ഗോപിനാഥ് മുതുകാട് എഴുതിയ ഹാരി ഹൗഡിനി-വിസ്മയ ജീവിതം എന്ന പുസ്തകം ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. അസാധ്യമായ ബന്ധനങ്ങളില്‍നിന്നും പൂട്ടിയ അറകളില്‍നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് ലോകത്തെ വിസ്മയിപ്പിച്ച ഹാരി ഹൗഡിനിയുടെ ജീവിത യാത്രയാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഹൗഡിനിയുടെ ബാല്യകാലം, മാജിക്കിലേക്കുള്ള കടന്നുവരവ്, ലോകപ്രശസ്തമായ എസ്‌കേപ്പ് പ്രകടനങ്ങള്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍, ജാലവിദ്യാരംഗത്ത് സൃഷ്ടിച്ച സ്വാധീനം, അവസാനകാലം എന്നിവ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. കൂടാതെ ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങളും പുസ്തകത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗോപിനാഥ് മുതുകാട് എഴുതിയ ഹാരി ഹൗഡിനി വിസ്മയ ജീവിതം പുസ്തകം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. ഗോപിനാഥ് മുതുകാട്, ജിജിതോംസണ്‍, ഷൈലാ തോമസ് എന്നിവര്‍ സമീപം.

Leave a Comment

More News