മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിയെ ലിബിയ മോചിപ്പിച്ചു

ട്രിപോളി (ലിബിയ) | മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിയെ ഏഴ് വർഷത്തെ തടവിന് ശേഷം ലിബിയൻ ട്രാൻസിഷണൽ സർക്കാർ വിട്ടയച്ചു.

മോചിപ്പിക്കപ്പെട്ട ശേഷം 47 കാരൻ ഉടൻ തന്നെ ഇസ്താംബൂളിലേക്ക് പോയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രി അബ്ദുൽഹമീദ് ദ്ബീബെ, മുൻ ആഭ്യന്തര മന്ത്രി ഫാത്തി ബഷാഗ എന്നിവരടങ്ങിയ ചർച്ചയാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്.

നാറ്റോ പിന്തുണയുള്ള പ്രക്ഷോഭത്തിനിടെ സാദി നൈജറിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ 2014 മാർച്ചിൽ നൈജര്‍ അഭയം നല്‍കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ലിബിയയ്ക്ക് കൈമാറുകയായിരുന്നു. അന്നത്തെ കലാപത്തിൽ അദ്ദേഹത്തിന്റെ പിതാവ് മുഅമ്മർ ഗദ്ദാഫി പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

2011 ൽ പ്രതിഷേധക്കാർക്കെതിരെ ചെയ്ത കുറ്റങ്ങൾക്കും 2005 ൽ ലിബിയൻ ഫുട്ബോൾ പരിശീലകൻ ബഷീർ അൽ റയാനിയെ കൊലപ്പെടുത്തിയതിനും സഅദിക്ക് എതിരെ കുറ്റം ചുമത്തിയിരുന്നു. 2018 ഏപ്രിലിൽ, അൽ-റയാനിയുടെ മരണവുമായി ബന്ധപ്പെട്ട കൊലപാതകത്തിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

2011 ലെ പ്രക്ഷോഭത്തിനുശേഷം ലിബിയയില്‍ വിഭാഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. എണ്ണ സമ്പന്ന രാജ്യമെന്ന് അറിയപ്പെടുന്ന ലിബിയയുടെ പടിഞ്ഞാറും കിഴക്കും എതിരാളികളായ സർക്കാരുകളാണ് ഭരിക്കുന്നത്. ഓരോന്നിനും സായുധ സംഘങ്ങളുടെയും വിവിധ വിദേശ സർക്കാരുകളുടെയും പിന്തുണയുണ്ട്.

2020 ലെ വെടിനിർത്തൽ വിഭാഗീയ പോരാട്ടം അവസാനിപ്പിക്കുകയും ഡിസംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ഈ വർഷം മാർച്ചിൽ സമാധാന ചർച്ചകൾക്കും ഒരു പരിവർത്തന സർക്കാർ രൂപീകരിക്കാനും വഴിയൊരുക്കി.

Print Friendly, PDF & Email

Leave a Comment

More News