ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി

തൃശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ, ജലച്ചായത്തെ കുറിച്ചു പഠിക്കാൻ തൃശൂരിലെത്തിയ തമിഴ് നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിലെ പി. എച്ച്. ഡി. റിസേർച്ചറും ഹൈദരാബാദ് സ്വദേശിയുമായ ധനുഞ്ജയ് തൃശൂരിൽ നടന്നു വരുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികവിലും വർണ്ണപ്പകിട്ടിലും ജനപങ്കാളിത്തത്തിലും ആശ്ചര്യം രേഖപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു വമ്പിച്ച മേള അസാധ്യമാണെന്നും ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിപുലമായ ഒരു സ്കൂൾ കലോത്സവ മേള ആദ്യമായാണ് കാണുന്നതെന്നും കുട്ടികളുടെ കലാപരമായ കാര്യങ്ങൾക്കു വേണ്ടി കേരളം കാണിക്കുന്ന ശുഷ്ക്കാന്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ സിനിമാ പഠനത്തിനാണ് ധനുഞ്ജയ് എത്തിയത്. അതിനിടയിൽ, തേക്കിൻകാട്ടിലും സമീപങ്ങളിലും ഉള്ള ഒട്ടുമിക്ക സ്റ്റേജുകൾ സന്ദർശിക്കുകയും കുട്ടികളുടെ കലാപരിപാടികൾ കാണുകയും ആസ്വദിക്കുകയും…